വാഷിങ്ടണ്‍: നിര്‍ബന്ധമായും നൂറു ദിവസം മാസ്ക് ധരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നതാണ് അധികാരമേറ്റെടുത്താല്‍ ആദ്യം ചെയ്യുന്ന നടപടിയെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. ഭരണകേന്ദ്രങ്ങളിലും പൊതുഗതാഗതസംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കുമെന്നും ബൈഡന് അറിയിച്ചു. കൊവിഡിനെ നേരിടുന്നതില്‍ ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് വ്യത്യസ്തമായിരിക്കും നിലപാടെന്ന സൂചനയാണ് ബൈഡന് നല്‍കുന്നത്. നൂറു ദിവസം മാസ്ക് ധരിച്ചാല്‍ മാറ്റം നമുക്ക് കാണാനാകുമെന്ന് സിഎന്‍എന്നിന് നല്കിയ അഭിമുഖത്തില്‍ ബൈഡന് പറഞ്ഞു. അമേരിക്കയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനെക്കുറിച്ചും ബൈഡന് സൂചിപ്പിച്ചു.
പകര്‍ച്ചവ്യാധി രോഗങ്ങള്‍ നേരിടുന്നതില്‍ വിദഗ്ധനായി ട്രംപ് നിയോഗിച്ചിരുന്ന ഡോ. അന്തോണി ഫോസിയോട് ആ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടതായും ബൈഡന് പറഞ്ഞു. ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പ്രസിഡന്റിനെ നേരിട്ട് അറിയിക്കാവുന്ന തരത്തില്‍ കൂടുതല്‍ അധികാരം നല്‍കുമെന്നും ബൈഡന് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതില്‍ ട്രംപിന്റെ വഴി തെരഞ്ഞെടുക്കില്ല എന്നു വ്യക്തമായ സൂചന ബൈഡന് നല്കി. കൊവിഡ് വാക്സിന് വിതരണത്തിലടക്കം ആരോഗ്യ രംഗത്ത് ബില്‍ ക്ലിന്റണ്, ജോര്‍ജ് ബുഷ്, ബരാക് ഒബാമ എന്നിവരുടെ നയങ്ങള്‍ താന്‍ മാതൃകയാക്കുമെന്ന് ബൈഡന് പറഞ്ഞു. വാക്സിന് ഫലപ്രദമാണെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായും അവരുടെ സുരക്ഷയ്ക്കായി വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ബൈഡന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: