2019ലെ ലോക്സഭാ ഇലക്ഷന് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കേരളാ ഹൗസില്‍ നടന്ന ഒരു കൂട്ടായ്മയില്‍ മോദിയുടെ രണ്ടാമൂഴത്തിന്റെ സാധ്യതകളായിരുന്നു ചൂടുള്ള ചര്‍ച്ചാവിഷയം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി പ്രകടനം മികച്ചതാവുമെന്ന് ഒരു കൂട്ടര്. പത്തില്‍ താഴെ മാത്രം സീറ്റിലേക്ക് ഒതുങ്ങുമെന്ന് മറ്റൊരു സംഘം. ബിജെപിയും നരേന്ദ്രമോദിയും വീണ്ടുമൊരിക്കല്‍കൂടി അധികാരത്തില്‍ എത്തരുതെന്ന മനസ്സിന്റെ ആഗ്രഹം പലരുടേയും നിലപാടുകളില്‍ നിറഞ്ഞുനിന്നു. 25 സീറ്റുകള്‍ ലോക്സഭയിലേക്ക് സംഭാവന ചെയ്യുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ബിജെപി സംവിധാനങ്ങളെപ്പറ്റി കാര്യമായ ധാരണയുള്ള ഒരു ഉത്തരേന്ത്യന്‍ മാധ്യമ പ്രവര്ത്തകന് മാത്രം ഇരുപതിനടുത്ത് സീറ്റുകളിലേക്ക് ബിജെപി എത്തിപ്പെട്ടേക്കാം എന്ന വിവരം പങ്കുവെച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും തെക്കന്‍ സംസ്ഥാനങ്ങളിലുമായി ബിജെപി 75 സീറ്റുകള്‍ പിടിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ബിജെപി വൃത്തങ്ങള്‍ നല്കിയ വിവരപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ ആ നിലപാട്.
ഒടുവില്‍ മെയ് അവസാനവാരം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ അക്ഷരം പ്രതി ശരിയായി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ബംഗാളും ഒറീസയുമടക്കമുള്ള കിഴക്കന്‍ സംസ്ഥാനങ്ങളും തെക്കന്‍ സംസ്ഥാനങ്ങളും ബിജെപിയെ കാര്യമായി പിന്തുണച്ചപ്പോള്‍ 76 ലോക്സഭാ സീറ്റുകളാണ് ബിജെപിക്ക് ഇവിടെ നേടാനായത്. ഹിന്ദി ഹൃദയഭൂമിയിലെ പാര്‍ട്ടി, നോര്‍ത്തിന്ത്യന്‍ പാര്‍ട്ടി എന്നീ ലേബലുകള്‍ കൂടി ഇന്ത്യന്‍ ജനത ബിജെപിക്ക് ഇല്ലാതാക്കിയ തെരഞ്ഞെടുപ്പാണ് 2019ല്‍ കഴിഞ്ഞത്. നരേന്ദ്രമോദിയുടെ രണ്ടാമൂഴം അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയുടെ പാന്‍ ഇന്ത്യാ വാപനം കൂടിയാണ് സാധ്യമാക്കിയത്. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള 14 രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണവും കൂടി ബിജെപിക്കും എന്‍ഡിഎയ്ക്കും ഒപ്പമാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേടിയ 18 ലോക്സഭാ സീറ്റുകള്‍ പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര പ്രയത്നത്തിന്റെ ഫലം കൂടിയാണ്. രാഷ്ടീയ സ്വയം സേവക സംഘത്തിന്റെയും ബിജെപിയുടേയും പ്രവര്‍ത്തനങ്ങള്‍ക്കായി കാലങ്ങളായി നിസ്വാര്‍ത്ഥ സേവനം തുടര്‍ന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ത്യാഗങ്ങളുടെ വിജയം കൂടിയായിരുന്നു 2019ല്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ലോക്സഭാ വിജയം. പല തട്ടുകളിലായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ ദേശീയ മുഖ്യധാരയിലേക്കെത്തിച്ച് നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സ് രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും നിലപാടുകള്‍ക്കും ഈ സംസ്ഥാനങ്ങളിലെ ജനങ്ങളും വലിയ പിന്തുണ നല്കി. ഒരുകാലത്ത് വിഘടനവാദ ശക്തികളായിരുന്ന പലരും ജനാധിപത്യത്തിന്റെ ഭാഗമായ സുന്ദര ദൃശ്യം സപ്ത സുന്ദരികള്‍ എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാണാനായി. നാഗാ പീപ്പിള്‍സ് ഫ്രണ്ടും സിക്കിം ഡമോക്രാറ്റിക് ഫ്രണ്ടും, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശും അസം ഗണപരിഷത്തും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടും എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ ഈ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വളര്‍ച്ചയും അതിവേഗത്തിലായി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ മുതിര്‍ന്ന നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത ബിസ്വ ശര്‍മ്മയുടെ രാഷ്ട്രീയ നീക്കങ്ങള്‍ കൂടിയായപ്പോള്‍ നോര്‍ത്തീസ്റ്റിലെ എന്‍ഡിഎ വിജയഗാഥ തുടര്‍ക്കഥയാവുകയാണിപ്പോള്‍. അടുത്തിടെ നടന്ന ബോഡോ ലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ ജൈത്രയാത്ര ഇപ്പോഴും തുടരുന്നു.
ബോഡോ ലാന്‍ഡിലും എന്‍ഡിഎ
നാല്‍പ്പതംഗ കൗണ്‍സിലിലേക്ക് എന്‍ഡിഎ സഖ്യകക്ഷികളായ ബോഡോ പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയും പ്രത്യേകമായാണ് മത്സരിച്ചത്. ബിപിഎഫ് 17 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 9 സീറ്റുകളില്‍ ചരിത്ര വിജയം നേടി. ദി യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ 12 സീറ്റുകള്‍ നേടിയപ്പോള്‍ ഒരുകാലത്ത് അസമിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ശക്തരായിരുന്ന കോണ്‍ഗ്രസ് വെറും ഒരു സീറ്റിലൊതുങ്ങി. ഗണ സുരക്ഷാ പാര്‍ട്ടിയും ഒരു സീറ്റില്‍ വിജയിച്ചു. എന്‍ഡിഎ സഖ്യകക്ഷികളായ ബിജെപിയും ബിപിഎഫും ചേര്‍ന്നുള്ള ഭരണമാവും ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സിലിലേക്ക് വരികയെന്ന് ഉറപ്പായിട്ടുണ്ട്.
ആറുവര്‍ഷങ്ങള്‍, മോദിയുടെ നാല്‍പ്പതിലേറെ സന്ദര്‍ശനങ്ങള്‍
വികസനമെത്തി നോക്കാത്ത ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ദേശീയപാതകളും ഗ്രാമീണ റോഡുകളും നിര്‍മ്മിച്ച് വികസനത്തിന്റെ ആദ്യ ദൃശ്യങ്ങളെത്തിച്ചത് അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാരാണ്. 2014ല്‍ മോദി സര്‍ക്കാര്‍ വാജ്പേയി തുടങ്ങിവെച്ചതിന്റെ തുടര്‍ച്ച സാധ്യമാക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയത് നാല്‍പ്പതിലേറെ തവണയാണ്. മോദി എത്ര പ്രാധാന്യമാണ് ഈ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തം.
ഇന്ത്യയില്‍ നിന്ന് മാറണമെന്ന് ആഗ്രഹിച്ച് വിഘടനവാദ ശക്തികള്‍ക്ക് വിളനിലമായ സംസ്ഥാനങ്ങള്‍ ദേശീയ മുഖ്യധാരയിലേക്ക് എത്തിച്ചേരുന്ന കാഴ്ചയാണ് കഴിഞ്ഞ ആറുവര്‍ഷങ്ങളില്‍ നാം കണ്ടത്. സംഘര്‍ഷങ്ങളില്ലാതായ വടക്കു കിഴക്കന്‍ മണ്ണ് വികസനത്തിനായി ആഗ്രഹിച്ചപ്പോള്‍ അതെത്തിക്കാന്‍ മോദിസര്‍ക്കാര്‍ കൈമെയ് മറന്ന് രംഗത്തിറങ്ങി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയെന്ന മഹായജ്ഞത്തിനാണ് മോദി സര്‍ക്കാര്‍ 2014ല്‍ തുടക്കമിട്ടത്. ട്രാന്സ്ഫോര്മേഷന് ത്രൂ ട്രാന്സ്പോര്ട്ടേഷന് എന്ന മുദ്രാവാക്യമായിരുന്നു മോദി സര്‍ക്കാര്‍ ഉയര്‍ത്തിയത്. മൂന്നുലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണത്തിനാണ് ഈ വര്‍ഷങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സാക്ഷ്യം വഹിച്ചതെന്ന് കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.
എട്ടു സംസ്ഥാനങ്ങളിലും എന്‍ഡിഎ
സിക്കിം അടക്കം വടക്കു കിഴക്കന്‍ ഭാഗത്തെ എട്ടു സംസ്ഥാനങ്ങളിലും ബിജെപിയോ എന്‍ഡിഎയോ ആണ് അധികാരത്തില്‍ എന്നതാണ് ശ്രദ്ധേയം. അസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളിലാണ് ബിജെപി മുഖ്യമന്ത്രിമാര്‍ അധികാരത്തിലുള്ളത് നാഗാലാന്റില്‍ എന്‍ഡിപിപിയുമായി ചേര്‍ന്നും മേഘാലയയില്‍ എന്‍പിപിയുമായി ചേര്‍ന്നും ബിജെപി ഭരണം നിര്‍വഹിക്കുന്നു. മിസോറാമില്‍ ബിജെപി സഖ്യകക്ഷികളായ മിസോ നാഷണല്‍ ഫ്രണ്ടും സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയുമാണ് അധികാരത്തില്‍. കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല എന്നതാണ് നോര്‍ത്തീസ്റ്റില്‍ നിന്ന് വ്യക്തമാകുന്ന മറ്റൊരു ദൃശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: