ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ നേതൃമാറ്റം വേണമെന്ന വിമത നേതാക്കളുടെ ആവശ്യം ഹൈക്കമാന്‍ഡ് തള്ളി. സോണിയ അധ്യക്ഷയായി തുടരുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസില്‍ കലാപം ശക്തമാകും. താന്‍ അധ്യക്ഷനാകാന്‍ ഇല്ലെന്ന് ഇന്നലെ ദല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിലും രാഹുല്‍ ആവര്‍ത്തിച്ചു.
നേതൃമാറ്റം ആവശ്യപ്പെട്ട് കത്തു നല്‍കിയ ശശി തരൂര്‍ അടക്കമുള്ള 23 നേതാക്കളിലെ ചിലരും സോണിയയും രാഹുലും പ്രിയങ്ക വാദ്രയും അവരുടെ വിശ്വസ്തരുമാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. വിമതരുടെ ആവശ്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരുന്നത്. നേതൃമാറ്റമായിരുന്നു വിമതരുടെ പ്രധാന ആവശ്യം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് വിമതര്‍ യോഗത്തില്‍ സ്വീകരിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ സോണിയയെ മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിമതര്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്ന 11 സുപ്രധാന ആവശ്യങ്ങളും ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന.
രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്ന ആവശ്യം പല നേതാക്കളും ഉന്നയിച്ചെങ്കിലും അത് സ്വീകരിച്ചില്ല. വിമത നേതാക്കളും ഈ ആവശ്യം ഉന്നയിച്ചോയെന്ന് വ്യക്തമല്ല. അധ്യക്ഷയെ സഹായിക്കാനെന്ന പേരില്‍ ഏതാനും ഉപാധ്യക്ഷന്മാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ തോല്‍വിയും യോഗം ചര്‍ച്ച ചെയ്തു. ശക്തമായ നേതൃത്വം ഇല്ലാത്തതാണ് തോല്‍വിക്കു കാരണമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളിലെ തോല്‍വിയും ചര്‍ച്ച ചെയ്തു. കേന്ദ്ര നേതൃത്വം ശക്തമല്ലാത്തതാണ് കാരണമെന്ന നിലപാടാണ് വിമതര്‍ സ്വീകരിച്ചത്.
മുന്‍പ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, മനീഷ് ശര്‍മ്മ, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ എന്നീ വിമതര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാഹുല്‍, പ്രിയങ്ക വാദ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, അംബിക സോണി, പി. ചിദംബരം, എ.കെ. ആന്റണി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: