രാജാക്കാട്: രാജകുമാരി പഞ്ചായത്തിലെ കുളപ്പാറച്ചാലില്‍ 6 കോടി മുടക്കി പണികഴിപ്പിച്ച വ്യവസായ പാര്‍ക്ക് നാശത്തിന്റെ വക്കില്‍. 2011ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മേഖലയിലെ ഏക വ്യവസായ സ്ഥാപനം വ്യവസായവകുപ്പിന്റെ അനാസ്ഥമൂലമാണ് ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ നശിച്ച് കിടക്കുന്നത്. പണി പൂര്‍ത്തികരിച്ച് 5 വര്‍ഷം കഴിഞ്ഞാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രണ്ടായിരം വനിതകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം.
സന്നദ്ധ സംഘടനകളും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരന്തരമായുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി ഏതാനും വര്‍ഷം മുന്‍പ് ഒരു സ്വകാര്യ കമ്പനിക്ക് ഈ സ്ഥാപനം വാടകയ്ക്ക് കൊടുക്കുകയാണ് ചെയ്തത്. തമിഴ്നാട്ടിലെ തിരുപ്പൂരുള്ള ഒരു സ്വകാര്യവസ്ത്ര നിര്‍മ്മാണ കമ്പനിക്കാണ് കൊടുത്തത്.
200 വനിതകള്‍ക്ക് ജോലി കൊടുത്തുകൊണ്ട് തുടങ്ങിയ പ്രസ്ഥാനം കഴിഞ്ഞ ഫെബ്രുവരി മാസം അടച്ച് പൂട്ടുകയും നടത്തിപ്പുകാര്‍ സ്ഥലം വിടുകയും ചെയ്തു. ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് യാതൊരാനുകൂല്യവും കൊടുത്തതുമില്ല. അന്വേഷിക്കുന്നതിനോ പരിഹാരം കാണുന്നതിനോ ജനപ്രതിനിധികളോ സര്‍ക്കാരോ ചെറു വിരലനക്കിയതുമില്ല.
കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളുടെ ദയനീയാവസ്ഥയിലെ വ്യക്തമായ ഉദാഹരണമാണ് ഈ സ്ഥാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: