ന്യൂദല്‍ഹി: ആറു സംസ്ഥാനങ്ങളിലെ മൂന്നു കോടി കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സംവദിക്കുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ നാളെയാണ് പരിപാടി. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷക സമൂഹത്തിന് വേണ്ടി നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളെപ്പറ്റിയും പിഎം കിസാന്‍ പദ്ധതിയുടെ നേട്ടങ്ങളെപ്പറ്റിയും പ്രധാനമന്ത്രി കര്‍ഷകരോട് വിശദീകരിക്കും.
പിഎം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ ഒമ്പത് കോടി കര്‍ഷകര്‍ക്ക് 18,000 കോടി രൂപയും പ്രധാനമന്ത്രി ചടങ്ങില്‍ കൈമാറും. രണ്ടായിരം രൂപ വീതമാണ് ഓരോ കര്‍ഷകര്‍ക്കും അവരുടെ അക്കൗണ്ടില്‍ ലഭിക്കുന്നത്. പദ്ധതി വഴി ഒന്നര വര്‍ഷത്തിനുള്ളില്‍ അഞ്ചു തവണയായി പതിനായിരം രൂപ വീതം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ കര്‍ഷക സംവാദത്തില്‍ ഇതുവരെ രണ്ടു കോടിയിലധികം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതി വഴി കഴിഞ്ഞ എട്ടുമാസം കൊണ്ട് ഒരു ലക്ഷം കോടി രൂപയാണ് കര്‍ഷകര്‍ക്ക് കൈമാറിയത്, തോമര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: