കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് ‘ആരുടെ വട്ടാണോ എന്തോ’ എന്നാണ് താടി മാന്തിപ്പറിച്ച് ആകാശത്തേക്ക് നോക്കി അന്തം വിട്ട ഐസക്ക് ആത്മഗതം ചെയ്തത്. ആത്മഗതം അത്രയ്ക്ക് മ്യൂട്ട് അല്ലാതിരുന്നതിനാല്‍ ചാനലുകള്‍ അത് ഒപ്പിയെടുത്തു. ഐസക്ക് വട്ടനെന്ന് വിളിച്ചത് മുഖ്യമന്ത്രി വിജയനെയാണെന്നായിരുന്നു അവരുടെ ഒരിത്.
സംഗതി വിജിലന്‍സ് റെയ്ഡാണല്ലോ. വിജിലന്‍സ് ഭരിക്കുന്നത് വിജയനുമാണല്ലോ. അപ്പോള്‍പിന്നെ വിജിലന്‍സ് റെയ്ഡിന് പിന്നിലെ വട്ട് ആരുടേതാണെന്ന് നാട്ടുകാര്‍ മനസ്സിലാക്കണം എന്ന ചോദ്യമാണ് ചാനലുകാരും പത്രങ്ങളും ഉയര്‍ത്തിയത്. കുറേ കാലത്തിന് ശേഷമാണ് ഇത്രയും ലോജിക്കുള്ള ഒരു ചോദ്യം ഉയരുന്നത്. സംഗതി വഷളായപ്പോള്‍ വിജയനെയും പാര്‍ട്ടിയെയും പ്രതിരോധിക്കാനിറങ്ങിയ ഒരു ലോക്കല്‍ നേതാവ് തെരഞ്ഞെടുപ്പ് പോരിനിടയിലെ കവലയോഗത്തില്‍ നിറഞ്ഞാടി. ”മന്ത്രി ഐസക്ക് മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. മുഖ്യമന്ത്രി എന്ന് ഐസക്ക് പറഞ്ഞിട്ടേയില്ല. അദ്ദേഹം വിജിലന്‍സ് നിയന്ത്രിക്കുന്ന ആളെക്കുറിച്ചാണ് അങ്ങനെ പറഞ്ഞത്.” കേട്ടുനിന്ന സഖാക്കള്‍ കയ്യടിച്ചു. വിജിലന്‍സ് നിയന്ത്രിക്കുന്ന ആളാരാണെന്ന് തെരഞ്ഞുനടപ്പാണ് ഇപ്പോള്‍ സഖാക്കള്‍.
മുഖ്യമന്ത്രിയെ നന്നായി അറിയാവുന്ന ആളാണ് ഐസക്ക്. വിജിലന്‍സ് റെയ്ഡ് വിജയന് അറിഞ്ഞാവില്ല എന്ന് അദ്ദേഹം വെറുതെ പറയുന്നതല്ല. വിജയന് ഒന്നും അറിയാത്ത പൈതലാണ്. സര്‍ക്കാരില്‍ എന്ത് നടക്കുന്നുവെന്ന് പോലും പാവത്തിന് അറിയില്ല. ഒന്നും അറിഞ്ഞുകൂടാത്തതുകൊണ്ടാണ് എല്ലാം അറിയുന്ന ബ്രിട്ടാസ് മുതല്‍ ജയരാജന് വരെയുള്ളവരെ ചെല്ലും ചെലവും കൊടുത്ത് ചുറ്റുമിരുത്തിയിരിക്കുന്നത്. അതും പോരാഞ്ഞ് ‘നാം മുന്നോട്ട്’ എന്നൊക്കെ പറഞ്ഞ് ചാനലുകള്‍ക്ക് അങ്ങോട്ട് പണം കൊടുത്ത് രാജാപാര്‍ട്ട് കളിക്കും. ഒപ്പിടുന്നത് പോലും താന്‍ ചൂണ്ടിക്കാണിക്കുന്നിടത്താണെന്ന് സ്വപ്നപദ്ധതികളുടെ മൊത്തം ഉടയോന് ശിവശങ്കരന് വിളിച്ചുപറഞ്ഞിട്ടും കമാന്നൊരക്ഷരം മറുത്ത് പറയാന്‍ പാര്‍ട്ടിയില്‍ ഒരുത്തനും ഇല്ലാതെ പോയതിനും കാരണം വേറെ തെരയണ്ട.
മുഖ്യമന്ത്രിയാണെന്ന് പോലും ഇടയ്ക്കിടയ്ക്ക് മറന്നുപോകും. അന്നേരമാണ് പാവം പാര്‍ട്ടി സെക്രട്ടറിയുടെ ബാധ കേറിയ മാതിരി ഉറഞ്ഞുതുള്ളുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് കോവിഡ് കാല പാചകവിധിയാണ് പത്രസമ്മേളനത്തിന്റെ അജണ്ടയെങ്കില്‍ നാളെ അത് മഴക്കാലത്ത് നാം സ്വീകരിക്കേണ്ട മുന്‍ കരുതലിനെക്കുറിച്ചാവും. ചിലപ്പോള്‍ കുക്കറി ഷോ, മറ്റ് ചിലപ്പോള്‍ കൗമാരക്കാര്‍ക്ക് കൗണ്‍സലിങ്. സോപ്പ്, മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയ നിര്‍ദേശങ്ങളും മരുന്ന് കുറിപ്പടി വിതരണവും ഒക്കെയായി ഒരു മണിക്കൂര്‍ നേരം കണ്ണൂര്‍ മോഡല്‍ കരുതലില്‍ ഒരലക്കാണ്. അതിനിടയിലാണ് സ്പ്രിങ്ക്ളറും സ്വപ്നയും സ്വര്‍ണക്കടത്തും കിഫ്ബിയും മയക്കുമരുന്നും ബിനീഷും കോടിയേരിയുമൊക്കെ കയറി വരുന്നത്. ‘ഒന്നും അനക്കറിയില്ല, ഓരെ ഞാന്‍ കണ്ടിറ്റില്ല, ങ്ങടെ സൂക്കേട് അനക്കറിയാം, അതൊന്നും വിലപ്പോവില്ല….’ എന്നൊക്കെയാണ് പാവത്തിന്റെ പിടിത്തം കിട്ടാത്ത പിടിവള്ളികള്‍.
എല്ലാ വഴിയും മുട്ടുമ്പോഴാണ് പിന്നെ ബാധ കയറുന്നത്. അപ്പോള്‍ പാര്‍ട്ടിസെക്രട്ടറിയാകും. കണ്ണുരുട്ടും, ഇരട്ടച്ചങ്ക് പിടയ്ക്കും, ഏതാണ്ടൊക്കെ ഉരുണ്ടുകയറും. മാധ്യമസിന്‍ഡിക്കേറ്റ്, ഉഷാഉതുപ്പിന്റെ ഗാനമേള തുടങ്ങി പഴയകാല പടക്കങ്ങള്‍ മുതല്‍ വിരട്ടലും വിലപേശലും, ബ്രണ്ണന്‍കത്തി, കടക്ക് പുറത്ത് പോലുള്ള പുത്തന്‍ അമിട്ടുകള്‍ വരെ നിര്‍ത്താതെ എടുത്ത് പയറ്റും. സമയം നോക്കിയാണ് പരിപാടി. കൃത്യം ഒരു മണിക്കൂര്‍ തികയും വരെ ബാധ കയറി ഉറഞ്ഞാടും. ആരെങ്കിലും മറുത്തെങ്കിലും പറേന്നതിന് മുമ്പ് ‘ഇന്നത്തെ സമയം കഴിഞ്ഞു’ എന്ന് സ്റ്റോപ്പിട്ട് ഒറ്റപ്പോക്കാണ്. ലോക്ക്ഡൗണ്‍ കാലം മുതല്‍ ഇത്രനാളും കണ്ടിട്ട് നമ്മളാരും ‘ഇതെന്ത് വട്ടാണ്’ എന്ന് ഇതുവരെ ചോദിച്ചിട്ടില്ലല്ലോ. എന്നിട്ടും ഐസക്ക് അന്തംവിട്ട് ഇങ്ങനെ പറയണമെങ്കില്‍ കാരണം വേറെ കാണണം. വിജിലന്‍സിലെ എന്നല്ല സംസ്ഥാനത്ത് നടക്കുന്ന ഒന്നിനെക്കുറിച്ചും ഒന്നുമറിയാത്തയാളാണ് വിജയന് എന്ന കുത്തുണ്ട് ഐസക്കിന്റെ അത് മുഖ്യമന്ത്രിയറിഞ്ഞാവില്ല എന്ന പരിഹാസത്തില്‍.
ഒന്നും പുറത്തുപോയി പറയരുതെന്നാണ് ഐസക്കിന് കിട്ടിയ പാര്‍ട്ടി ഉപദേശം. സ്പ്രിങ്ക്ളര്‍ ചോര്‍ത്തിയതിനേക്കാള്‍ വലിയ ചോര്‍ത്തലാണ് ഐസക്ക് ഒപ്പമിരുന്ന് നടത്തുന്നതെന്നൊരു ശങ്ക വിജയനില്ലാതില്ല. വിജയനെ കൊണ്ട് ഒന്നും നടക്കില്ലെന്നും നടന്നതെന്തെങ്കിലുമുണ്ടെങ്കില്‍ത്തന്നെ താനും കിഫ്ബിയും ചേര്‍ന്ന് ഒപ്പിച്ചതാണെന്നുമാണ് ഐസക്ക് പറയാതെ പറയുന്നത്. പത്രങ്ങളിലും ചാനലുകളിലുമെല്ലാം ലോഡ് കണക്കിന് പരസ്യം കൊടുത്താണ് കിഫ്ബി മുഖം മിനുക്കിയത്. പദ്ധതികള്‍ പലതും ഏട്ടിലാണെങ്കിലും പുല്ല് തിന്നാനൊരുങ്ങിത്തന്നെയാണ് ഐസക്ക് ആ പണി നടത്തിയത്.
വെട്ടിനിരത്തലും തട്ടിക്കൂട്ടലും ഒത്തിരി കണ്ട് തയമ്പിച്ചാണ് വിജയന് മിന്നല്‍ പിണറായതെന്ന് അറിയാതെയാണ് ഐസക്ക് ആ കളിക്ക് ഒരുമ്പെട്ടത്. വെട്ടിന് വെട്ട് എന്നതാണ് നയം. അതില്‍ നിന്ന് പ്രായമിത്രയായിട്ടും വിജയന് മാറിയിട്ടില്ലെന്ന് സാരം. ക്വാറിയില്‍ പോയതുപോലെ, മണലൂറ്റ് പിടിക്കും പോലെ, വില്ലേജോഫീസില്‍ കയറും പോലെ വിജിലന്‍സ് കെഎസ്എഫ്ഇയിലും കയറും. അതില്‍ ചൊരുക്ക് തോന്നുന്നെങ്കില്‍ അത് ഐസക്കിനല്ല, മാധ്യമങ്ങള്‍ക്കാണ്.
”മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ട്. നിങ്ങള്‍ അന്ന് ഒന്ന് പരിശ്രമിച്ചതാണല്ലോ, അന്നൊന്നും നടന്നില്ലാലോ… ങ്ങളാ പഴേ സ്വഭാവം വീണ്ടും കാണിക്കുകയാണ്… പിന്നേം അതിന് ശ്രമിക്കണ്ടാന്നാണ് അനക്ക് പറയാനുള്ളത്….. ”
എല്ലാം കേട്ടിട്ട് ”ശശി….. പാലാരിവട്ടം ശശീ” എന്ന് ആരേലും തിരിച്ചറിഞ്ഞ് ആര്‍ത്തുവിളിച്ചാല്‍ അതിന് പിന്നിലും ആരുടെ വട്ടാണെന്ന് ചോദ്യമുണ്ടാവുമോ ആവോ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: