മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി, ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡിനൊപ്പം. ലാ ലിഗയില്‍ വലന്‍സിയക്കെതിരെ സ്കോര്‍ ചെയ്തതോടെയാണ് ബാഴ്സ താരമായ മെസി (643 ഗോളുകള്‍) പെലെയ്ക്കൊപ്പം എത്തിയത്.
2004 ല്‍ പതിനേഴാം വയസിലാണ് മെസി ആദ്യമായി ബാഴ്സലോണക്കായി ബൂട്ടുകെട്ടിയത്. 748 മത്സരങ്ങളില്‍ നിന്നാണ് ഈ അര്ജന്റീനയന് താരം 643 ഗോളുകള്‍ നേടിയത്. അതേസമയം പെലെ 665 മത്സരങ്ങളില്‍ നിന്നാണ് സാന്റോസ് ക്ലബ്ബിനായി 643 ഗോളുകള്‍ കുറിച്ചത്. 1956 ല്‍ പതിനഞ്ചാം വയസിലാണ് പെലെ ബ്രസീല്‍ ക്ലബ്ബായ സാന്റോസില്‍ അരങ്ങേറിയത്. 1974 ല്‍ ക്ലബ്ബ് വിട്ടു. ആറു തവണ സാന്റോസിന് ബ്രസീലിയന്‍ ലീഗ് കിരീടം നേടിക്കൊടുത്തു. തന്റെ റെക്കോഡിനൊപ്പം എത്തിയ മെസിയെ പെലെ അഭിനന്ദിച്ചു.
മെസി റെക്കോഡ് കുറിച്ചെങ്കിലും മത്സരത്തില്‍ ബാഴ്സയ്ക്ക് വിജയിക്കാനായില്ല. മത്സരം സമനിലയായി. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ആദ്യ പകുതിയുടെ അധിക സമയത്താണ് മെസി ഹെഡ്ഡറിലൂടെ ഗോള്‍ നേടിയത്. അതിന് തൊട്ടുമുമ്പ് മെസിയുടെ പെനാല്‍റ്റി വലന്‍സിയ ഗോളി രക്ഷപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: