റോം: ഇറ്റാലിയന്‍ ഫുട്ബോളിലെ ലോകകപ്പ് ഇതിഹാസം പാവ്ലോ റോസി (64) അന്തരിച്ചു. 1982 ലോകകപ്പില്‍ ഇറ്റലിയെ ചാമ്പ്യന്മാരാക്കുന്നതില് പ്രധാന പങ്കുവഹിച്ച താരമാണ് റോസി. ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്കാരങ്ങള്‍ നേടി. ബ്രസീല്‍, പോളണ്ട്, വെസ്റ്റ് ജര്‍മനി ടീമുകള്‍ക്കെതിരെയായിരുന്നു റോസിയുടെ മിന്നുന്ന പ്രകടനങ്ങള്‍. ടൂര്‍ണമെന്റിലാകെ റോസി നേടിയത് ആറ് ഗോളുകള്‍.
1982ല്‍ മികച്ച താരത്തിനുള്ള ബാലണ്‍ ദി ഓര് പുരസ്കാരം ലഭിച്ചു. രാജ്യത്തിനായി 48 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ നേടി. അഴിമതി ആരോപണത്തില്‍ നിന്ന് ഹീറോയിലേക്കുള്ള യാത്രയാണ് റോസിയുടെ ചരിത്രം. 1980ല്‍ കോഴയെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക് വിലക്ക്. എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ നിരപരാധിയെന്ന് ബോധ്യമായതോടെ കളത്തിലേക്ക് മടങ്ങിയെത്തി. തൊട്ടു പിന്നാലെ ലോകകപ്പ് ടീമിലും സ്ഥാനം നേടി. പിന്നീട് രണ്ടാം വരവ് ആഘോഷമാക്കുകയായിരുന്നു റോസി. 1978ലെ ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തിയ ഇറ്റാലിയന്‍ ടീമിലും അംഗമായിരുന്നു.
1973ല്‍ യുവന്റസിനായി അരങ്ങേറ്റം. പിന്നീട് എസി മിലാനായും കളിച്ചു. 1987ല്‍ 31-ാം വയസില്‍ വെറോണയില്‍ കളിക്കുമ്പോഴാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവന്റസിനൊപ്പം രണ്ടുതവണ സീരി എ കിരീടം നേടി. ഒരു തവണ കോപ്പ ഇറ്റാലിയയും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: