തിരുവനന്തപുരം : മാധ്യമ പ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ മരണത്തില്‍ എങ്ങും എത്താതെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇടിച്ച വാഹനത്തെ കുറിച്ചുള്ള വിവരം പോലും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.
നിലവില്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അതേസമയം പ്രദീപിന്റെ വാഹനവും പിന്നലെ ഇടിച്ച വണ്ടിയും കടുന്നപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. വാഹനം ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ പ്രദീപിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം സ്കൂട്ടറിന്റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംശയിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി കൂടുതല്‍ സിസി ടിവി ദ്യശ്യങ്ങള്‍ പരിശോധിക്കും. അന്വേഷണം സൈബര്‍ സെല്ലിന്റെ കൂടി സഹകരണത്തോടെ നടത്തുമെന്നും പോലീസ് അറിയിച്ചു.
അപകടം എങ്ങനെ നടന്നുവെന്ന് വ്യക്തമാക്കേണ്ടതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. സംഭവം നടക്കുന്ന സമയത്ത് ദൃക്്സാക്ഷികള്‍ ഉണ്ടെങ്കില്‍ അവരുടെ മൊഴി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: