തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി കുതിരാന്‍ ഇരട്ടതുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് തട്ടുകളായി തിരിച്ച് ഉരുക്കുവലയിടുന്ന ജോലികള്‍ക്ക് തുടക്കം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതനുസരിച്ച് ജനുവരിയില്‍ ഒരു തുരങ്കം തുറക്കാനുള്ള ശ്രമത്തിലാണ് നിര്‍മാണക്കമ്പനിയും ദേശീയപാത അതോറിറ്റിയും.
രണ്ടു തരത്തിലുള്ള ഉരുക്കുവലകളാണ് പാറക്കെട്ടിനു മുകളിലുള്ള മലയുടെ മുകളില്‍ വിരിക്കുക. മണ്ണിടിച്ചില്‍ തടയാനായി ചെറുകണ്ണികളുള്ള ഉരുക്കുവലയും അതിനു മുകളില്‍ മലയെ ബലപ്പെടുത്താനായി വലിയ കണ്ണികളുള്ള ഉരുക്കുവലയുമാണ് ഘടിപ്പിക്കുക. ഇതോടുകൂടി പടിഞ്ഞാറുഭാഗത്തെ അപകടാവസ്ഥ പൂര്‍ണമായും ഒഴിവാകും.
വാഹനങ്ങളുടെ മുകളിലേക്ക് വീഴാന്‍ സാധ്യതയിലായിരുന്നു ഇവിടെ മരങ്ങളും പാറക്കല്ലുകളും നിന്നിരുന്നത്. കഴിഞ്ഞയാഴ്ച ഇവിടത്തെ മരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റിയിരുന്നു. ഇതിനുശേഷമാണ് മല ബലപ്പെടുത്തുന്ന പണികള്‍ ആരംഭിച്ചത്. തുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കണമെങ്കില്‍ തുരങ്കത്തിലെ ഇരുഭാഗങ്ങളിലുമുള്ള മല ബലപ്പെടുത്തണമെന്ന് സംസ്ഥാന അഗ്നിസുരക്ഷാവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. കിഴക്കുഭാഗത്ത് പ്രളയകാലത്ത് ഇടിഞ്ഞ മണ്ണ് നീക്കംചെയ്യുന്ന പണികള്‍ ഒരുമാസംമുമ്പേത്തന്നെ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: