തിരുവനന്തപുരം: ദീര്‍ഘകാലം വിവിധ ചുമതലകളില്‍ ബാലഗോകുലത്തോടൊപ്പമുണ്ടായിരുന്ന കവയിത്രിയാണ് സുഗത കുമാരി.
ശ്രീകൃഷ്ണ സങ്കല്പം ജനങ്ങളിലെത്തിക്കുന്നവര്ക്കായി ബാലഗോകുലം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമിപുരസ്ക്കാരം ആദ്യം ഏറ്റുവാങ്ങിയതും ടീച്ചറായിരുന്നു, ഗോകുലപാഠങ്ങളുടെ സംഗ്രഹരൂപമായി ത്രിമധുരം എന്ന വിശിഷ്ടഗ്രന്ഥം സമ്മാനിച്ച മലയാളത്തിന്റെ എഴുത്തമ്മയായ സുഗത ടീച്ചര്‍ തന്നെ. സുഗത കുമാരി. ടീച്ചര്‍ എങ്ങനെയാണ് ബാലഗോകുലത്തില്‍ എത്തിയതെന്ന് ആദ്യകാല ബാലഗോകുലം പ്രവര്‍ത്തകനും കലാകാരനുമായ എം എല്‍ രമേശ് വിവരിക്കുന്നു.
‘1979ല്‍ ആണ് തിരുവനന്തപുരത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിന ആഘോഷത്തിന് ഒരു സ്വാഗതസംഘം രൂപീകരിച്ചത്. അതിനു വേണ്ടിയായിരുന്നു സുഗതകുമാരി ടീച്ചറെ ആദ്യമായി പരിചയപ്പെടുന്നത്. കുര്യാത്തിയിലെ പ്രേമന് ചേട്ടനാണ് എന്നെ കൂട്ടിക്കൊണ്ടു പോയത്. അതിനോട് അനുബന്ധിച്ച് ഒരു കവിയരങ്ങ് നടത്തുവാന്‍ അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ അതും തീരുമാനമായി. ശ്രീ വിഷ്ണുനാരായണന്‍ നമ്പൂതിരി, ശ്രീ എം.പി. അപ്പന് തുടങ്ങി തലസ്ഥാനത്തെ മിക്ക കവികളെയും ബന്ധപ്പെടുവാനുള്ള അവസരം കിട്ടി. വി.ജെ.ടി. ഹാളില്‍ വെച്ചായിരുന്നു കവി സമ്മേളനം നടന്നത്.
അത് മുതല്‍ ഞാന്‍ സുഗതകുമാരി ടീച്ചറിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി. ബാലഗോകുലത്തിനോട് അവര്‍ കാണിച്ച താത്പര്യം വളരെ വലുതായിരുന്നു. ധാരാളം നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു.
തിരുവനന്തപുരം ജില്ലയുടെ ആദ്യത്തെ രക്ഷാധികാരിയായി മാറി ടീച്ചര്‍. വഞ്ചിയൂരിലെ ബാലഗോകുലത്തില്‍ ടീച്ചറുടെ സന്ദര്‍ശനം ഏര്‍പ്പാട് ചെയ്തു. എന്റെ കൂടെ ആ ഗോകുലത്തില്‍ വന്നു കുട്ടികളുമായി സംസാരിച്ചു.
ബാലഗോകുലത്തിന്റെ ആദ്യത്തെ പാഠ്യപദ്ധതിയുടെ യോഗം സുഗതകുമാരി ടീച്ചറിന്റെ വീട്ടില്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. എംഎ സാറും ശ്രീധരന് മാഷും അടങ്ങുന്ന ഒരു യോഗം ടീച്ചറിന്റെ വീട്ടില്‍ നടന്നു. അന്ന് എല്ലാര്ക്കും ഊണ് കൊടുത്താണ് വിട്ടത്.
ത്രിമധുരം എന്ന ഒരു പുസ്തകം ബാലഗോകുലത്തിനു വേണ്ടി ടീച്ചര്‍ തയ്യറാക്കി തരികയും ചെയ്തു.
അങ്ങനെ ബാലഗോകുലം വഴി സംഘമായിട്ടും ടീച്ചര്‍ അടുത്ത് വന്നു.
ഇത്ര കൃഷ്ണ ഭക്തി നിറഞ്ഞ, പ്രകൃതിയെ സ്നേഹിച്ച, ഒരു മരം മുറിയുമ്പോള്‍ നെഞ്ചുപൊട്ടി കരയുന്ന മറ്റൊരാള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. ആ മാതൃസഹജമായ വാത്സല്യം ഇനി അനുഭവിക്കാന്‍ പറ്റില്ലല്ലോ.
ആ പക്ഷി ഇനി തിരിച്ചു വരാത്ത വണ്ണം പറന്നകന്നു. ദൂരെ ഇങ്ങിരുന്നു കണ്ണീര് പൊഴിക്കാനെ സാധിക്കുകയുള്ളൂ. ആ ആത്മാവിനു എന്റെ ആത്മപ്രണാമം.
‘ഇനി ഈ മനസ്സില്‍ കവിതയില്ല
മണമില്ല മധുവില്ല മധുരമില്ല . . .’
എം എല്‍ രമേശ് ഫേസ് ബുക്ക് പോസ്റ്റില്‍ അനുസ്മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: