കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 12 മണിക്കൂറോളം. സംശയാസ്പദമായ സാഹചര്യത്തില്‍ രവീന്ദ്രന് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
നാല് തവണ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 8.45ഓടെയാണ് രവീന്ദ്രന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടുനിന്നു. പിന്നീട് 11 മണിയോടെ രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് പുറത്തുവിടുകയായിരുന്നു. ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചന.
ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി രാവിലെ തള്ളിയിരുന്നു. അന്വേഷണ സംഘം തന്നെ പീഡിപ്പിക്കുകയാണെന്നും രവീന്ദ്രന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കുന്നത് എങ്ങിനെയാണ് പീഡിപ്പിക്കല്‍ ആകുന്നതെന്നും എന്തിനെയാണ് രവീന്ദ്രന് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
അതേസമയം രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് എന്‍ഫോഴ്സ്മെന്റ് വിലയിരുത്തുന്നത്. ലൈഫ് മിഷന്, കെ ഫോണ്‍ എന്നീ പദ്ധതികളുടെ ഇടപാടില്‍ ശിവശങ്കറിന് രവീന്ദ്രനാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നാണ് എന്‍ഫോഴ്സ്മെന്റ് കരുതുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളെ ഇയാള്‍ നിയന്ത്രിച്ചിരുന്നതായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശിവശങ്കറിനെ നിയമിച്ചത് രവീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും എന്‍ഫോഴ്സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: