അഡ്വ. ജോജോ ജോസ്
നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്നത് കത്തോലിക്ക വിശ്വാസത്തിന്റെ കാതലാണ്. അതു കൊണ്ടുതന്നെ, ക്രൈസ്തവ സമൂഹം മറ്റു മതങ്ങളോട് എപ്പോഴും സ്നേഹത്തോടെയും സഹാനുഭൂതിയോടെയും മാത്രമേ ഇടപെട്ടിട്ടുള്ളൂ. പൊളിറ്റിക്കല്‍ ക്രിസ്ത്യാനിറ്റി എന്നത് ലോകത്തിലെ ഒരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമല്ല. ക്രൈസ്തവ സഭകള്‍, പ്രത്യേകിച്ചു കത്തോലിക്ക സഭ, ആഗോള തലത്തില്‍ എവിടെയും രാഷ്ട്രീയ അധികാരത്തിനായി ശ്രമിച്ചിട്ടില്ലെന്ന് കാണാം.
ലോകത്തിലെ എല്ലാ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളിലും ജനാധിപത്യം കുടികൊള്ളുന്നു. മറ്റു മതങ്ങളോട് ആദരവ് നിലനിര്‍ത്തുന്നു. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായ സ്ഥലങ്ങളിലെല്ലാം അതത് നാട്ടിലെ ദേശീയതയോടു ചേര്‍ന്ന് നിന്ന് സാംസ്കാരിക സമന്വയം ആര്‍ജ്ജിക്കാനും നടപ്പിലാക്കാനും സഭ ശ്രമിക്കുന്നു. പൊളിറ്റിക്കല്‍ ഇസ്ലാം പിന്തുടരുന്ന അല്ലെങ്കില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന് സ്വാധീനമുള്ള രാജ്യങ്ങളിലൊക്കെയും അവരുടെ ഏറ്റവും വലിയ ലക്ഷ്യം എപ്പോഴും ക്രൈസ്തവ സമൂഹമാണ്. 1921ലെ മലബാര്‍ കലാപത്തില്‍ പോലും ധാരാളം ക്രിസ്ത്യാനികള്‍ വധിക്കപ്പെട്ടിട്ടുണ്ട്. ആഗോള തലത്തില്‍ ജിഹാദികളുടെ ഏറ്റവും വലിയ ലക്ഷ്യം ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ്. അത് കഴിഞ്ഞു യഹൂദര്‍.
മതേതര ഇസ്ലാമിന്റെ മുഖമെന്നു ക്രൈസ്തവര്‍ വിശ്വസിച്ചിരുന്ന മുസ്ലിം ലീഗിന്റെ മുഖംമൂടിയാണ് ഹാഗിയ സോഫിയ വിഷയത്തില്‍ ചന്ദ്രികയിലെ ലേഖനത്തിലൂടെ മറനീക്കിയത്. അല്ല, അവര്‍ തന്നെ നീക്കിയത്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗമായി, കേരള ഭരണം കോണ്‍ഗ്രസിനെ ഉപയോഗിച്ചു കൊണ്ട് നേടാമെന്നുള്ള ആത്മവിശ്വാസം ലീഗിനുണ്ടായിരുക്കുന്നു. ആയിരത്തിലധികം വര്‍ഷം ആഗോള ക്രൈസ്തവ പാരമ്പര്യത്തിന്റെ ചിഹ്നമായിരുന്ന ഹാഗിയ സോഫിയ പള്ളിയെ ഓട്ടോമന്‍ രാജാക്കന്മാര് ബലമായി പിടിച്ചെടുത്തു മോസ്ക് ആക്കി മാറ്റിയെങ്കിലും പിന്നീട് ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ കെമാല്‍ പാഷ അതിനെ മ്യൂസിയമാക്കി മാറ്റി. എന്നാല്‍ ഇപ്പോള്‍ അധികാരത്തിലെത്തിയ എര്ദോഗാന് തുര്‍ക്കി കേന്ദ്രമാക്കി വീണ്ടും ഖാലിഫെറ്റ് സ്ഥാപിക്കുവാനും അങ്ങനെ ഖലീഫയാവാനുമുള്ള ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഭാഗമായി വീണ്ടും മോസ്ക് ആക്കി മാറ്റി. അത് ശരിയാണെന്നായിരുന്നു ലീഗ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. രാമജന്മഭൂമിയില്‍ ഇന്ത്യയിലെ ഹൈന്ദവര്‍ക്കുള്ള അതെ വൈകാരികതയും അവകാശവുമാണ് ക്രൈസ്തവര്‍ക്ക് ഹാഗിയ സോഫിയയിലുള്ളത് എന്ന് അറിയാത്തവരൊന്നുമല്ല പാണക്കാട്ടു കുടുംബത്തിന്റെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ്.
വ്യക്തി സ്വാതന്ത്ര്യം ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്ന ലണ്ടനില്‍പോലും ശരി അത്ത് നിയമത്തിനുവേണ്ടിയുള്ള മുറവിളി- അധികാരപൂര്‍വ്വമായ ആക്രോശം- ഉയരുമ്പോള്‍ മലയാറ്റൂരും മയിലാപ്പൂരും പരുമലയും കൊടുങ്ങല്ലൂരും മണര്‍കാടുമൊന്നും ജിഹാദികളുടെ കൈകള്‍ക്കു എത്താത്തതല്ലെന്ന് ക്രൈസ്തവര്‍ തിരിച്ചറിയേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വികസനത്തിനുവേണ്ടിയുള്ള പണം മുഴുവന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകളുടെ ഒത്തശയോടെ മുസ്ലിം സമുദായത്തിന് വേണ്ടി മാത്രം മാറ്റിവെയ്ക്കപ്പെടുന്നത് ഒരുതരത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ജിഹാദി പ്രവര്‍ത്തനമാണെന്നു നാം മനസിലാക്കണം.
കേരളത്തിലെ ക്രൈസ്തവ-ഹിന്ദു സ്വാധീനമുള്ള എല്ലാ ചെറു നഗരങ്ങളിലെയും വ്യാപാരം ആസൂത്രിതമായി ബിസിനസ് ജിഹാദിലൂടെ തീവ്ര നിലപാടുള്ള മുസ്ലിങ്ങള്‍ കൈക്കലാക്കുകയാണ്. ഭൂമി ജിഹാദിലൂടെ ക്രൈസ്തവര്‍ അദ്ധ്വാനിച്ച് പൊന്നുവിളയിക്കുന്ന ഭൂമി വന്‍ വില നല്കി വാങ്ങിക്കൊണ്ടു ക്രൈസ്തവരെ ഭൂരഹിതരാക്കുകയാണ്. കൃഷി മാത്രം അറിയാവുന്ന ക്രൈസ്തവര്‍ ഈ പണം തീരുന്നതോടെ ഭൂരഹിതരും ദരിദ്രരുമായി മാറുന്നു. വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മക്കളുടെ വരുമാനം മാത്രം ആശ്രയിക്കുന്ന ഇവര്‍, നാട് വിടാന്‍ നിര്‍ബന്ധിതരാകുന്നു.
ഇസ്ലാമിക തീവ്രവാദികള്‍ ഹിന്ദുക്കളെക്കാളധികം കേരളത്തില്‍ ഉന്നംവെക്കുന്നതു കത്തോലിക്കാ സഭയെയാണെന്നതിന്റെ തെളിവാണ് വിമത സന്ന്യസ്തര്‍ക്ക് ഇസ്ലാമിക സംഘടനകളില്‍ നിന്നും മീഡിയ വണ്‍ പോലുള്ള മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ലോഭമായ പിന്തുണ. സഭയില്‍ അന്തഃഛിദ്രമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഭാരതത്തിലെ പ്രത്യേകിച്ചു കേരളത്തിലെ ക്രൈസ്തവര്‍ വിശേഷിച്ചു കത്തോലിക്കര്‍ അവരുടെ നിലനില്‍പ്പുപോലും അപകടത്തിലാവുന്ന രീതിയിലുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് സഭാ പിതാക്കന്മാര് തിരിച്ചറിഞ്ഞതുകൊണ്ടാണ് ലവ് ജിഹാദിനെ സംബന്ധിച്ചും സംവരണം സംബന്ധിച്ച ലീഗിന്റെ നിലപാടിനെ വിമര്‍ശിച്ചും പ്രസ്താവനകള്‍ ഇറക്കാന്‍ കത്തോലിക്കാ സഭ നിര്‍ബന്ധിതമായത്.
ഈ സാഹചര്യത്തില്‍ സഭകള്‍ അവയുടെ രാഷ്ട്രീയത്തോടുള്ള നിലപാടുകള്‍ പുനര്‍വിചിന്തനം നടത്താന്‍ തയാറാവണം. ഇന്ത്യയിലെ ഏക ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപിയോട് പുറംതിരിഞ്ഞു നില്ക്കുന്ന സമീപനം മാറ്റാന്‍ സഭകള്‍ തയാറാവണം. ഭാരതത്തിലെ വിദ്യാഭ്യാസ – ആരോഗ്യ രംഗത്തെ മിഷന് പ്രവര്‍ത്തനങ്ങളെ ഹിന്ദുക്കള്‍ എന്നും അംഗീകരിച്ചിട്ടും ആശ്ലേഷിച്ചിട്ടുമേയുള്ളൂ. ഹൈന്ദവരില്‍നിന്നും ഒരിക്കലും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാരതത്തിലെവിടെയും എതിര്‍പ്പ് നേരിടേണ്ടി വന്നതായി ചൂണ്ടിക്കാണിക്കാന്‍ സഭകള്‍ക്ക് കഴിയില്ല. ഒറ്റപ്പെട്ട പ്രവര്‍ത്തികളെ സിപിഎം വളച്ചൊടിച്ചു പ്രചരിപ്പിക്കുമ്പോള്‍ അതല്ല സത്യമെന്നു പൊതുസമൂഹത്തോടു പറയാന്‍ സഭാ നേതൃത്വം തയ്യാറാവണം.
ബിജെപി ആര്‍എസ്എസുമായി സഭക്കുള്ള അകല്‍ച്ച കോണ്‍ഗ്രസ്സും സിപിഎമ്മും ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതാണ്. ധിഷണാശാലികളായ കേരളത്തിലെ സഭാപിതാക്കന്മാര്ക്ക് ഇത് അറിയാം. അന്ധമായ കോണ്‍ഗ്രസ് സ്നേഹംമൂലം പഞ്ചായത്തു – നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ സഭഇനിയും ശ്രമിക്കുന്നത് മുസ്ലീം ലീഗിനെ അധികാരത്തിലെത്തിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ്-സിപിഎം സ്വാധീനത്തില്‍നിന്ന് പുറത്തുകടന്നു ബിജെപിയെ കുറേകൂടി അടുത്തുകാണുവാനും മനസ്സിലാക്കുവാനും സഭകള്‍ തയാറാവണം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇതില്‍ കൂടുതല്‍ സ്നേഹവും ആദരവും പരിഗണനയും സഭകളില്‍ നിന്ന് ബിജെപി അര്‍ഹിക്കുന്നുണ്ട്.
കേരളത്തില്‍ നിലവില്‍ വന്ന സര്‍ക്കാരുകളൊക്കെ ക്രൈസ്തവ സ്വാധീനത്തിന്റെ കൂടിയാണ് അധികാരത്തിലെത്തിയത്. ക്രൈസ്തവര്‍ ഇല്ലാത്ത ഒരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ല. സഭകളുടെ സ്വാധീനവും ശക്തിയും വോട്ടും ആവോളം ആസ്വദിക്കുന്ന കോണ്‍ഗ്രസിലും സിപിഎമ്മിലും മുസ്ലിങ്ങള്‍ പിടിമുറുക്കിയ കാര്യം സഭ വിസ്മരിക്കരുത്. ബിജെപി ഒഴികെയുള്ള കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികളുടെ വിദ്യാര്‍ഥി യുവജന സംഘടനാ നേതൃത്വത്തിലെ സാമുദായിക പ്രാതിനിധ്യം പരിശോധിക്കേണ്ടതുണ്ട്. അവയിലെവിടെയെങ്കിലും നാമമാത്രമായല്ലാതെ ക്രിസ്ത്യാനികളെ കാണാന്‍ കഴിയുമോ? കേരള കോണ്‍ഗ്രസ് പോലുള്ള വ്യക്ത്യധിഷ്ടിതമായ പാര്‍ട്ടികളില്‍ വിശ്വാസമര്‍പ്പിക്കാതെ കൂടുതല്‍ ദേശീയ കാഴ്ചപ്പാടോടെ ബിജെപിയുമായി സഹകരിക്കാന്‍ വിശ്വാസികളെ സ്വതന്ത്രമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ ആവശ്യമാണ്.
സഭ സാഹചര്യത്തിന്റെ ആവശ്യകത തിരിച്ചറിയേണ്ടതുണ്ട്. ധിഷണാശാലികളായ സഭാപിതാക്കന്മാര് കാലവിളംബം കൂടാതെ കാലം അവരില്‍ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തം നിറവേറ്റി ഹിന്ദു ക്രിസ്ത്യന്‍ ഐക്യത്തിലൂടെ സഭകളെ കൂടുതല്‍ ഔന്നത്യത്തില്‍ എത്തിക്കണം. ഈ ഐക്യത്തിലൂടെ മതേതര മനോഭാവമുള്ള മുസ്ലിം സമൂഹത്തിന്റെ വിശ്വാസവും നേടാന്‍ കഴിയും. മതഭീകരതയെ വളമാക്കുന്ന സംഘടനകളെ അകറ്റിനിര്‍ത്താന്‍ കഴിയും. കരുത്തുറ്റ ക്രിസ്ത്യന്‍ നേതാക്കളെ ബിജെപിയില്‍ സൃഷ്ടിക്കേണ്ടത് ഈ നാടിന്റെയും സഭകളുടെയും ആവശ്യമാണ്. അതിനു ക്രൈസ്തവ വിശ്വാസികളായ ജനപ്രതിനിധികള്‍ ബിജെപിയിലൂടെ ഉണ്ടാവേണ്ടതുണ്ട്. അതിനു യുക്തമായ ഇടപെടലുകളാണ് സഭയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: