ദോഹ: സൗദി വ്യോമപാതയില്‍ ഖത്തറിനുള്ള വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച പുതിയ കരാറില്‍ സൗദി ഉടന്‍ തന്നെ ഒപ്പു വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതാണ് പുതിയ സൂചനകൾക്ക് വഴി തുറന്നത്.
ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ക്കായി സൗദി അറേബ്യ തങ്ങളുടെ വ്യോമ മാര്‍ഗം തുറന്നേക്കും. കര അതിര്‍ത്തിയും സൗദി തുറന്നു നല്‍കുമെന്ന റിപ്പോര്‍ട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ജറാഡ് കുഷ്നര്‍ ഖത്തര്‍, സൗദി അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണിത്.
ട്രംപ് സ്ഥാനമൊഴിയുന്ന ജനുവരി 20നു മുന്‍പ് ഖത്തറിനും സൗദിക്കും ഇടയിലെ യാത്രാവിലക്ക് നീക്കുകയാണു ലക്ഷ്യമെന്ന് കുഷ്നര്‍ അറിയിച്ചിരുന്നു. സൗദി തീരുമാനമെടുത്താല്‍ ബഹ്റൈനും യു.എ.ഇയും ഈ തീരുമാനം പിന്തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്.
മൂന്നു വര്‍ഷത്തെ ഗള്‍ഫ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു കുഷ്നര്‍ ഖത്തര്‍, സൗദി സന്ദര്‍ശനം നടത്തിയത്. അതേസമയം, ഖത്തര്‍ ഉപരോധം അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി ഉയര്‍ന്നുവരുന്നുണ്ട്.
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ തങ്ങളുടെ രാജ്യം വഴികള്‍ തേടുകയാണെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദ് നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: