തൃശൂര്‍: അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഡിസംബര്‍ പതിമൂന്നിന് എഴുപതാം പിറന്നാള്‍. വൈദികനാകാന്‍ സാധിച്ചതാണ് ജീവിതത്തിലെ വലിയ സന്തോഷമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. ഇക്കുറി പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനം. കോവിഡ് സമ്പര്‍ക്കം കാരണം ക്വാറന്റീനില്‍ കഴിയുകയാണ്.
1951 ഡിസംബര്‍ 13 ന് പുതുക്കാട് താഴത്തു വീട്ടില്‍ അന്തപ്പായി, റോസ ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി ജനിച്ചു. 1977 മാര്‍ച്ച് 14ന് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 2004 ല്‍ തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2007 ല്‍ അതിരൂപത അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അതിരൂപതയുടെ മൂന്നാമത്തെ ആര്‍ച്ച്ബിഷപ്പാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
തൃശൂരിന്റെ പ്രിയപ്പെട്ട ആഘോഷമായ ബോണ്‍ നത്താലെ 2013 ല്‍ തുടങ്ങിയത് ബിഷപ്പ് താഴത്തിന്റെ താത്പര്യപ്രകാരമാണ്. തൃശൂര്‍ പൂരത്തിന്റെ തലേന്ന് തിരുവമ്പാടി, പാറമേക്കാവ് ദേശക്കാരെ മുടങ്ങാതെ കാണാന്‍ പോകും. നിയമങ്ങളില്‍ കുരുങ്ങി പൂരം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പൂരത്തിനുവേണ്ടി നിലപാടെടുത്തു.
പ്രളയ സമയത്തു ലോറിയില്‍ കയറി ആളുകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു ഭവന നിര്‍മാണത്തിനായി അഞ്ചേക്കര്‍ സ്ഥലം സര്‍ക്കാരിന് വിട്ടുകൊടുത്തു. ആത്മീയ ഉണര്‍വ് പകരുന്ന പതിമൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കി. കാനന്‍ നിയമത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: