ഇടുക്കി: ജില്ലയില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമിയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 8 ഡിവൈഎസ്പിമാര്‍ക്കാണ് അതാത് മേഖലകളില്‍ ചുമതല. ഇവരുടെ കീഴില്‍ 46 സിഐ, 204 എസ്ഐ, 2119 സിവില്‍ പോലീസ്, 383 സ്പെഷ്യല്‍ സിവില്‍ പോലീസ്, 62 ഹോം ഗാര്‍ഡ്സ് എന്നിവരാണ് ഇന്ന് ജില്ലയില്‍ ക്രമസമാധാന പരിപാലന രംഗത്തുള്ളത്.
നിലവിലുള്ള സ്റ്റേഷന്‍ പരിധി കൂടാതെ അടിമാലി, വണ്ടിപ്പെരിയാര്‍, ഇടുക്കി എന്നീ മൂന്ന് സബ് ഡിവിഷനുകള്‍ ഉണ്ട്. കൂടാതെ ഇടമലക്കുടിയിലും ഡിവൈഎസ്പി ഡ്യൂട്ടിയിലുണ്ട്.
ഇടമലക്കുടി ഉള്‍പ്പെടെ 21 എണ്ണം വിദൂര ദുര്‍ഘട ബൂത്തുകളാണ്. ഈ ബൂത്തുകളിലെല്ലാം അടിയന്തര ആവശ്യങ്ങള്‍ക്കായി വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 109 പട്രോള്‍ സംഘങ്ങള്‍ ഉണ്ടാകും. ഇത് കൂടാതെ എസ്പിയുടെ സ്ട്രൈക്കിങ് ഫോഴ്സും രംഗത്തുണ്ടാകും.
10 ബൂത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വെബ്കാസ്റ്റ് ചെയ്യും. രണ്ട് ബൂത്തുകളിലെ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യും. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിനാണ് ജില്ലാ ആസ്ഥാനത്ത് ഏകോപന ചുമതല. അഡീ. എസ്പി സുരേഷ് കുമാറും മേല്‍നോട്ട ചുമതല വഹിക്കും. പ്രശ്നബാധിത ബൂത്തുകളിലും സ്ഥലത്തെ പാര്‍ട്ടി ഓഫീസുകള്‍ക്കും പോലീസ് ശക്തമായ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
80% പോളിങ്
കഴിഞ്ഞ തവണ 80% അടുത്തായിരുന്നു ജില്ലയിലെ മൊത്തം പോളിങ്. തൊടുപുഴ നഗരസഭയില്‍ 83.45, കട്ടപ്പനയില്‍ 78.03, ഇടമലക്കുടിയില്‍ 72.11 ശതമാനവുമാണ് ഇലക്ഷന്‍ കമ്മീഷന്‍ സ്ഥിരീകരിച്ച കണക്ക്.
നല്‍കുന്നത് മൊട്ടുസൂചി മുതല്‍ സാനിറ്റൈസര്‍ വരെ
തൊടുപുഴ: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള അവശ്യസാധനങ്ങളുടെ പട്ടികയില്‍ മൊട്ടുസൂചി മുതല്‍ സാനിറ്റൈസര്‍ വരെ ഉള്‍പ്പെടും.
ബാലറ്റ് യൂണിറ്റുകള്‍ അടങ്ങുന്ന തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കൊപ്പം പെന്‍സില്‍, പേന, പേപ്പര്‍, പശ, ബ്ലെയ്ഡ്, തീപ്പെട്ടി, മെഴുകുതിരി, റബര്‍ ബാന്‍ഡുകള്‍, സെല്ലോ ടേപ്പുകള്‍ എന്നിവയുണ്ട്. ഇത്തവണ കൊറോണ കണക്കിലെടുത്ത് സാനിറ്റൈസറും ഗ്ലൗസും മാസ്‌കും അധികമായുണ്ട്. കൊറോണ രോഗികള്‍ വോട്ട് ചെയ്യാനെത്തുന്ന ബൂത്തുകളില്‍ പിപിഇ കിറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസര്‍ എത്തിക്കും. കൈകഴുകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടാകും. സമ്മതിദായകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്ന സൂചനാ ബോര്‍ഡുകളും പോളിംഗ് സാമഗ്രികളുടെ കൂട്ടത്തിലുണ്ട്.
39,890 വോട്ടര്‍മാരുടെ വര്‍ദ്ധന
തൊടുപുഴ: ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ വിധി തീരുമാനിക്കുന്നതില്‍ പുതുവോട്ടര്‍മാര്‍ നിര്‍ണായകശക്തിയാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 39,890 വോട്ടര്‍മാരുടെ വര്‍ദ്ധനയാണ് ഇക്കുറിയുള്ളത്.
ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം 8,61,703 ആയിരുന്നു.
എന്നാല്‍ ഇത്തവണ 4,48,370 പുരുഷന്മാരും 4,53,221 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡറുമടക്കം 9,01,593 വോട്ടര്‍മാരുണ്ട്. യുവാക്കളടക്കമുള്ള പുതിയ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ വിലയിരുത്തല്‍ കൂടിയാകും ഈ തെരഞ്ഞെടുപ്പ്.
വോട്ടര്‍മാരുടെ ശ്രദ്ധയ്‌ക്ക്
തൊടുപുഴ: വായും മൂക്കും പൂര്‍ണ്ണമായും മറയുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക. പോളിങ് ബൂത്തില്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുക. ബൂത്തില്‍ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ബന്ധമായും കൈകള്‍ സാനിറ്റൈസ് ചെയ്യുക. പേന കയ്യില്‍ കരുതുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: