മാനന്തവാടി: പോലീസ് സിപിഎം ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് വനവാസി കുടുംബം. തന്റെ ഭര്‍ത്താവിനെ വീട്ടില്‍ കയറി അതിക്രമിച്ചതിന് കേസ് എടുക്കാത്തത് അതിന് ഉദാഹരണമാണെന്നും തോല്പെട്ടി ആനക്യാമ്പ് കോളനിയിലെ ഭാസ്കരന്റെ ഭാര്യ ജാനകി പറഞ്ഞു.
കഴിഞ്ഞ മാസം 22നാണ് തോല്പെട്ടി ആനക്യാമ്പ് കോളനിയിലെ ഭാസ്കരനെ വീട്ടില്‍ കയറി മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഭാസ്കരന്റെ കൈ ഒടിഞ്ഞിരുന്നു. സംഭവം അന്വേഷിക്കണം എന്ന് പറഞ്ഞ് കേസ് കൊടുത്തെങ്കിലും ഇതുവരെ പ്രാധമിക അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് വീട്ടമ്മ ജാനകി പറഞ്ഞു.
ഇവിടെ ഭരിക്കുന്നവരും പോലീസും ചേര്‍ന്നാണ് വനവാസികളുടെ കേസ് അട്ടിമറിക്കുന്നത്. കുറച്ചു നാള് മുമ്പാണ് തലപ്പുഴ വനവാസി വീട്ടമ്മയെ ഭീഷണിപെടുത്തിയതും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും. എന്നാല്‍ ഇതിനെതിരെയും വനവാസികള്‍ക്ക് മാത്രമായുള്ള ഡിവൈഎസ്പി അടങ്ങിയ പോലീസ് നേതൃത്വം നടപടി എടുത്തിട്ടില്ല. വനവാസികള്‍ക്ക് നേരെ എന്ത് അതിക്രമം നടന്നാലും കേരള പോലീസും സിപിഎംഉം ഒത്ത് ചേര്‍ന്ന് പരാതി അട്ടിമറിക്കുകയാണ്.
സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഭാസ്കരന്റെ കുടുംബം ഡിജിപി, എസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വനവാസികള്‍ക്ക് നേരെ എന്ത് സംഭവിച്ചാലും ഇവിടെ ആര്‍ക്കും മിണ്ടാട്ടമില്ലെന്നും വീട്ടമ്മ പറഞ്ഞു. വനവാസികളെ കേരളത്തില്‍ വോട്ട് ബാങ്കായി മാത്രമാണ് ഇടതും വലതും കാണുന്നത്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. സമൂഹത്തില്‍ ഇത്പോലെ ഒരുപാട് അക്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാല്‍ ആരും പ്രതികരിക്കുന്നില്ല. അന്വേഷണം നടത്താത്ത എസ്ഐക്കെതിരെയും തിരുനെല്ലി സിഐക്കെതിരെയും അന്വേഷണം നടത്തണമെന്നും ഭാസ്കരന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: