തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനല്‍കുമാറിന്റേതാണ് വിധി. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കൊലപാതകം, തെളിവുനശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ തോമസ് കോട്ടൂരിനെതിരേയും കൊലപാതകവും തെളിവ് നശിപ്പിക്കലും സിസ്റ്റര്‍ സെഫിക്കെതിരേയും തെളിഞ്ഞിരുന്നു.
നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. അഭയയെ കോട്ടയം നഗരമധ്യത്തിലെ പയസ് ടെന്ത് കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 92 മാര്‍ച്ച് 27 മുതല്‍ തുടങ്ങിയതാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം. തെളിവുകള്‍ നശിപ്പിച്ചു, അഭയയ്ക്കും കുടുംബത്തിനും ഭ്രാന്തുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചു. അഭയയെ ചങ്ങലക്കിടേണ്ട തരത്തില്‍ മനോരോഗമുണ്ടെന്നാണ് അന്ന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും പറഞ്ഞു നടന്നത്. അന്ന് പോലീസ് എടുപ്പിച്ച 10 ഫോട്ടോകളില്‍ നിര്‍ണായകമായ നാലെണ്ണം കത്തിച്ചു കളഞ്ഞു. അന്ന് കിണറ്റില്‍നിന്നും പരിസരത്തു നിന്നും ലഭിച്ച തെളിവുകളും നശിപ്പിച്ചു. അടുക്കള വാതിലില്‍ കുടുങ്ങിക്കിടന്ന ശിരോവസ്ത്രം, വെള്ളമെടുത്ത പല്‍സ്റ്റിക് കുപ്പി, അടുക്കളയിലും കിണറ്റിനരികിലുമായി കിടന്ന ചെരിപ്പുകള്‍, ഡയറി എന്നിവയെല്ലാം ക്രൈംബ്രാഞ്ച് കത്തിച്ചു കളഞ്ഞു.
പോലീസില്‍ നിന്ന് 17 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഒന്‍പതു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ അഭയ ‘ജീവനൊടുക്കിയതാണെന്നാണ്’ കണ്ടെത്തിയത്. രാഷ്ട്രീയ സ്വാധീനമാണ് അന്ന് അന്വേഷണത്തിന് തടസ്സമായത്.
ക്രൈംബ്രാഞ്ച് ആത്മഹത്യയാക്കി ചിത്രീകരിച്ച കേസ് പിന്നീട് മൂന്നു തവണയാണ് സിബിഐ സംഘങ്ങള്‍ അന്വേഷിച്ചത്. കൂടുതല്‍ തെളിവില്ലെന്നു പറഞ്ഞ് അന്വേഷണ സംഘങ്ങള്‍ കേസ് പൂട്ടിക്കെട്ടാന്‍ ശ്രമിച്ചപ്പോഴൊക്കെ കോടതി ഇടപെട്ടു. ശാസ്ത്രീയമായി അന്വേഷിക്കാന്‍ ഉത്തരവിട്ടു. കാലമിത്ര കടന്നതിനാല്‍ പ്രതികളെ കണ്ടെത്താനായില്ലെന്നാണ് ഒരു സിബിഐ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതും കോടതി തള്ളി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടു.
ചെറു മോഷണങ്ങള്‍ നടത്തി വന്ന അടയ്ക്കാ രാജു ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും സംഭവ ദിവസം രാത്രിയില്‍ കണ്ടിരുന്നു. പിന്നീട് ഇയാളുടെ ഭാര്യയ്ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിയടക്കം വാഗ്ദാനം ചെയ്ത് കുറ്റം ഏറ്റെടുപ്പിക്കാനും ശ്രമം നടന്നു.
താന്‍ കന്യകയാണെന്ന് സ്ഥാപിക്കാനും അങ്ങനെ ഫാ. തോമസ് കോട്ടൂരുമായി ബന്ധമുണ്ടെന്ന വാദം പൊളിക്കാനും സിസ്റ്റര്‍ സെഫി വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ കന്യാചര്‍മം വച്ചുപിടിപ്പിക്കുകയും ചെയ്തു. അതും അന്വേഷണത്തില്‍ പുറത്തുവന്നു. കോടതി തന്നെയല്ലേ ദൈവമെന്ന് പലപ്പോഴും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു കേസിലെ കോടതിയുടെ ഇടപെടല്‍. പക്ഷേ അപ്പോഴെല്ലാം നിരപരാധിയായ സിസ്റ്റര്‍ അഭയയ്ക്കുവേണ്ടി ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: