കോഴിക്കോട്: മത്സരിക്കുന്നത് ജയിക്കാന്‍ തന്നെയാണെന്നും എന്‍ഡിഎ ജില്ലയില്‍ ചരിത്രവിജയം നേടുമെന്നും എന്‍ഡിഎ ജില്ലാ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ അഡ്വ. വി.കെ. സജീവന്. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യകാലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികളോട് എത്ര വോട്ട് കിട്ടുമെന്നാണ് ചോദിച്ചിരുന്നത്. എന്നാലിന്ന് കാലം മാറി. ജയിക്കാന്‍ വേണ്ടി തന്നെയാണ് എന്‍ഡിഎ മുന്നണി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കുന്ന വിജയം ജില്ലയില്‍ നേടും.
കോഴിക്കോട് കോര്‍പ്പറേഷനില്‍ 44 സീറ്റുകളില്‍ വിജയം നേടി എന്‍ഡിഎ ഭരണം പിടിക്കും. രാമനാട്ടുകര, ഫറോക്ക് തുടങ്ങി നാല് മുനിസിപ്പാലിറ്റികളിലും ചെങ്ങോട്ടുകാവ്, കുന്ദമംഗലം തുടങ്ങി പത്തോളം ഗ്രാമപഞ്ചായത്തുകളിലും എന്‍ഡിഎ നിര്‍ണ്ണായക ശക്തിയാകും. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ശക്തമായ മുന്നേറ്റം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നടത്തും. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ എന്‍ഡിഎക്ക് വോട്ടായി മാറും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാദാപുരത്തടക്കം സിപിഎമ്മും കോണ്‍ഗ്രസും എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി എന്നിവരുമായി സഖ്യത്തിലാണ്. ഈ ബന്ധം മറയ്ക്കാന്‍ പരസ്പരം പഴിചാരുകമാത്രമാണ് ഇരുകൂട്ടരും ചെയ്യുന്നത്. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വോട്ട് വേണ്ടാന്ന് പറയാന്‍ ഇടതു – വലതുമുന്നണികള്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
കോര്‍പ്പറേഷനിലെ ഇടതു – വലതു മുന്നണി കൗണ്‍സിലര്‍മാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം നേതാക്കള്‍ പോലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാതെ സ്വതന്ത്രരായി മത്സരിക്കുന്നത് പാര്‍ട്ടി നയമാണ് എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മറുപടി. കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയല്ലെന്നും അദ്ദേഹം പറഞ്ഞു. അലന് ശുഹൈബിന്റെ പിതാവ് ശുഹൈബ് സിപിഎം അംഗമായിരുന്നത് പഴയകാര്യമാണെന്നും സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും കൂട്ടി ച്ചേര്‍ത്തു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി പരസ്യസഖ്യത്തിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: