കൊച്ചി: ക്രൈസ്തവ സമൂഹം ഇനിയും കളിപ്പാവയായി മാറരുതെന്നും ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുള്ള ക്രൈസ്തവ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കണമെന്നും ലെയ്റ്റി വോയ്സ്. ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന ക്രൈസ്തവ ജനതയുടെ മുഖപത്രമാണ് ലെയ്റ്റി വോയ്സ്.
നാം വിശ്വാസം അര്‍പ്പിച്ചവര്‍ പലരും നമ്മെ ചതിച്ചു. ചതിക്കുക മാത്രമല്ല, നമുക്കെതിരെ ഉപയോഗിക്കാന്‍ അണിയറയില്‍ അസ്ത്രങ്ങള്‍ ഒരുക്കി അവസരം കണ്ടെത്തി പ്രയോഗിച്ചു. ക്രിസ്ത്യാനി മതം പറഞ്ഞാല്‍ വര്‍ഗീയത, ജനാധിപത്യ സംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്നവര്‍ മത വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഭീകരവാദികളുമായി സന്ധി ചെയ്യുന്നത് മതേതരത്വം, ലെയ്റ്റി വോയ്സ് ചീഫ് എഡിറ്റര്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖപ്രസംഗത്തില്‍ എഴുതുന്നു.
ക്രൈസ്തവ സമൂഹം നിഷ്പക്ഷ നിലപാടുകള്‍ കൊണ്ട്, നിര്‍വീര്യരാക്കപ്പെട്ടവരാണെന്ന തെറ്റിദ്ധാരണയുണ്ടെന്നും കളിപ്പാവയാകാതെ, ക്രൈസ്തവ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കണമെന്നും മുഖപ്രസംഗം തുടരുന്നു. തെരഞ്ഞെടുപ്പിനു മുമ്പുള്ള ഞായറാഴ്ചയില്‍ കുര്‍ബാനയ്ക്കുശേഷം വായിക്കാനുള്ള ഇടയ ലേഖനമോ, രാഷ്ട്രീയ നിലപാട് പ്രഖ്യാപന പ്രസംഗമോ ഇത്തവണ ഇല്ലായിരുന്നു. ഇടത്, വലത് മുന്നണികളില്‍ ഒന്നിനെയും രാഷ്ട്രീയമായി പിന്തുണയ്ക്കാന്‍ സഭ തയാറല്ലാത്ത സാഹചര്യത്തിലാണ് ഇടയ ലേഖനവും പ്രസംഗവും ഇത്തവണ വേണ്ടെന്നുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: