ന്യൂദല്‍ഹി: സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തിന് സൈബര്‍ ആക്രമണം നേരിട്ട ബിജെപി അംഗങ്ങള്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. സംസ്കാരത്തിനൊപ്പം നിന്ന കാരണത്താല്‍ പോരാളി ഷാജിമാരാല്‍ ആക്രമിക്കപ്പെടുന്നതില്‍ അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് അദേഹം പറഞ്ഞു.
നിയമസഭയില്‍ കന്നഡയിലും തമിഴിലും സത്യപ്രതിജ്ഞ ചെയ്തപ്പോഴൊന്നും ഉയരാത്ത മലയാള ഭാഷാ സ്നേഹം ഇപ്പോള്‍ ഉയര്‍ന്നതിന് കാരണം സംസ്കൃതം പറഞ്ഞവര്‍ ബിജെപിക്കാരായത് കൊണ്ടാണെന്ന് മുരളീധരന് ആരോപിച്ചു. ഭരണഘടന അംഗീകരിക്കുന്ന ഏതുഭാഷയിലും സത്യപ്രതിജ്ഞ ചെയ്യാമെന്ന് അറിയാത്തവരല്ല ഇപ്പോള്‍ സംസ്കൃത ഭാഷയെയും അത് ഉപയോഗിച്ചവരെയും പുച്ഛിക്കുന്നവര്‍. സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍ ബിജെപി അംഗങ്ങള്‍ ആയതു കൊണ്ടാണ് നവമാധ്യമ സിംഹങ്ങളുടെ പരിഹാസക്കരച്ചില്‍. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് വേട്ടയാടപ്പെടുന്നവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും മുരളീധരന് പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരായി അറിയപ്പെടുന്നവര്‍ അവരുടെ ബിജെപി വിരോധം തീര്‍ക്കാന്‍ സംസ്കൃതത്തെ അപഹസിച്ച് നവ മാധ്യമങ്ങളില്‍ എഴുതുകയാണ്. ഇത്തരം നിലപാടുകള്‍ മാധ്യമ സ്ഥാപനങ്ങള്‍ നേരോടെ മുന്നോട്ടുവയ്ക്കുന്ന നിലപാട് അതു തന്നെയാണോയെന്ന് മുരളീധരന് ചോദിച്ചു.
ഭാരതീയ സംസ്കാരത്തിന്റെ ഇന്നും നിലയ്ക്കാത്ത തുടര്‍ച്ചയാണ് സംസ്കൃതഭാഷ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് സംസ്കൃതത്തെയും , സത്യപ്രതിജ്ഞയ്ക്ക് അത് ഉപയോഗിച്ചവരെയും ,പരിഹസിച്ച് ഇല്ലാതാക്കാന്‍ അടുപ്പില്‍ കയറ്റിയ വെള്ളമങ്ങ് വാങ്ങുന്നതാണ് നല്ലതെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: