തിരുവനന്തപുരം: സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായതോടെ വി.എസ്. അച്യുതാനന്ദന്റെ താരപരിവേഷം എടുത്തണിയാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ സംശുദ്ധനെന്ന് വരുത്തിത്തീര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിലാണ് ഐസക്ക്.
അഴിമതി ആരോപണങ്ങളില്‍പെട്ട് ഉഴലുന്നതിനാല്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. മൂന്ന് മാസം കഴിയുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നു. ആരെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സിപിഎമ്മില്‍ ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. കളങ്കിതനായതിനാല് പിണറായിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഇതോടെ താര പരിവേഷമുള്ള നേതാക്കള്‍ സിപിഎമ്മില്‍ ഇല്ലാതാകും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് തോറ്റ വി.എസ്. അച്യുതാനന്ദന് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത് മൂന്നാര്‍ കൈയേറ്റത്തിനെതിരെയുള്ള സമര നായകനായിട്ടാണ്. മൂന്നാറിലെ സിപിഎം-സിപിഐ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പ് പോലും വകവയ്ക്കാതെയായിരുന്നു വി.എസിന്റെ മുന്നേറ്റം. വി.എസിനെതിരെ മൂന്നാറിലെ ഇടതു നേതാക്കള്‍ പരസ്യപ്രതിഷേധവും സിപിഎം സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പിണറായി രൂക്ഷവിമര്‍ശനവും നടത്തിയിരുന്നു.
പലവട്ടം താക്കീതു നല്‍കിയിട്ടും പിന്മാറാതെ ഒരു നിഷ്പക്ഷ നേതാവെന്ന ജനകീയ പരിവേഷം വി.എസ് ജനങ്ങളില്‍ നിന്നു നേടിയെടുത്തു. ഇതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താനല്ലാതെ മറ്റാരുമില്ലെന്ന തോന്നല്‍ വി.എസ് ഉണ്ടാക്കി. വി.എസിനെ മാറ്റി നിര്‍ത്താന്‍ പിണറായി ആവത് ശ്രമിച്ചിട്ടും നടന്നതുമില്ല. ഇതോടെ വി.എസ് എന്ന നേതാവിനെ ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തില്‍ എത്തിയതും.
വി.എസിന്റെ ഇതേ രീതിയാണ് തോമസ് ഐസക്കും തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതികളില്‍ തനിക്ക് പങ്കില്ല. എല്ലാം തന്നിഷ്ട പ്രകാരം മുഖ്യമന്ത്രി നടത്തിയതിന്റെ പരിണത ഫലം. തന്റെ വകുപ്പില്‍ പോലും താന്‍ കാണാതെ പല ഫയലുകളും മുഖ്യമന്ത്രി നേരിട്ട് ധനകാര്യ സെക്രട്ടറിയുമായി ചേര്‍ന്ന് നടപ്പാക്കി. തനിക്കെതിരെയുള്ള ഇപ്പോഴത്തെ വിവാദം സംസ്ഥാന വികസനത്തെ എതിര്‍ത്തവര്‍ക്കെതിരെ നിലകൊണ്ടതിനാലാണെന്നും തോമസ് ഐസക്ക് പ്രചരിപ്പിക്കുന്നു. സിഎജി റിപ്പോര്‍ട്ടുമായുള്ള വിവാദത്തില്‍ നിയമസഭ എത്തിക്സ് കമ്മിറ്റിയല്ല ഏത് കമ്മിറ്റിക്ക് മുന്നിലും ഹാജരാകാന്‍ തയാറാണെന്ന് ഐസക്ക് വെല്ലുവിളിച്ച് പറയുന്നതും വി.എസ് അന്ന് പാര്‍ട്ടിയെ വെല്ലുവിളിച്ചതിനു സമാനമാണ്.
നേതൃനിരയില്‍ എത്തുന്നതിനായി ക്രിസ്തീയ സഭകളുടെ പിന്തുണയും ഐസക്ക് നേടിയെടുക്കുന്നുണ്ട്. ഇതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ തന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത വിധം പാര്‍ട്ടിയില്‍ ഐസക്ക് ചരടുവലി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: