ന്യൂദല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഏഴ് മുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്ത് നിയമിച്ച് ബിജെപി കേന്ദ്രനേതൃത്വം. ബംഗാളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഇവരെ സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ആള്‍ക്കും ആറു ലോക്സഭാ മണ്ഡലങ്ങള്‍ വീതം വീതിച്ചുനല്‍കും.
കെ പി മൗര്യ, ഗജേന്ദ്ര സിംഗ് ശഖാവത്ത്, പ്രഹ്ളാദ് പട്ടേല്‍, സഞ്ജീവ് ബലിയന്, അര്ജുന് മുണ്ട, മന്‍സുഖ് മാണ്ടവ്യ, നരോത്തം മിശ്ര എന്നീ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയാണ് ബിജെപി ബംഗാളിലേക്ക് അയയ്ക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് ബി എല്‍ സന്തോഷ് എന്നിവരോടായിരിക്കും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമിത് ഷാ വരും ദിവസങ്ങളില്‍ പശ്ചിമബംഗാളില്‍ നടത്താനിരിക്കുന്ന രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ ഏഴു നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കും. ഓരോരുത്തരോടും പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ ഏഴു നേതാക്കളും തങ്ങി തെരഞ്ഞെടുപ്പ് ചുമതലകള്‍ ഏകോപിപ്പിക്കും.
വോട്ടെടുപ്പിന് രണ്ടാഴ്ച മുമ്പുവരെ ഇവര്‍ ബംഗാളില്‍ തുടരും. താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതും ഇവരുടെ ഉത്തരവാദിത്വമായിരിക്കും. ഇതിനൊപ്പം കേന്ദ്രനേതൃത്വവുമായുള്ള ഏകോപനവും ഈ നേതാക്കള്‍ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: