ഇടുക്കി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് വന്‍ വിജയമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ജില്ലയില്‍ വനവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള ക്ലാസിന്റെ റെക്കോര്‍ഡിംഗ് നിര്‍ത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സമഗ്രശിക്ഷാ കേരളയാണ് റെക്കോര്‍ഡിങ് നിര്‍ത്തിയത്.
വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസില്‍ തനത് ഭാഷയില്‍ ക്ലാസുകള്‍ ലഭ്യമാക്കാന്‍ 13 ഗോത്രഭാഷകളിലും ക്ലാസ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്ന് മന്നാന്‍ ഭാഷയില്‍ റെക്കോര്‍ഡ് ചെയ്തിരുന്ന ക്ലാസാണ് എസ്എസ്കെ ജില്ലാ വിഭാഗം നിര്‍ത്തിവച്ചത്.
ക്ലാസെടുക്കാന്‍ പരിചയസമ്പന്നരായ അധ്യാപകരെ ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഒന്നാം ക്ലാസ് കുട്ടികള്‍ക്കുള്ള ‘തങ്കു പൂച്ചേ മിട്ടു പൂച്ചേ’ എന്ന വൈറലായ പാഠ ഭാഗം മന്നാന്‍ ഭാഷയില്‍ എടുത്തത് അഞ്ചുരുളി സ്വദേശിനിയായ രാജിമോള്‍ രാജേഷ് എന്ന പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ രാജിമോള്‍ ക്ലാസെടുക്കാന്‍ തയാറാകുന്നില്ലെന്നും പകരം ആളിനെ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എസ്എസ്കെ ജില്ലാ വിഭാഗം ക്ലാസ് നിര്‍ത്തിയത്.
അതേസമയം തനിക്ക് ക്ലാസെടുക്കാന്‍ താല്പര്യമുണ്ടെന്നും ആരും ക്ലാസെടുക്കണമെന്ന് ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ലെന്നുമാണ് രാജിമോള്‍ നല്കുന്ന വിശദീകരണം. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിന്റെ ഭാഗമായി 13 ഭാഷകളിലാണ് ‘മഴവില്‍പ്പൂവ്’ എന്നപേരില്‍ വനവാസി ഭാഷകളില്‍ ക്ലാസുകള്‍ തുടങ്ങിയത്. ഇതില്‍ 12 ഭാഷകളിലുമുള്ള ക്ലാസുകള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും മന്നാന്‍ ഭാഷയിലുള്ള ക്ലാസുകള്‍ മാത്രമാണ് നിര്‍ത്തിയതെന്നുമാണ് സമഗ്രശിക്ഷാ സംസ്ഥാന തലത്തിലുള്ളവരുടെ വിശദീകരണം.
മന്നാന്‍ ഭാഷയിലുള്ള ക്ലാസുകള്‍ നിര്‍ത്തിയതോടെ 300ഓളം ഈ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്തായിട്ടുണ്ട്. ക്ലാസ് നിലച്ചതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട രാജിമോളെന്ന യുവതി ഇപ്പോള്‍ ഏലത്തോട്ടങ്ങളില്‍ കായ് വിളവെടുപ്പിന് പോയി കിട്ടുന്ന ശമ്പളംകൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: