റോം: ഒത്തുകളി വിവാദത്തില്‍ പുറത്തുപോയൊരാള് പിന്നീട് ഒരു രാജ്യത്തിന്റെ വീരനായകനാകുന്നു, അതും അസാമാന്യ പ്രകടനത്തോടെ. 1980 കാലഘട്ടത്തിന്റെ തുടക്കം ഇറ്റലിക്ക് സമ്മാനിച്ചത് അത്തരമൊരു വീരനായകനെയാണ്. ഒരിക്കല്‍ ചതിയനെന്ന് മുദ്രകുത്തപ്പെട്ട് രാജ്യത്തിന് നാണക്കേടായവന്. പിന്നീട് അസാമാന്യ പ്രകടനത്തോടെ ഫുട്ബോള്‍ ചരിത്രത്തില്‍ ഇറ്റലിയെ പരമകോടിയിലെത്തിച്ച പ്രതിഭ. ഇറ്റലിക്ക് പാബ്ലെറ്റോ എന്ന പാവ്ലോ റോസി നാടകീയത നിറഞ്ഞ അതിമാനുഷനാണ്.
1982 ഫുട്ബോള്‍ ലോകകപ്പ് ഇറ്റാലിയന്‍ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പാവ്ലോ റോസിയുടെ ചിത്രം ഒപ്പമുണ്ടാകുമെന്നതില്‍ തര്‍ക്കം വേണ്ട. ലോകകിരീടം, ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍… 1982 ലോകകപ്പും പാബ്ലെറ്റോയും തമ്മിലുള്ള ബന്ധത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. അക്ഷരാര്‍ഥത്തില്‍ ഒരു ലോകകപ്പിനെ തന്റേതാക്കുകയായിരുന്നു പാബ്ലെറ്റോ.
ഫൈനല്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക മത്സരങ്ങളില്‍ പാബ്ലെറ്റോ മിന്നി തിളങ്ങുകയായിരുന്നു. ആ മികവിന്റെ രൗദ്രഭാവം അടുത്തറിഞ്ഞത് ഫുട്ബോള്‍ രാജാക്കന്മാരായ ബ്രസീലാണ്. ബാഴ്സലോണയില്‍ നടന്ന ഗ്രൂപ്പ് മത്സരത്തിന്റെ രണ്ടാം ഘട്ടം. കിരീടം മോഹിച്ചെത്തിയ ബ്രസീലിനെ പാബ്ലെറ്റോ ഒറ്റയ്ക്ക് കീഴടക്കി. വിഖ്യാതമായ ഹാട്രിക്ക് ഇറ്റലിക്ക് സമ്മാനിച്ചത് സെമി ഫൈനലിലേക്കുള്ള വഴി. ബ്രസീലിന്റെ തോല്‍വി 3-2ന്. പോളണ്ടിനെതിരായ സെമി പാവ്ലോക്ക് ബാഴ്സലോണയില്‍ നിര്ത്തിയിടത്തുനിന്നുള്ള തുടക്കമായിരുന്നു. മിന്നുന്ന രണ്ട് ഗോളുകളുമായി വീണ്ടും ഇറ്റലിയുടെ വിജയനായകനായി. ജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. ഫൈനലില്‍ ഇറ്റലി കളിച്ചത് പാവ്ലോയുടെ കാലുകളെ വലംവച്ചായിരുന്നെന്ന് പറയാം. അതിന് പാവ്ലോ ആദ്യ ഗോളിലൂടെ മറുപടി നല്കി. വെസ്റ്റ് ജര്‍മനിക്കെതിരായ ഫൈനല്‍ മത്സരം 3-2ന് ഇറ്റലി ജയിക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ പാവ്ലോയുടെ സമ്പാദ്യം ആറ് ഗോളുകള്‍.
തുടരെയുള്ള പാബ്ലെറ്റോയുടെ ഗോളുകള്‍ ചരിത്രമാണ്. ബ്രസീലില്‍ തുടങ്ങി വെസ്റ്റ് ജര്‍മനി വരെയുള്ള ചരിത്രം. ഈ ഗോളുകള്ക്കിടെ ഇറ്റാലിയന്‍ ടീമില്‍ മറ്റാര്‍ക്കും വല ചലിപ്പിക്കാനായില്ലെന്നതും യാദൃശ്ചികം. ലോകകപ്പ് പോലൊരു വേദിയില്‍ തുടരെ ആറ് ഗോളുകള്‍ നേടി ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുകയായിരുന്നു പാബ്ലെറ്റോ. ഇറ്റലിക്കാര്‍ക്ക് പാബ്ലെറ്റോയെന്നാല് പെനാല്‍റ്റി ബോക്സിലെ വേട്ടക്കാരനാണ്. ഏതു നിമിഷവും ഗോളിനായി വേട്ടയാടുന്നവന്. 1982ലെ ബാലന് ദി യോര്‍ ആ വേട്ടയുടെ കൗശലത തുറന്നു കാട്ടുന്നു. യുവന്റസിനായും എസി മിലാനായും ബൂട്ടുകെട്ടിയ പാവ്ലോക്ക് എന്നാല്‍ ആ അസാമാന്യത ആവര്‍ത്തിക്കാനായില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറഞ്ഞതുപോലെ ലോകകപ്പിനായി ജനിച്ച ഫുട്ബോള്‍ ദൈവമാകാം പാവ്ലോ റോസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: