വിശ്വസാഹിത്യത്തിലെ പ്രകാശഗോപുര എഴുത്തിന്റെ പ്രവാചകനായിരുന്നു വിശ്വസാഹിത്യത്തില്‍ ഫയദോര്‍ ദസ്തയെവ്സ്കി. ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ളയാള്‍. പൂര്‍വ നിശ്ചിതമായി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളോ കൈവഴികളോ പുഴകളോ ആയിരുന്നില്ല ദസ്തയെവ്സ്കിയുടെ രചനാവഴികള്‍. മലരികളും ചുഴികളും മേല്‍ത്തുമ്പ് കാണാത്ത മഞ്ഞുമലകളും, അനന്തവും ശാന്തവുമായ ജലപ്പരപ്പും, തിരമാലകളുടെ സംഗീതവും സംഹാരശക്തിയുമൊക്കെ ആവഹിക്കുന്ന കടലാഴമാണ് ദസ്തയെവ്സ്കിയുടെ ആശയ പ്രപഞ്ചം. പാത്ര സൃഷ്ടിയിലെ സങ്കീര്‍ണതയും, വായനക്കാരെ വിസ്മയിപ്പിക്കുന്ന ദുര്‍ഗ്രാഹ്യതയും, ആത്മീയമായ ഉള്‍ക്കാഴ്ചകളും ദര്‍ശനികമായ പ്രവചനങ്ങളും ദസ്തയെവ്സ്കിയുടെ കൃതികളെ വ്യത്യസ്തമാക്കുന്നു. ഈ കൃതികളെ മലയാളത്തിലേക്ക് മൊഴിമാറ്റുകയെന്നത് ഒരു നിയോഗമായി കാണുകയും അനുഭവിക്കുകയും ചെയ്യുന്നയാളാണ് വേണു വി.ദേശം. ഇതിനകം ദസ്തയെവ്സ്കിയുടെ പത്തൊമ്പത് കൃതികള്‍ വിവര്‍ത്തനം ചെയ്ത ഈ കവിയുടെ ഹൃദയത്തില്‍ ഫയദോറിന്റെ കയ്യൊപ്പുണ്ട്; തീര്‍ച്ച.
വായനയിലേക്ക് ദസ്തയെവ്സ്കി വന്നതിന്റെ പശ്ചാത്തലം എന്തായിരുന്നു?
കോളജ് പഠനകാലം കഴിഞ്ഞ് എനിക്ക് ഒരന്തരാളഘട്ടം ഉണ്ടായിരുന്നു. വായന മാത്രമായിരുന്നു അഭയം. ആ നാളുകളിലാണ് ദസ്തയവ്സ്കിയുടെ ‘നിന്ദിതരും പീഡിതരും’ വായിക്കുന്നത്. ദസ്തയെവ്സ്കിയുടെ കൃതികള്‍ ഒരാള്‍ വായിക്കുന്നുവെങ്കില്‍ ആദ്യത്തേത് ‘നിന്ദിതരും പീഡിതരു’മാകണം. പോരാ, അയാള്‍ യുവാവു കൂടിയായിരിക്കണം എന്ന് സ്റ്റീഫന്‍ സ്വെയ്ഗ്. എനിക്കത് ചേര്‍ന്നുവന്നു. ‘ചൂതാട്ടക്കാരന്’ വായിച്ചപ്പോഴാണ് ആ കൃതി മലയാളത്തിലേക്ക് കൊണ്ടുവരണമെന്ന് തോന്നിയത്.
ദസ്തയെവ്സ്കിയുടെ കൃതികള്‍ ചിലത് മലയാളത്തില്‍ നേരത്തെ ലഭ്യമായിരുന്നു. വ്യത്യസ്തമായ വിവര്‍ത്തനം വേണമെന്ന് തോന്നിയത് എന്തുകൊണ്ടാണ്?
വ്യത്യസ്തമായ വിവര്‍ത്തനം എന്നൊന്നും ഞാന്‍ ചിന്തിച്ചതേയില്ല. മലയാളത്തിന് അപരിചിതമായ ദസ്തയെവ്സ്കിയുടെ കൃതികളാണ് ഏറിയകൂറും ഞാന്‍ ഭാഷാന്തരം ചെയ്തത്. അപക്വ യുവാവ്, എന്നെന്നേക്കുമായി ഒരു ഭര്‍ത്താവ്, സൗമ്യാത്മാവ്, ഒരു അപഹാസ്യന്റെ സ്വപ്നം, കാരണവരുടെ കിനാവ്, ഒമ്പതു കത്തികളിലൂടെ ഒരു നോവല്‍, ക്ഷണിക്കപ്പെടാതെ തുടങ്ങിയ പല രചനകളും സ്വര്‍ഗീയമായ ക്രിസ്മസ് പൂമരം, കര്‍ഷകനായ മറിയ തുടങ്ങിയ കഥകളും എന്നിലൂടെ ആദ്യമായി മലയാളത്തിലേക്ക് വന്നു.
ഇവയില്‍ എടുത്തുപറയാവുന്ന വിവര്‍ത്തനാനുഭവങ്ങള്‍?
‘എന്നെന്നേക്കുമായി ഒരു ഭര്‍ത്താവ്’ ശരിക്കും എന്നെ പിടിച്ചുലച്ചിട്ടുണ്ട്. ‘അപക്വയുവാവ്’ വളരെ ബൃഹത്തായ ഒരു കൃതിയാണ്. ഇഡിയറ്റും കുറ്റവും ശിക്ഷയും തുടങ്ങിയവയും പ്രസാധകരുടെ നിര്‍ബന്ധംകൊണ്ട് ചെയ്യേണ്ടിവന്നു. നാല്‍പ്പതുകളില്‍ ആ രണ്ടു കൃതികളും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഇഡിയറ്റ്’ ഇടപ്പള്ളി കരുണാകര മേനോനും ‘കുറ്റവും ശിക്ഷയും’ എന്‍.കെ. ദാമോദരനും. ആ വിവര്‍ത്തന സംരംഭങ്ങള്‍ വലിയ മുതല്ക്കൂട്ടുകളാണ്. ദസ്തയെവ്സ്കിയുടെ രചനകള്‍ ഒരര്‍ത്ഥത്തില്‍ കവിത തന്നെയാണ്. വിശ്വമഹാകവിയായാണല്ലോ വിമര്‍ശകര്‍ അദ്ദേഹത്തെ കാണുന്നത്. ദസ്തയെവ്സ്കിയന്‍ കൃതികളിലെ വൈകാരികതയാണ് പ്രധാനമായും എന്നെ അലട്ടിയത്.
ദസ്തയെവ്സ്കിയുടെ വിവര്‍ത്തനം ഉയര്‍ത്തുന്ന വെല്ലുവിളിയെന്താണ്? താങ്കളുടെ വിവര്‍ത്തന രീതി ഇതിനെ എങ്ങനെ മറികടക്കുന്നു?
ദസ്തയെവ്സ്കിയന്‍ കൃതികള്‍ ഒരിക്കലും എനിക്ക് വെല്ലുവിളിയായിട്ടില്ല. ഒരര്‍ത്ഥത്തിലും എനിക്ക് ക്ലിഷ്ടത അനുഭവപ്പെട്ടിട്ടുമില്ല. ബുദ്ധിപരവും വൈകാരികവും തത്ത്വശാസ്ത്രസംബന്ധിയുമായ എല്ലാ തലങ്ങളിലൂടെയും സഞ്ചരിക്കുന്നു ദസ്തയെവ്സ്കി. എവിടേയും എത്തുന്നുമില്ല. ഒന്നും ഉറപ്പിച്ച് പ്രഖ്യാപിക്കുന്നുമില്ല. ഞാന്‍ നേരേചൊവ്വേ വിവര്‍ത്തനം ചെയ്യുന്നു. പ്രത്യേക രീതികള്‍ ഒന്നും അവലംബിക്കുന്നില്ല.
ദസ്തയെവ്സ്കിയന്‍ കൃതികളുടെ ഇതുവരെയുള്ള വായനാനുഭവങ്ങളെ എങ്ങനെയാണ് വിശദീകരിക്കുക? ആദ്യകൃതിയുടെ വായന സമ്മാനിച്ച അനുഭൂതിക്ക് മറ്റ് കൃതികളുടെ വായനയില്‍ എന്താണ് സംഭവിച്ചത്?
ദസ്തയെവ്സ്കിയന്‍ കൃതികള്‍ ശരിയായ ഒരാസ്വാദകന് മനുഷ്യന്റെ അഗാധസമസ്യകളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്. ഓരോ വായനയും പുതുപുതു അന്വേഷണങ്ങളിലേക്ക് വാതില്‍ തുറക്കുന്നു. ചിലപ്പോള്‍ നരകത്തിലേക്കും ചിലപ്പോള്‍ ശാന്തിയിലേക്കും അവ വാതായനങ്ങള്‍ തുറന്നിടുന്നു. മാറി മാറി വരുന്ന പുരുഷാന്തരങ്ങള്‍ ആ പ്രതിഭാസത്തിനു മുന്നില്‍ കൈകൂപ്പിത്തൊഴുതു പോകുന്നു. ആദ്യകൃതി വായിച്ച അനുഭവം കത്തിക്കാളിക്കുകയായിരുന്നു പിന്നീടുള്ള കൃതികളുടെ വായന. ‘ഇഡിയറ്റാ’ണ് എനിക്കേറ്റം ഇഷ്ടപ്പെട്ട കൃതി. ‘കരമസോവ് സഹോദരരി’ലെ അലോഷ്യയോടായിരുന്നു ചെറുപ്പത്തില്‍ എനിക്ക് ആഭിമുഖ്യം. ഇന്നത് മാറിപ്പോയി. ‘ഇഡിയറ്റി’ലെ മൈഷ്കിനെ ഇന്ന് ഞാന്‍ സ്നേഹിക്കുന്നു. ജീവിതത്തിന്റെ കയ്പും വേദനയും മടുപ്പുമാണ് ദസ്തയെവ്സ്കിയെ പ്രചോദിപ്പിക്കുന്നതെന്ന് തോന്നുന്നു. ഷേക്സ്പിയറാണ് ദസ്തയെവ്സ്കിയുടെ ആരാധാനാപാത്രം.
റഷ്യന്‍ സാഹിത്യത്തില്‍ ദസ്തയെവ്സ്കിയെ എങ്ങനെയാണ് താങ്കള്‍ സ്ഥാനനിര്ണയപ്പെടുത്തുക?
ടോള്‍സ്റ്റോയിക്ക് തോളൊപ്പം നില്ക്കുകയല്ല ദസ്തയെവ്സ്കി. ഒരു പടിയെങ്കിലും ഉയര്ന്നുനില്ക്കുന്നു. ദസ്തയെവ്സ്കിയന്‍ നിലവാരത്തിലേക്ക് വരുന്ന ഒരു കൃതി മാത്രമാണ് ടോള്സ്റ്റോയിയുടേതായി ഞാന്‍ കാണുന്നത്. ‘ഇവാന് ഇലീച്ചിന്റെ മരണം’ ആണത്. ‘ഉയിര്‍ത്തെഴുന്നേല്‍പ്പും’ ഒഴിവാക്കാനാവില്ല. ദസ്തയെവ്സ്കിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്കുപോലും ‘ഭ്രാന്താലയത്തിലെ ഷേക്സ്പിയര്’ എന്നും ‘നീചപ്രതിഭ’ എന്നും വിശേഷിപ്പിക്കേണ്ടിവന്നു. പ്രത്യയശാസ്ത്രങ്ങളുടെ പരിമിതികള്‍ക്ക് ദസ്തയെവ്സ്കിയെ പിടികിട്ടില്ല. ലെനിന് ദസ്തയെവ്സ്കിയെ നീചപ്രതിഭയെന്ന് വിളിച്ചപ്പോഴും, ടോള്‍സ്റ്റോയിയെ ‘റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി’ എന്നു വിളിച്ചു. ദസ്തയെവ്സ്കി യുവാക്കളെ വഴിപിഴപ്പിക്കുന്നവനാണത്രേ. മനുഷ്യരുടെ കഴുത്തറുക്കുന്നവര്‍ക്ക് ദസ്തയെവ്സ്കിയുടെ ലാവണ്യബോധം പിടികിട്ടുകയില്ല. പ്രഭുക്കന്മാരുടെ കുടുംബങ്ങളത്രയും കുളംതോണ്ടുകയും, തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങളെവരെ വധിക്കുകയും ചെയ്ത ലെനിന് ടോള്‍സ്റ്റോയി പ്രഭുവിന്റെ ‘യാസ്നായ പോള്യാന’ എന്ന തറവാട്ടിലേക്ക് ഘാതകരെ വിട്ടില്ല. മാക്സിം ഗോര്‍ക്കിയെ വധിച്ചത് സ്റ്റാലിനാണെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഗോര്‍ക്കി പ്രചാരണ സാഹിത്യത്തിന്റെ ആള് മാത്രമാണ്. ‘അമ്മ’ അതിനു മാത്രമാണുതകുന്നത്. കാലദേശപരിധികളെ ഉല്ലംഘിക്കുന്നതൊന്നും ഗോര്‍ക്കിയന്‍ രചനകളിലില്ല.
വ്യക്തിജീവിതത്തെയെന്നപോലെ ദസ്തയെവ്സ്കിയുടെ കൃതികളും റഷ്യയില്‍ വേട്ടയാടപ്പെട്ടു. പിന്നീട് എങ്ങനെയായിരുന്നു ആ ജീവിതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്?
സ്റ്റാലിന് ദസ്തയെവ്സ്കിയന്‍ സൗന്ദര്യശാസ്ത്രത്തെ വിലങ്ങിട്ടു നിര്‍ത്തി പുസ്തകങ്ങള്‍ നിരോധിച്ചു. ആ കൃതികളിലെ സംഗീതം ഋണാത്മകമാണെന്നായിരുന്നു സ്റ്റാലിന്റെ അഭിപ്രായം. പക്ഷേ, സ്റ്റാലിന് യുഗത്തിനുശേഷം ദസ്തയെവസ്കിയന് ആസ്വാദകരുടെ വികാരം അണപൊട്ടിയൊഴുകി. മനുഷ്യന് അഭിമുഖീകരിക്കുന്നതും അനുഭവിക്കുന്നതുമായ സകല പ്രഹേളികകളും ദസ്തയെവ്സ്കിയന്‍ രചനകളില്‍ സമന്വയിക്കുന്നു എന്നതാണിതിന് കാരണം. ഈ സങ്കീര്‍ണതകള്‍ക്കിടയിലും വായനക്കാരന് ഏതോ ശാന്തി ലഭിക്കുന്നുമുണ്ട്. ദസ്തയെവസ്കിയന് കൃതികള്‍ക്ക് ലോകത്തെമ്പാടും ഇന്ന് പുതിയ പതിപ്പുകള്‍ ഇറങ്ങുകയാണ്. അവ്യാഖ്യേയമാണ് ആ അക്ഷരപ്രപഞ്ചം.
എഴുത്തുപോലെ ഗാഢമായിരുന്ന ദസ്തയെവ്സ്കിയുടെ ജീവിതത്തെക്കുറിച്ച് എന്താണ് തോന്നിയിട്ടുള്ളത്?
ദസ്തയെവ്സ്കിയന്‍ കൃതികളിലേതുപോലെ ഒരു ലോകമാണ് ആ ജീവിതത്തിലുമുള്ളത്. ദസ്തയെവ്സ്കിയുടെ കലയും ജീവിതവും മലയാളത്തില്‍ രണ്ടു പുസ്തകങ്ങളിലൂടെ വിഖ്യാതമാണ്. ജി.എന്‍. പണിക്കരുടെ ‘ദസ്തയെവ്സ്കി-കലയും ജീവിതവും’ കെ. സുരേന്ദ്രന്റെ ‘ദസ്തയെവ്സ്കിയുടെ കഥ’ എന്നിവയാണവ. അനേകം ദുരന്തങ്ങള്‍ 59 വര്‍ഷങ്ങള്‍ മാത്രം നീണ്ടുനിന്ന ആ ജീവിതത്തില്‍ ആ മഹാത്മാവ് തിന്നുതീര്‍ത്തിരുന്നു. ബാല്യത്തില്‍ അമ്മ മരിച്ചു. പിന്നീട് പിതാവും. നിരപരാധിയായിരുന്നിട്ടും സൈബീരിയന്‍ കാരാഗൃഹത്തില്‍ കൈകാലുകളില്‍ ചങ്ങലകളോടെ അഞ്ചുവര്‍ഷം കൊടിയ പാതകികകള്ക്കിടയില് കഴിയേണ്ടിവന്നു. ആദ്യ ഭാര്യ മരിച്ചു. കാമുകി വഞ്ചിച്ചു. ആദ്യ ഭാര്യയുടെ ആദ്യ ബന്ധത്തിലെ കുറ്റവാളിയായ മകനെ ആജീവനാന്തം വളര്ത്തുപുത്രനാക്കി സഹിച്ചു. കടക്കാര് കഴുത്തു ഞെരിച്ചു. അപസ്മാരാക്രമണങ്ങള്‍, സാഹിത്യരംഗത്തെ വലിയ ശത്രുക്കള്‍ (തുര്ഗനവ്), സ്വന്തം ശിശുവിന്റെ മരണം, പട്ടിണി… പ്രകൃതി അദ്ദേഹത്തെ തെരഞ്ഞെടുത്ത് പതം വരുത്തുകയായിരുന്നുവെന്ന് തോന്നും. ദസ്തയെവ്സ്കിയന്‍ കൃതികളില്‍ മതനിരപേക്ഷമായ ആത്മീയതയുണ്ട്. വലിയ കാനനങ്ങളിലൂടെ കയറിയിറങ്ങി നാം ഒടുവിലെത്തുക ഒരു ശാന്തിഭൂവിലായിരിക്കും. ‘കരമസോവ് സഹോദരരി’ലെ ചില വചനങ്ങള്‍ ഭഗവദ്ഗീതയിലേതുപോലെ തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ തന്നെ ‘മണ്ണിലെ’ നുരയ്ക്കുന്ന വേദനയുടെ നരകം ആ കൃതികളില്‍ ഇഴുകിപ്പിടിച്ചു കിടക്കുകയും ചെയ്യും.
വിവര്‍ത്തനങ്ങള്‍ ചിലതുണ്ടായിട്ടും വിക്ടര്‍ യൂഗോയെപ്പോലെയോ പിന്നീട് ടോള്‍സ്റ്റോയി, മാര്‍ക്സിം ഗോര്‍ക്കി എന്നിവരെപ്പോലെയോ ദസ്തയെവ്സ്കി മലയാളത്തില്‍ ആഘോഷിക്കപ്പെടാതിരുന്നതിന്റെ കാരണമെന്താണ്?
യൂഗോയുടെ ‘പാവങ്ങള്‍’ മലയാളത്തെ ഗാഢമായി സ്വാധീനിച്ചു. ഓടയില്‍നിന്ന്, തോട്ടിയുടെ മകന് തുടങ്ങിയവ പ്രത്യക്ഷോദാഹരണങ്ങള്‍. ദസ്തയെവ്സ്കിയെ മലയാളി എഴുത്തുകാര്‍ക്ക് എന്തുകൊണ്ട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്ന പ്രശ്നത്തിന് ഒരുത്തരം തോന്നുന്നു. ആന്തര പ്രകൃതിയിലേക്കും ആന്തരസത്തയിലേക്കും ചൂഴ്ന്നിറങ്ങുന്ന രീതി മലയാളത്തില്‍ പൊതുവെ കാണപ്പെടുന്നില്ല. ബാഹ്യവര്ണനയില് അഭിരമിക്കുന്നവരാണ് ഏറിയകൂറും. ദസ്തയെവ്സ്കിയാല് ശരിയായി സ്വാധീനിക്കപ്പെട്ട ഒരു മലയാളി എഴുത്തുകാരനെപ്പോലും ചൂണ്ടിക്കാട്ടാനില്ല. നിലവാരമുള്ള മലയാളി വായനക്കാരന് ഒരിക്കലും ദസ്തയെവ്സ്കിയെ തിരസ്കരിച്ചില്ല. ഒരു ന്യൂനപക്ഷം എന്നും ദസ്തയെവ്സ്കിക്കൊപ്പമുണ്ട്. ആ കൃതികള്‍ വീണ്ടും വീണ്ടും അച്ചടിക്കപ്പെടുന്നു, വായിക്കപ്പെടുന്നു.
ഈ ഇരുന്നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ എന്തു തോന്നുന്നു?
ദസ്തയെവ്സ്കി ഒരു ഋഷിയായിരുന്നു. ആത്മത്തെക്കുറിച്ചുള്ള പര്യവേഷണങ്ങളാണ് ആ രചനകളത്രയും. ഈശ്വരനുണ്ടെങ്കില്‍ ഞാനും അനുശ്വരനാണെന്ന് ദസ്തയെവ്സ്കി പറയുമ്പോള്‍ അത് ഇന്ത്യന്‍ ഋഷി കണ്ടെത്തിയ ജീവബ്രഹ്മൈക്യം തന്നെയല്ലേ? കരമസോവ് സഹോദരന്മാര് എന്ന കൃതി ഒരു ഉപനിഷത്തായി കരുതാം.
ദസ്തയെവ്സ്കിയന്‍ വിവര്‍ത്തനങ്ങള്‍ കൂടാതെ ദസ്തയെവ്സ്കിയെക്കുറിച്ചുള്ള മറ്റ് രചനകളും താങ്കളുടേതായുണ്ടല്ലൊ?
ദസ്തയെവ്സ്കിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള റഷ്യന്‍ ക്രിസ്തു എന്ന നോവലാണ് അവയില്‍ പ്രധാനം. ദസ്തയെവ്സ്കിയുടെ പ്രണയ ജീവിതം, അറിയപ്പെടാത്ത ദസ്തയെവ്സ്കി എന്നീ പഠനഗ്രന്ഥങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: