ആറന്മുള എന്റെ ദേശമാണ്. ഞാന്‍ ആറന്മുളയുടെ മകളാണ്. എന്റെ ജീവന്റെ തുടിപ്പും, കാവുകളും കുളങ്ങളും, എന്റെ ആത്മാവും ആറന്മുളയിലാണ്. ഞാനെവിടെയായിരിക്കുമ്പോഴും ആറന്മുളയും തിരുവാറന്മുളയപ്പനും പമ്പാനദിയുമെല്ലാം എന്റെ ഒപ്പമുണ്ട്. കാടിന്റെ ഹൃത്തിലും കടമ്പിന്റെ ചോട്ടിലും നിന്ന് ശ്രീകൃഷ്ണന് ഓടക്കുഴല്‍ വിളിക്കുന്നു. ആറന്മുളയിലെ വാഴുവേലില്‍ എന്ന എന്റെ തറവാട്ടുമുറ്റത്തും കൃഷ്ണനുണ്ട്, തിരുവാറന്മുളയപ്പന്. നാടിനെക്കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് ആദ്യമെത്തുന്നതും പാര്‍ത്ഥസാരഥി ക്ഷേത്രമാണ്. എന്റെ കുടുംബാംഗം തന്നെയാണ് തിരുവാറന്മുളയപ്പന്.
കുരുക്ഷേത്ര യുദ്ധത്തില്‍ ഭീഷ്മബാണങ്ങളേറ്റ് മെയ്യുപിളര്ന്ന കൂട്ടുകാരനെ കണ്ട് പ്രതിജ്ഞമറന്ന് ചക്രമെടുത്തുകൊണ്ടു കുതിച്ച പാര്ത്ഥസാരഥിയാണവിടെ കുടികൊള്ളുന്നത്. പമ്പാതീരത്തെ അതിമനോഹരമായ ക്ഷേത്രം. തിടമ്പേറ്റിയ ഗജരാജന്‍ ആയാസമന്യേ ഇറങ്ങിവരാവുന്ന വീതിയുള്ള പതിനെട്ടു കല്പ്പടികള്ക്കുമുകളില് ഒരു വലിയ കുന്നിനുമുകളിലാണ് ലക്ഷണമൊത്ത ആ വിഷ്ണുക്ഷേത്രം. ഭക്തനുവേണ്ടി സ്വയം മറക്കുന്ന ഭഗവാനാണ് തിരുവാറന്മുളയപ്പന്.
അമ്പലത്തിന്റെ കിഴക്കേ നടയിലാണ് വാഴുവേലില്‍ എന്ന ഞങ്ങളുടെ പഴയ പഴയ വീട്. ഇതിലും പഴയൊരു വീട് തിരുവിതാംകൂറില്‍ അവശേഷിച്ചിട്ടുണ്ടോ എന്നു സംശയമാണ്. എന്റെ അമ്മ കൊച്ചുതോര്ത്തുമുണ്ടു മാത്രമുടുത്ത് കുഞ്ഞിതലമുടി ഉച്ചിയില്‍ കെട്ടിവച്ച് കഴുത്തില്‍ കറുത്ത ചരടില്‍ കോര്‍ത്ത കുഴവച്ച കാല്പവനും കെട്ടി ഇലക്കുമ്പിളില്‍ തുളസിയിലകളും തെച്ചിപ്പൂക്കളും ഒക്കെയായി അമ്പലത്തില്‍ പോകാന്‍ ഒരുങ്ങി നിന്നിരുന്നത് ഈ മുറ്റത്താണ്. ആ കുട്ടി പിന്നീട് വളര്‍ന്ന് ആറന്മുളയിലെ ആദ്യത്തെ എംഎ ബിരുദധാരിണിയായപ്പോള് ആറന്മുളക്കാര് അനുമോദന യോഗം നടത്തിയത്രേ. വി. കെ. കാര്‍ത്യായിനിയമ്മ, മദ്രാസില്‍ പോയി സംസ്കൃതം പഠിച്ചുവന്ന ആ നാട്ടിന്പുറത്തുകാരി, തിരുവനന്തപുരത്ത് സംസ്കൃതകോളേജില്‍ സംസ്കൃതം പ്രൊഫസറായി ഏറെക്കാലം ജോലി ചെയ്തു. എന്റെ അമ്മയിലൂടെയാണ് ഞാന്‍ ആറന്മുളക്കാരിയായത്. ആറന്മുളയെക്കാണുന്നതും സ്നേഹിക്കുന്നതും അമ്മയിലൂടെ തന്നെയാണ്. അമ്മയുടെ ചിതാഭസ്മം പമ്പയില്‍ ഒഴുകി ചേര്‍ന്നതുപോലെ ഒരു നാള് എന്റെ ചാമ്പലും പമ്പയില്‍ ചേരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഓലമേഞ്ഞ ഇരുണ്ട താണ മുറികള്‍. നടുവില്‍ ലക്ഷണമൊത്ത അറ. കൂറ്റന്‍ നിലവറ. വവ്വാലിന്റെ പടപടപ്പ്. ചാണകം മെഴുകി മിനുക്കിയ നിലവും ചുറ്റുവരാന്തയും. ഇങ്ങനെയുള്ള പ്രധാനഗൃഹവും ഒരു അടുക്കളപ്പുരയും പശുക്കള്‍ വൈകുന്നേരം മാത്രം മേയല്‍ നിര്‍ത്തി വന്നുകയറുന്ന വലിയ തൊഴുത്തും. അമ്മാവന്മാരും നാട്ടുകാരുമൊക്കെ സംസാരിച്ചിരിക്കുന്ന രണ്ടു ചാവടിമുറികളും വരാന്തയും. വലിയ തറവാട് പിന്നീട് ഇങ്ങനെയായതാണ്. തറവാടിനെ കുറിച്ചുള്ള എന്റെ ചെറുപ്പത്തിലെ ഓര്‍മ്മയിലെ ചിത്രം ഇതാണ്. ഞങ്ങള്‍ കുട്ടികള്‍ക്ക് ഇതൊക്കെത്തന്നെ ധാരാളം. പട്ടണത്തില്‍ നിന്നു വരുന്ന ഞങ്ങള്‍ക്ക് ഈ വവ്വാല് ചിറകടികളും ഇരുളും സര്‍പ്പക്കാവിന്റെ ഭീകരനിഗുഢതയും എല്ലാം രസമായി. എന്റെ ചേച്ചിയോടും കൂട്ടുകാരോടുമൊപ്പമുള്ള പമ്പയാറ്റിലെ തകര്‍പ്പന്‍ കുളി. ഈറനോടെയുള്ള അമ്പലത്തില്‍പ്പോക്ക്. പതിനെട്ടാംപടി കയറിച്ചെന്ന് പൊന്നും കൊടിമരച്ചോട്ടില്‍ നിന്നു സൂര്യനെ നോക്കി തൊഴുത് അവിടെ ചിതറിക്കിടക്കുന്ന മഞ്ചാടി മണികള്‍ കയ്യിലൊതുക്കി ഉള്ളില്‍ കടന്ന് ചന്ദനച്ചാര്ത്തണിഞ്ഞ തിരുമുഖം കണ്ടു കണ്‍കുളിര്‍ത്ത് പ്രസാദം വാങ്ങും. പിന്നെ പറമ്പിലും തൊടിയിലും പാമ്പിന്കാവിനരുകിലും വയല്‍ വരമ്പിലുമൊക്കെ കളിച്ച് നടക്കും. രാത്രി മുതിര്‍ന്നവര്‍ക്കൊപ്പം അക്ഷര ശ്ലോകം ചൊല്ലാന്‍ കൂടും.
വെളുപ്പാന്‍ കാലത്ത് അമ്പലത്തില്‍ പള്ളിയുണര്‍ത്തുന്ന ശംഖനാദവും വാദ്യമേളങ്ങളും കേട്ടാണ് ഉണരുക. ഉമ്മറത്ത് അപ്പോഴേക്ക് വിളക്ക് വച്ചിട്ടുണ്ടാകും. ‘നരകവൈരിയാം അരവിന്ദാക്ഷന്റെ ചെറിയനാളത്തെ കളികളെപ്പറ്റി..’ നാമകീര്‍ത്തനങ്ങള്‍ വീടുകളില്‍ നിന്നുയരും. തൊടിയിലും കാവിലുമെല്ലാം കിളിയൊച്ചകളുയരും. ഞങ്ങളുടെ വീട്ടിലെ കാര്യം മാത്രമല്ല, ആറന്മുളക്കാരെല്ലാം ഇങ്ങനെയാണ്… എല്ലാം ആറന്മുളയപ്പനൊപ്പം.
അന്ന് സര്‍പ്പക്കാവു നിറയെ കൂറ്റന്‍ മരങ്ങളുണ്ടായിരുന്നു. മരത്തില്‍ കെട്ടിപ്പിണയുന്ന ഊഞ്ഞാല് വള്ളി. പാലപ്പൂക്കളും ഇലഞ്ഞിപ്പൂക്കളും കാവിനുപുറത്തെ പുല്‍പ്പരപ്പില്‍ ചിതറികിടക്കും. അവ പെറുക്കിയെടുത്ത് മാലകോര്‍ക്കും. കഴുത്തിലും തലമുടിയിലുമെല്ലാം ഇലഞ്ഞിപ്പൂമാല ചാര്‍ത്തി, ഈര്‍ക്കിലില്‍ ഇലഞ്ഞിപ്പൂക്കള്‍ കോര്‍ത്ത് വളച്ചുകെട്ടി വളകളുണ്ടാക്കി കയ്യിലണിഞ്ഞ് ശകുന്തള ചമഞ്ഞു നടക്കുന്നതായിരുന്നു എന്റെ വിനോദം.
തറവാട്ടില്‍ അന്ന് നാല് അമ്മമാരുണ്ട്. അവരില്‍ ഒരാളുടെ മകളാണ് എന്റെ അമ്മ. രണ്ട് സഹോദരന്മാരുടെ ഒരേ പെങ്ങള്. അമ്മയ്ക്ക് ഞങ്ങള്‍ രണ്ട് പെണ്മക്കള്. ഹൃദയകുമാരി എന്ന എന്റെ ചേച്ചിയും ഞാനും. വലിയ കാലവിടവിനുശേഷമാണ് അമ്മയ്ക്ക് മൂന്നാമത്തെ പെണ്‍കുഞ്ഞുണ്ടായത്. അതായിരുന്നു ഞങ്ങളുടെ കുഞ്ഞനുജത്തി സുജാത. ഇന്നിപ്പോള്‍ ഞാന്‍ മാത്രമായി. ചേച്ചിയും കുഞ്ഞനുജത്തിയും പോയി.
ആറന്മുളയിലെത്തിയാല്‍ നല്ല ഭക്ഷണം കഴിക്കാമെന്നതായിരുന്നു മറ്റൊരു പ്രത്യേകത. നാട്ടിന്‍പുറത്തിന്റെ രുചികള്‍ പട്ടണത്തിലുള്ളവര്‍ക്ക് എന്നും പ്രത്യേകതയുള്ളതാണ്. പിഞ്ചുമുരിങ്ങക്കയും മുരിങ്ങയിലയും മുരിങ്ങപ്പൂവും ചേര്‍ത്ത് തേങ്ങാചതച്ചിട്ട തോരനും നിലവറയിലെ വായമൂടിക്കെട്ടിയ കൂറ്റന്‍ ഭരണിയില്‍ നിന്ന് ശുദ്ധമായി ഉരിയാടാതെ ഒരാള്‍ക്കുമാത്രം എടുക്കാന്‍ അനുവാദമുള്ള കണ്ണിമാങ്ങയും പതിയന്‍ ശര്‍ക്കരയുമൊക്കെ ഇപ്പോഴും നാവില്‍ കൊതി നിറയ്ക്കുന്നുണ്ട്. ആറന്മുളയിലെ ഭക്ഷണത്തിനെല്ലാം പ്രത്യേക രുചിക്കൂട്ടുണ്ട്. അത് മറ്റൊരിടത്തും കിട്ടില്ല. വീട്ടില്‍ പുഴുങ്ങിക്കുത്തിയ ചൂടുചെമ്പാവരിച്ചോറ് തിളങ്ങുന്ന ഓട്ടുതാമ്പാളത്തില് വിളമ്പിത്തരും. അമ്മമാരുടെ കൈകൊണ്ടുതന്നെ പശുവിനെ കറന്നുകാച്ചിയ പാല് ഉറയൊഴിച്ച് കടഞ്ഞെടുത്ത് ചന്ദന നിറമുള്ള വെണ്ണയുരുള ചൂടുചോറില്‍ സ്നേഹത്തോടെ വെച്ചുതരുന്നത് ഇപ്പോഴും മറക്കാനാകുന്നില്ല. ചക്കക്കാലത്ത് എല്ലാം ചക്കമയമാണ്. ചക്കപ്പുഴുക്കും കരിമുള്ളു ചെത്തിമാറ്റിയ ചക്കമടല്ക്കഷണമിട്ട പുളിങ്കറിയും ചക്ക എരിശ്ശേരിയും പിന്നെ ചക്കയുപ്പേരിയും ചക്കപ്പഴവും ചക്കവരട്ടിയതും ചക്കപ്രഥമനും….
ഏകാദശിക്ക് കുട്ടികള്‍ക്ക് ഗോതമ്പ് ഓട്ടടയും തേങ്ങയും ശര്‍ക്കരയും ചുരണ്ടിയിട്ട പുഴുങ്ങിയ ചെറുപയറും കരിക്കും കിട്ടും. വാഴുവേലിലിലെ കാര്ത്ത്യായനികുഞ്ഞും മക്കളും തിരുവനന്തപുരത്തൂന്ന് എത്തിയാല്‍ പച്ചക്കറികളും അവലും കരിമ്പും മുറവുമായി പണിക്കന്മാര് മലയിറങ്ങിയെത്തും. പിന്നെ രുചിയുള്ള ഭക്ഷണക്കൂട്ടിന്റെ ഉത്സവമാണ്. അന്നു കഴിച്ച സുഗന്ധമുള്ള തെരളിയുടെ രുചിയും മണവും ഒരുകാലത്തും വിട്ടു പോകുകയേയില്ല.
എന്റെ ആറന്മുളയെ കുറിച്ച് എത്ര പറഞ്ഞാലും തീരാത്ത ഓര്‍മ്മകളുണ്ട്. എന്നും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണതെല്ലാം. ഏറ്റവുമൊടുവില്‍ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചുവക്കാന്‍ ആറന്മുളയുടെ സംസ്കാരവും പൈതൃകവും നിലനിര്‍ത്താനായി നടത്തിയ ഐതിഹാസിക സമരവുമുണ്ട്. വിജയിച്ച സമരങ്ങളുടെ പട്ടികയില്‍ ആറന്മുളയും.
(ആ പഴയവീട് ഇന്നുമുണ്ട്. ആറന്മുള കിഴക്കേനടയിലെ വാഴുവേലില്‍ തറവാട് തനത് രീതിയില്‍ത്തന്നെ സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രമാക്കിയിരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയനും, എഴുത്തുകാരനുമായ ബോധേശ്വരന്റെയും സംസ്കൃത പണ്ഡിതയായ കാര്‍ത്യായനിയമ്മയുടെയും അധ്യാപികയും കവയിത്രിയും പോരാളിയുമായ സുഗതകുമാരിയും വിദ്യാഭ്യാസ വിചക്ഷണയും എഴുത്തുകാരിയുമായ ഹൃദയകുമാരിയും എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുജാതയും ജീവിച്ച ആ വീട് ആറന്മുളയുടെ പൈതൃകം വിളിച്ചറിയിക്കുന്നു.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: