തൃശൂര്‍: തീരദേശ-കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന ജില്ലാപഞ്ചായത്ത് കൈപ്പമംഗലം ഡിവിഷനില്‍ വികസന മുരടിപ്പിന്റെ കയ്പുനീരാണ് കുടിച്ചെതെന്ന് ജനങ്ങള്‍. പെരിഞ്ഞനം, കൈപ്പമംഗലം (17 വാര്‍ഡുകള്‍), മതിലകം (15 വാര്‍ഡുകള്‍), എസ്എന്‍പുരം (6 വാര്‍ഡുകള്‍), എടതിരുത്തി (4 വാര്‍ഡുകള്‍), എടവിലങ്ങ് (2 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കൈപ്പമംഗലം ഡിവിഷന്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും ഡിവിഷനില്‍ നടന്നിട്ടില്ലെന്ന് ബിജെപിയും യുഡിഎഫും ഒരുപോലെ പറയുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ പോലും നടപ്പാക്കിയിട്ടില്ല. പദ്ധതികള്‍ നടപ്പാക്കുന്നതിലെല്ലാം രാഷ്ട്രീയ വിവേചനമുണ്ടായി. ജലജീവന്‍ പോലുള്ള ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികളെയെല്ലാം ജില്ലാപഞ്ചായത്ത് അവഗണിച്ചു.
കടലാക്രമണ ഭീഷണിയുള്ള മേഖലയായിട്ടും കടല്‍ഭിത്തി നിര്‍മ്മാണമെന്നത് ജലരേഖയായി. മേഖലയില്‍ ഭൂമാഫിയയുടെ പ്രവര്‍ത്തനം സജീവമാണ്. തീരദേശ മേഖല കേന്ദ്രീകരിച്ച് വന്‍കിട കുത്തക ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിസോര്‍ട്ടിനും മറ്റുമായി തീരദേശവാസികളുടെ സ്ഥലം തുച്ഛമായ വിലയ്ക്കാണ് ഇവര്‍ വാങ്ങുന്നത്. ഇതിനു പിന്നില്‍ തീരദേശവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള ഗൂഢതന്ത്രമാണ്. സര്‍ക്കാരിന്റെ പേരു പറഞ്ഞ് തീരദേശവാസികളുടെ ഭൂമി ഏറ്റെടുക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഡിവിഷനില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ശോചനീയാവസ്ഥയിലാണ്. എല്‍ഡിഎഫിലെ ബി.ജി വിഷ്ണുവാണ് നിലവില്‍ കൈപ്പമംഗലം ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* തീരദേശവാസികള്‍ കടലാക്രമണ ഭീതിയില്‍. കടല്‍ഭിത്തി നിര്‍മ്മാണം പാഴ്വാക്കായി
* കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതികളൊന്നും നടപ്പാക്കിയില്ല
* തീരദേശ മേഖലയ്ക്കായി പ്രത്യേക വികസസപദ്ധതികളൊന്നും ആവിഷ്ക്കരിച്ചില്ല
* സംരക്ഷണമില്ലാതെ തീരദേശവാസികള്‍ അരക്ഷിതാവസ്ഥയില്‍
* ഡിവിഷനിലെ കണ്ടല്‍കാട് വെട്ടിനശിപ്പിച്ച് സ്വകാര്യ വ്യക്തിക്ക് പദ്ധതിയ്ക്കായി അനുവാദം നല്കി. നാട്ടുകാര്‍ സമരം നടത്തിയിട്ടും ജില്ലാപഞ്ചായത്ത് നടപടിയെടുത്തില്ല
* പട്ടികജാതി കോളനികളില്‍ സമഗ്ര വികസനമുണ്ടായില്ല. അടിസ്ഥാന സൗകര്യമില്ലാതെ കോളനിവാസികള്‍ ദുരിതമനുഭവിക്കുന്നു
* ഡിവിഷനിലെ സുനാമി കോളനികളിലൊന്നും സര്‍ക്കാരിന്റെ ആനൂകൂല്യങ്ങളെത്തിയില്ല
* കടലോര മേഖലയില്‍ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ജിയോ ബാഗ് പുനസ്ഥാപിച്ചിട്ടില്ല. കടല്‍ഭിത്തി അറ്റകുറ്റപ്പണി നടത്തിയിട്ട് 35 വര്‍ഷം പിന്നിടുന്നു
* പ്രളയത്തില്‍ വീടും കൃഷിയും നശിച്ചവര്‍ക്കൊന്നും ദുരിതാശ്വാസം ലഭ്യമാക്കിയില്ല
* ആനൂകൂല്യങ്ങള്‍ നല്കുന്നതില് സ്വജനപക്ഷപാതം കാണിച്ചു
* കടല്‍ച്ചൊറിയെ തുടര്‍ന്ന് വലകള്‍ നശിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായമനുവദിച്ചില്ല
* വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തി. നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല
* ഡിവിഷനില്‍ കടുത്ത കുടിവെള്ള ക്ഷാമമുള്ളപ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയില്ല
* അങ്കണവാടികളുടെ സ്ഥിതി ശോചനീയം. പല അങ്കണവാടികളിലും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍
* തീരദേശറോഡുകള്‍ തകര്‍ന്നു കിടക്കുന്നു. അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ റോഡുകളിലൂടെയുള്ള യാത്ര ദുഷ്ക്കരം
എല്‍ഡിഎഫ് അവകാശവാദം
* കൈപ്പമംഗലം വിഎച്ച്എസ്എസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 44 ലക്ഷം രൂപ നല്കി
* ചാമക്കാല മാപ്പിള എച്ച്എസ് എസ് സ്കൂളില്‍ 30 ലക്ഷം രൂപ വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി. എടതിരുത്തി മാപ്പിള എച്ച്എസ്എസില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 22 ലക്ഷം രൂപ നല്കി
* 15 ലക്ഷം രൂപ വിനിയോഗിച്ച് പെരിഞ്ഞനം വിഎച്ച്എസ്എസ് കോളനിയില്‍ സമഗ്ര വികസനം നടപ്പാക്കി
* മതിലകം ഭജനമഠം പട്ടികജാതി കോളനി സംരക്ഷണ ഭിത്തി നിര്‍മ്മാണം 15 ലക്ഷം രൂപയും എസ്എന്‍പുരം അറപ്പതോട് പാലം നിര്‍മ്മാണത്തിന് 30 ലക്ഷം രൂപയും നല്കി
* എടതിരുത്തി ഐഎച്ച്ഡിപി കോളനിയില്‍ സാംസ്കാരിക നിലയം നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപ നല്കി
* കൈപ്പമംഗലം കൊപ്രക്കളം പഞ്ഞംപള്ളി റോഡ് നിര്‍മ്മാണത്തിന് 25 ലക്ഷം അനുവദിച്ചു. 25 ലക്ഷം രൂപ ചെലവില്‍ മതിലകം പുതിയകാവ് ആറാട്ടുക്കടവ് റോഡ് നിര്‍മ്മിച്ചു
* ചെന്ത്രാപ്പിന്നി-ചാമക്കാല റോഡ് നിര്‍മ്മാണത്തിന് 18 ലക്ഷം രൂപ നല്കി. പെരിഞ്ഞനം കൊറ്റംകുളം ഈസ്റ്റ് യുപി സ്കൂള്‍ റോഡ് നിര്‍മ്മാണത്തിന് 22 ലക്ഷം രൂപ അനുവദിച്ചു
* കൈപ്പമംഗലം മൂന്നുപീടിക ബീച്ച് റോഡ് ടൈല്‍ വിരിക്കല്‍ പ്രവൃത്തികള്‍ക്ക് 20 ലക്ഷം രൂപ നല്കി. കൈപ്പമംഗലം കമ്പനിക്കടവ് ബീച്ച് യൂട്ടിലിറ്റി സെന്റര്‍ സീവാള്‍ റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു
* പെരിഞ്ഞനം പഞ്ചായത്തില്‍ 14 ലക്ഷം രൂപ വിനിയോഗിച്ച് ജലജീവ മിഷന് പദ്ധതി നടപ്പാക്കി. പെരിഞ്ഞനം കൃഷിഭവന് നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു
* എസ്എന്‍പുരം ബോര്‍ഡ് സ്കൂള്‍ അങ്കണവാടി ബീച്ച് റോഡ് നിര്‍മ്മാണത്തിന് 23 ലക്ഷം രൂപ അനുവദിച്ചു. പെരിഞ്ഞനം രാമകൃഷ്ണന് മാസ്റ്റര്‍ റോഡ് നിര്‍മ്മാണത്തിന് 30 ലക്ഷം രൂപ നല്കി
* 15 ലക്ഷം രൂപ ചെലവില്‍ എടതിരുത്തി കുടുംബാരോഗ്യകേന്ദ്രത്തില്‍ കെട്ടിടം നിര്‍മ്മിച്ചു
* എസ്എന്‍പുരം കട്ടന്‍ബസാര്‍ -പതിയാശേരി റോഡ് നിര്്മ്മാണത്തിന് 22 ലക്ഷം രൂപ നല്കി. 15 ലക്ഷം രൂപ വിനിയോഗിച്ച് കൈപ്പമംഗലം മൂന്നുപീടിക ബീച്ച്റോഡ് അറ്റകുറ്റപണികള്‍ നടത്തി
* പെരിഞ്ഞനം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എസ്സി സങ്കേതം കള്‍വര്‍ട്ട് നിര്‍മ്മാണത്തിന് 30 ലക്ഷം രൂപ അനുവദിച്ചു
* മതിലകം കൃഷിഭവന് കെട്ടിട നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയും മതിലകം ഇവിജി സാംസ്കാരിക നിലയം നിര്‍മ്മാണത്തിന് 22 ലക്ഷം രൂപയും അനുവദിച്ചു
* 25 ലക്ഷം രൂപ ചെലവഴിച്ച് കൈപ്പമംഗലം ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മിച്ചു
* മതിലകം കലാഭവന്‍ മണി സ്മാരക ഹാള്‍ നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: