ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്സലോണ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) നേരിടും. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ഇറ്റാലിയന്‍ ടീമായ ലാസിയോയാണ് എതിരാളികള്‍. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്നലെ നടന്നു.
സൂപ്പര്‍ സ്റ്റാര്‍ നെയ്മറുടെ പിഎസ്ജി പോയ സീസണിലെ രണ്ടാം സ്ഥാനക്കാരാണ്. 2017ലെ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയും ബാഴ്സയും ഏറ്റുമുട്ടിയിരുന്നു. ആദ്യ പാദത്തില്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റ ബാഴ്സ രണ്ടാം പാദത്തില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കി. രണ്ട് പാദങ്ങളിലുമായി 6-1ന് പിഎസ്ജിയെ വീഴ്ത്തി ക്വാര്‍ട്ടറില്‍ കടന്നു.
ഇരുപത് വര്‍ഷത്തിനുശേഷമാണ് ലാസിയോ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. ഇതുവരെ ബയേണും ലാസിയോയും ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടിയിട്ടില്ല.
മറ്റ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് അറ്റ്ലാന്റയേയും ലിവര്‍പൂള്‍ ആര്.ബി. ലീപ്സിഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബൊറൂസിയ എംഗ്ലാഡ്ബാക്കിനെയും എതിരിടും. റൊണാള്‍ഡോയുടെ യുവന്റസ് പ്രീ ക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ നേരിടും. അത്ലറ്റിക്കോ ചെല്‍സിയേയും സെവിയ ഡോര്‍ട്ട് മുണ്ടിനെയും എതിരിടും.
പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരങ്ങള്‍ ഫെബ്രുവരി 16, 17 തീയതികളില്‍ നടക്കും. രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് ഒമ്പത്, പത്ത് തീയതികളില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: