കോട്ടയം: അവസാനം സിസ്റ്റര്‍ അഭയ കൊലക്കേസ് പരിസമാപ്തിയിലേക്ക്. തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ ഈ മാസം 22ന് വിധി പറയും. ഇന്നലെ ഫാ. തോമസ് കോട്ടൂരിന്റെ വിചാരണയാണ് പൂര്‍ത്തിയായത്. നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളത്തെ നടുക്കിയ, വികാരിമാരും കന്യാസ്ത്രീയുമുള്‍പ്പെട്ട കേസില്‍ വിധി വരുന്നത്.
1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ മരണം കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോണ്‍വെന്റിലെ അടുക്കളയ്ക്കടുത്തുള്ള മുറിയില്‍ വച്ചുള്ള ഇവരുടെ ശാരീരിക ബന്ധം, വെളുപ്പിനെ പഠിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ എത്തിയ സിസ്റ്റര്‍ അഭയ കണ്ടുവെന്നും തുടര്‍ന്ന് ഇവര്‍ അഭയയെ കോടാലിക്ക് അടിച്ചുവീഴ്ത്തി കിണറ്റിലിട്ടുവെന്നുമായിരുന്നു സിബിഐ കണ്ടെത്തിയത്. വിചാരണയ്ക്കിടെ തെളിവുകളുടെ അഭാവത്തില്‍ ഫാ. ജോസ് പുതൃക്കയിലിനെ കോടതി വിട്ടയച്ചു. പക്ഷെ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ വിചാരണ തുടര്‍ന്നു. തെളിവുനശിപ്പിക്കലും വിവാദങ്ങളും വിടാതെ പിന്തുടര്‍ന്ന കേസില്‍ വിചാരണ പൂര്‍ത്തിയായി 22ന് വിധി വരുമ്പോഴേക്കും അഭയയുടെ അച്ഛനും അമ്മയും ഈ ലോകത്തു നിന്നേ മറഞ്ഞിരിക്കുന്നു.
ആത്മഹത്യയായി മുങ്ങിപ്പോകുമായിരുന്ന കേസില്‍ നീതിക്കായി പോരാടിയത് ജോമോന് പുത്തന്‍പുരയ്ക്കല്‍ ആയിരുന്നു. കേസില്‍ പ്രതികളെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കിയതിന്റെ വീഡിയോ പുറത്തുവന്നതും തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലാബില്‍ രേഖ തിരുത്തിയതും വലിയ വിവാദമായി. കേസിന്റെ തുടക്കത്തില്‍ തന്നെ വിലപ്പെട്ട തെളിവുകളും അന്ന് എടുത്ത ചിത്രങ്ങളും മറ്റും ക്രൈംബ്രാഞ്ച് കത്തിച്ചു കളഞ്ഞതാണ് കേസ് വലിഞ്ഞിഴയാന്‍ കാരണമായത്. അന്നത്തെ ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിളിന്റെ നിര്‍ദേശ പ്രകാരമാണ് തെളിവുനശിപ്പിച്ചതെന്ന് വ്യക്തമായിരുന്നു.
സിസ്റ്റര്‍ അഭയയ്ക്കും അമ്മയ്ക്കും പാരമ്പര്യമായി മനോരോഗമുണ്ടെന്ന് വരുത്താനുള്ള നീക്കം പോലീസ് നടത്തിയതും വിവാദത്തില്‍ ചെന്നവസാനിച്ചു. ഇതിനിടെ ആദ്യ അന്വേഷണം നടത്തിയ സംഘത്തിലെ കോണ്‍സ്റ്റബിള്‍ വി.വി. അഗസ്റ്റിന് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതും കോലാഹലമുണ്ടാക്കി. സര്‍മ്മദ്ദം താങ്ങാന്‍ വയ്യാതെ അഗസ്റ്റിന് ജീവനൊടുക്കുകയായിരുന്നു. 2008 നവംബര്‍ 19നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2009 ജൂലൈ 17ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: