കട്ടപ്പന: കറുവാക്കുളത്തിന്റെ മനോഹാരിത ഇനി തെന്നിന്ത്യന്‍ സിനിമയിലും. കടത്തല്‍ക്കാരന്‍ എന്ന തമിഴ് ചിത്രത്തിലാണ് വണ്ടന്മേട് പഞ്ചായത്തിലെ തമിഴ് മേഖലയായ കറുവാക്കുളത്തിന്റെ ദൃശ്യഭംഗി പൂര്‍ണമായും ഒപ്പിയെടുത്തിരിക്കുന്നത്. സിനിമ ഇന്നുമുതല്‍ പ്രദര്‍ശനത്തിന്.
കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വയനാട് സ്വദേശിയായ കെവിന് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒരു വലിയകുളവും അതിനു ചുറ്റിലുമായി 200 ഓളം കുടുംബങ്ങളും താമസിക്കുന്ന ഇവിടം മുമ്പ് കടുവാക്കുളം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പേര് കറുവാക്കുളം എന്നായത്. ദേവീ ക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ പ്രദേശവാസികള്‍ ഇവിടുത്തെ കുളം പരിപാവനമായാണ് കാത്തു സൂക്ഷിക്കുന്നത്.
തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിന്റെ കഥ പറയുന്ന കടത്തല്‍ക്കാരന്‍ സിനിമയുടെ ഭൂരിഭാഗവും ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ തമിഴ് താരങ്ങള്‍ക്കൊപ്പം ഹൈറേഞ്ചിലെ നിരവധി കലാകാരന്മാരും വേഷമിട്ടിട്ടുണ്ട്. എഫ്ത്രീ ഫിലിംസിന്റെ ബാനറില്‍ എസ്. കുമാര്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് എസ്. ശ്രീറാം ആണ്.
ചാലക്കുടിക്കാരന്‍ ചങ്ങാതി ഫെയി രേണു സൗന്ദറാണ് നായിക. കട്ടപ്പന സ്വദേശിനി ശ്യാമ സൂര്യാലാല്‍ ഉപ നായികയായി അഭിനയിച്ചിരിക്കുന്ന സിനിമയില്‍ നിരവധി മലയാളി താരങ്ങളും ഇടം നേടിയിട്ടുണ്ട്.
കറുവാക്കുളത്തിന് പുറമെ ചെന്നൈ, കമ്പം, തേനി എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കറുവാക്കുളം മേഖലയിലെ ഭൂരിഭാഗം ആളുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. കോമഡിയും ഫൈറ്റും സസ്പെന്‍സും നിറഞ്ഞ് നില്ക്കുന്ന ചിത്രം ഇന്നുമുതല്‍ തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: