കല്‍പ്പറ്റ: വ്യത്യസ്തതകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പതിവ് തെരഞ്ഞെടുപ്പ് പ്രചരണ കാഴ്ചകള്‍ക്ക് ഇത്തവണ വിട. പ്രചാരണം നവമാധ്യമങ്ങള്‍ വഴി കൊഴുക്കുകയാണ്. കവലകളും ചായക്കടകളും കേന്ദ്രീകരിച്ച് നടന്ന ചൂടന്‍ ചര്‍ച്ചകള്‍ക്ക് കൊറോണ വിലങ്ങു തടിയായതോടെയാണ് തെരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങളുടെ മുഖ്യവേദിയായി സമൂഹമാധ്യമങ്ങള്‍ മാറിയത്.
കറുപ്പിലും വെളുപ്പിലും നിറഞ്ഞു നിന്ന പോസ്റ്ററുകളും ബാനറുകളും പണ്ടേ കളം വിട്ടെങ്കിലും തീര്‍ത്തും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പാണിത്. മറ്റു സ്ഥാനാര്‍ഥികളുടെ ഗംഭീര പോസ്റ്ററുകള്‍ക്കിടയില്‍ പിടിച്ചു നില്ക്കാന് കഴിയില്ലെന്ന ആശങ്ക തന്നെ കാരണം. ചില സ്ഥാനാര്‍ത്ഥികളൊക്കെ നേരത്തെ അച്ചടിച്ച പോസ്റ്ററുകള്‍ മാറ്റി പുതിയ സ്റ്റൈലില്‍ വീണ്ടും അച്ചടിച്ചു. ഒരുപക്ഷേ ഏറ്റവും കുറഞ്ഞ ചെലവില്‍ നടത്താന്‍ സാധിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരിക്കാം ഇത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തു വാര്‍ഡുകളില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥിക്ക് യഥാക്രമം 25,000, 75,000, 1,50,000 രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുക വളരെ കുറവാണെന്ന് പരസ്യമായും ര ഹസ്യമായും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉയര്‍ത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിടുക്കവും വേഗതയും കുറവാണെന്നും ചില ആരോപണവുമുണ്ട്. നവമാധ്യമങ്ങള്‍ തുറന്നാല്‍ നിറചിരിയുമായി കൈവീശിയും കളര്‍ഫുള്ളായും വോട്ടു ചോദിക്കുന്ന സ്ഥാനാര്‍ഥികളുടെ തള്ളിക്കയറ്റമാണ്. മാസ്കില്ലാത്ത മുഖം കാണിക്കാനും സ്ഥാനാര്‍ഥികള്‍ക്ക് നവമാധ്യമങ്ങള്തന്നെ മാര്‍ഗം.
ആള്‍ക്കൂട്ടത്തിനും വീടുകയറുന്നതിനും നിയന്ത്രണമുള്ളതിനാല്‍ പ്രചാരണത്തിന്റെ മുഖ്യവേദിയായി ഫേസ്ബുക്ക്, വാട്ട്സ്ആപ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം മാധ്യമങ്ങള്‍ മാറുകയാണ്. ഇതിനായി വാര്‍ഡുതലത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളും പ്രത്യേക ഐടി സെല്ലുകളും രൂപവത്കരിച്ചിട്ടുണ്ട്. പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങളും അഴിമതി ആരോപണങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കാനാണ് പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ഥികളുടെ ചിത്രവും ബാനറും അഭ്യര്‍ഥനയുമെല്ലാം പരമാവധി വോട്ടര്‍മാരിലെത്തിക്കാനാണ് ശ്രമം. ചെറുവീഡിയോകള്‍, കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ തുടങ്ങിയവയുടെ സാധ്യതയും ഉപയോഗിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടികളും ശക്തമാക്കിയതോടെ ഡിജിറ്റല്‍ വോട്ടഭ്യര്‍ഥന പൊതുജനങ്ങള്‍ക്കും നന്നേ രസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: