തിരുന്നല്‍വേലി: ബുറേവി ചുഴലിക്കാറ്റ് കനത്തന്യൂനമര്ദമായി മാന്നാര്‍ കടലിടുക്കില്‍ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടിലും കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും കനത്തമഴ. തമിഴ്നാട്ടില്‍ ഇന്ന് രാവിലെമുതലാണ് മഴ ആരംഭിച്ചത്. രാമനാഥപുരം, തൂത്തുക്കുടി, കടലൂര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം ജില്ലയില്‍ വൈകിട്ട് ആറുമുതല്‍ മഴ ശക്തമായിട്ടുണ്ട്. 43 വര്‍ഷത്തിന് ശേഷം തമിഴ്നാട്ടിലെ പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിലും വെള്ളം കയറി. 40 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ മൂന്നിടയിലധികം വെള്ളം ഉയര്‍ന്നിട്ടുണ്ട്. രണ്ട് അടിവെള്ളം കൂടി ഉയര്‍ന്നാല്‍ ക്ഷേത്രത്തിലെ നടരാജവിഗ്രഹം അടക്കം നീരാടും. ക്ഷേത്രത്തില്‍ വെള്ളം കയറിയാലും പതിവ് പൂജകള്‍ മുടക്കിയിട്ടില്ലെന്ന് തന്ത്രി വ്യക്തമാക്കി.
ചോളരാജവംശത്തിന്റെ തലസ്ഥാനമായിരുന്ന തമിഴ്നാട്ടിലെ ഗംഗൈകൊണ്ടചോളപുരത്തിന് 50 കി.മീ. മാറി കടലൂര്‍ ജില്ലയിലാണ് ചിദംബരം ക്ഷേത്രം. 40 ഏക്കറില്‍ പരന്നുകിടക്കുന്ന കൃഷ്ണശിലാ നിര്‍മിതികളുടെ വിസ്മയമാണ് ക്ഷേത്രം. . പുണ്യതീര്‍ഥമായ ശിവഗംഗ പുഷ്കരണി, ശിവകാമസുന്ദരിയുടെ ക്ഷേത്രം, ഭഗവദ്കഥകളുടെ വര്‍ണചിത്രങ്ങളുള്ള വിശാലമായ തളം എന്നിവയാണ് മറ്റ് ആകര്ഷണങ്ങള്. ശിവഗംഗതീര്ഥക്കരയില് കിഴക്കേ ഗോപുരത്തിനടുത്തായാണ് രാജസഭ. ഇവിടെയുള്ള ശില്പങ്ങള് കൊത്തിയ ആയിരംകാല്‍മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്.
ക്ഷേത്ര ഐതിഹ്യം
ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാന്‍ ശിവന് ഭിക്ഷുവായും മഹാവിഷ്ണു മോഹിനീ രൂപത്തിലും എത്തി. മുനിമാര്‍ സൃഷ്ടിച്ച മായാസുരനായ മുയലകന്റെ മേല്‍ പാദങ്ങളാഴ്ത്തി ശിവഭഗവാന് താണ്ഡവമാടി. പിന്നീട് വിഷ്ണു ആനന്ദനടനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദിശേഷനായ അനന്തന് ശിവന്റെ ആനന്ദതാണ്ഡവം കാണണമെന്ന് മോഹമുദിച്ചു. അതിന്റെ ഫലമായി ആദിശേഷന് പതഞ്ജലിയായി ജന്മമെടുത്തു.
തില്ലൈ വനമെന്നായിരുന്നു ചിദംബരം ക്ഷേത്രമിരുന്ന സ്ഥലത്തിന്റെ പഴയ പേര്. ഇവിടെ തില്ലൈ മരങ്ങള്‍ (കണ്ടല്‍ വൃക്ഷം)ഇടതൂര്‍ന്ന വനമായിരുന്നത്രേ. തില്ലൈ വനത്തില്‍ പതഞ്ജലിയും വ്യാഘ്രപാദ മഹര്‍ഷിയും സ്വയം ഭൂവായ ലിംഗത്തെ പൂജിച്ചു കഴിഞ്ഞു. സന്തുഷ്ടനായ ശിവന് തൈമാസത്തിലെ പൂയം നക്ഷത്രവും പൗര്‍ണമിയും ചേരുന്ന ദിവസം പ്രത്യക്ഷനായി താണ്ഡവ നടനമാടി. മുനിമാരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ലോകമുക്തിക്കായി എക്കാലവും ആനന്ദനടനം ചെയ്യാമെന്ന് ഭഗവാന് ആശീര്‍വദിച്ചു. അങ്ങനെയാണ് ചിദംബരത്ത് നടരാജ പ്രതിഷ്ഠയുണ്ടായത്. പില്ക്കാലത്ത് ഈ സ്ഥലത്ത് ശിവാനുഗ്രഹത്താല്‍ രോഗമുക്തി നേടിയ സിംഹവര്‍മനെന്ന പല്ലവ രാജാവ് ക്ഷേത്രം പണിതെന്നാണ് ഐതിഹ്യം. ആയിരം വര്‍ഷം മുമ്പ് ചോളരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തില്‍ അനേകം നിര്‍മാണജോലികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: