ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി. ഭൂമി പൂജാ ചടങ്ങുകള്‍ക്കുശേഷമായിരുന്നു ശിലാസ്ഥാപനം. കേന്ദ്രമന്ത്രിമാരുടെയും മറ്റ് വിശിഷ്ട അഥികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാഫലകവും ചടങ്ങില്‍ അനാവരണം ചെയ്തു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി തുടങ്ങി 200 ഓളം പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.
മുന്‍ പ്രധാനമന്ത്രിമാര്‍, ലോക്സഭാ മുന്‍ സ്പീക്കര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവരും ശിലാസ്ഥാപന ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. 12 മതനേതാക്കളും ചടങ്ങിനെത്തി. ശക്തമായ ജനാധിപത്യമെന്ന കാഴചപ്പാടിലേക്കുള്ള വലിയ ചുവടുപയ്പുകളില്‍ ഒന്നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനമെന്ന് മോദി പറഞ്ഞു.
64,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുണ്ടാകും. പുതിയ കെട്ടിടത്തിന്റെയും അനുബന്ധ ഓഫിസ് സമുച്ചയത്തിന്റെ നിര്‍മാണം 2022-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 971 കോടി രൂപ ചെലവിട്ട് പണിയുന്ന മന്ദിരത്തില്‍ ലോക്സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടമുണ്ടായിരിക്കും.
അംഗങ്ങളുടെ എണ്ണത്തില്‍ ഭാവിയിലുണ്ടാകാന്‍ ഇടയുള്ള വര്‍ധന കണക്കിലെടുത്താണ് ഇത്രയും ഇരിപ്പിടങ്ങള്‍ ഒരുക്കുന്നത്. നിലവില്‍ ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളത്. ബേസ്മെന്റിനു പുറമേ രണ്ട് നിലകള്‍ കൂടി പുതിയ മന്ദിരത്തിനുണ്ട്. 861.9 കോടി രൂപയ്ക്ക് ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് നിര്‍മാണക്കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: