കൊല്‍ക്കത്ത: അവസരങ്ങള്‍ കളഞ്ഞുകുളിച്ച ഗോകുലം കേരള എഫ്സി ഐഎഫ്എ ഷീല്‍ഡില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കൊല്‍ക്കത്ത മുഹമ്മദന്‍സിനോട് തോറ്റു. ഒമ്പതാം മിനിറ്റില്‍ തീര്‍ത്ഥങ്കര്‍ ശങ്കറാണ് പെനാല്‍റ്റിയിലൂടെ മുഹമ്മദന്‍സിന്റെ നിര്‍ണായക ഗോള്‍ കുറിച്ചത്.
ഗോള്‍ അടിക്കാന്‍ ലഭിച്ച ഒട്ടേറെ അവസരങ്ങള്‍ തുലച്ചതാണ് ഗോകുലത്തിന് തിരിച്ചടിയായത്. ഇരുപത്തിമൂന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ആവാല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. തുടര്‍ന്ന് സിബില്‍ മികച്ചൊരു അവസരം പാഴാക്കി. രണ്ടാം പകുതിയില്‍ ഗോകുലത്തിന്റെ പ്രതിരോധ താരം ദീപക് ദേവ്റാനിയും ഗോളി സി.കെ. ഉബൈദും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
തുടക്കം മുതല്‍ ഗോകുലം മുഹമ്മദന്‍സിന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. പക്ഷെ മത്സരഗതിക്കെതിരെ മുഹമ്മദന്‍സ് ഗോള്‍ നേടി. ഫിലിപ്പ് അഡ്ജാബിനെ ഉബൈദ് ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. തീര്‍ത്ഥങ്കര്‍ ശങ്കര്‍ സ്പോട് കിക്ക് ഗോളാക്കി മുഹമ്മദന്‍സിനെ മുന്നില്‍ എത്തിച്ചു.
ചടുലമായ നീ്ക്കങ്ങളിലൂടെ മുഹമ്മദന്‍സിന്റെ ഗോള്‍ മുഖം വിറപ്പിച്ച ജിതിന് ഇടവേളയ്ക്ക് മുമ്പ് ഗോള്‍ മടക്കിയെന്ന് തോന്നിച്ചു. പക്ഷെ ജിതിന്റെ ഷോട്ട് മുഹമ്മദന്‍സ് പ്രതിരോധ താരത്തിന്റെ കൈയില്‍ തട്ടി. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി മുഹമ്മദ് ആവാല്‍ തുലച്ചു. പിന്നീട് സിബിലും തുറന്നാവസരം പാഴാക്കി. ഇടതു വിങ്ങില്‍ നിന്ന് ഡെന്നിസ് നല്കിയ ക്രോസ് കണക്ട് ചെയ്യാന്‍ സിബിലിന് കഴിഞ്ഞില്ല.
റിയല്‍ കശ്മീരും ടെലഗ്രാഫും സെമിയില്‍ കടന്നു. റിയല്‍ കശ്മീര്‍ ക്വാര്‍ട്ടറില്‍ മടക്കമില്ലാത്ത ഒരു ഗോളിന് സാമിറ്റിയെ തോല്‍പ്പിച്ചു. ടെലഗ്രാഫ് എതിരില്ലാത്ത ഒരു ഗോളിന് പീയര്ലസിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: