കോഴിക്കോട്: ശക്തമായ അഴിമതിവിരുദ്ധവികാരം ജനങ്ങളില്‍ പ്രകടമാണെന്നാണ് രാവിലെ മുതലുള്ള കനത്ത പോളിംഗ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോഴിക്കോട് മൊടക്കല്ലൂര്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മുന്നണികള്‍ക്കും എതിരായ ജനവികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഉജ്ജ്വലമായ മുന്നേറ്റം ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലുമുണ്ടാകും. വടക്കന്‍ ജില്ലകളില്‍ ഈ തെരഞ്ഞെടുപ്പോടെ വലിയമാറ്റം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദിക്ക് അനുകൂലമായിട്ടുള്ള വലിയവികാരം സധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തമായി പ്രതിഫലിക്കുന്നുണ്ടെന്നാണ് പോളിംഗിലെ വര്‍ധന ഉള്‍പ്പെടെ കണിക്കുന്നത്. രണ്ടു മുന്നണികളും അഴിമതിയുടെ കാര്യത്തില്‍ പ്രതിക്കൂട്ടില്‍ ആയിരിക്കുന്നു. ഇടതുമുന്നണി നയിക്കാന്‍ ആളില്ലാതെ മുങ്ങുന്ന കപ്പലായി കേരളത്തില്‍ മാറുകയാണെന്നും കെ സുരേന്ദ്ര ചൂണ്ടിക്കാട്ടി.
ജമാ അത്തെ ഇസ്ലാമിയുമായി യൂഡിഎഫ് ഉണ്ടാക്കിയ കൂട്ടുകെട്ട് മുന്നണിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടാക്കും. രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. മുസ്ലിം തീവ്രവാദ സംഘടനകളുടെ ആധിപത്യമാണ് യുഡിഎഫില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ ഒരു മൂന്നാം ബദല്‍ കേരളത്തില്‍ ശക്തിപ്പെടുമെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
എല്ലാ കാര്യങ്ങളിലും കേന്ദ്രത്തിന്റെ ആനുകൂല്യങ്ങളും പദ്ധതികളും സ്വന്തംപേരിലാക്കി അടിച്ചുമാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു സൗജന്യ വാക്സിന് പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: