തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്കും അതേച്ചൊല്ലിയുണ്ടായ വിവാദങ്ങളും വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് കെ സുധാകരന് വിമര്‍ശിച്ചു. കണക്കുകള്‍ നിരത്തി പരാജയം മറയ്ക്കാനാകില്ല. താഴെത്തട്ടു മുതല്‍ അഴിച്ചുപണി വേണം. പ്രവര്‍ത്തിക്കാത്ത മുഴുവന്‍ ആളുകളെയും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാം ഗ്രൂപ്പ് നോക്കി മാത്രം തീരുമാനിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് പി ജെ കുര്യന് കുറ്റപ്പെടുത്തി. തോല്‍വി അംഗീകരിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന് ആവശ്യപ്പെട്ടു. പരാജയമല്ല, നേട്ടമാണ് ഉണ്ടായതെന്ന വാദം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയകാര്യ സമിതിയില്‍ ആവര്‍ത്തിച്ചു. നേതൃത്വത്തിനെതിരായ വിമര്‍ശനം നേതൃമാറ്റമെന്ന ആവശ്യത്തിലേക്കുവരെ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനം പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്നില്ല.
ഇന്ന് പാണക്കാട് ചേര്‍ന്ന ലീഗിന്റെ അടിയന്തര യോഗത്തിലും കോണ്‍ഗ്രസില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ നേതൃമാറ്റം ലീഗ് ആവശ്യപ്പെട്ടില്ല. ആര്‍എസ്പിക്കും കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ വിമര്‍ശനമുണ്ട്. അതേസമയം, നേതൃമാറ്റം എന്ന ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് അംഗീകരിക്കുന്നില്ലെന്ന സൂചനയാണ് ഇന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: