ന്യൂദല്‍ഹി : ഇന്ത്യയില്‍ ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യത്തോടെയോ കൊറോണ വാക്സിന് അംഗീകാരം ലഭിക്കുമെന്ന് ദല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇന്ത്യയില്‍ കൊറോണ പ്രതിരോധ വാക്സിന് പരീക്ഷണങ്ങള്‍ പലതും അന്തിമഘട്ടത്തിലാണ്. ഇവ സുരക്ഷിതവും കാര്യക്ഷമവും ആണെന്നത് സംബന്ധിച്ച് തെളിവുകളും ലഭ്യമാണ്. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ കൊറോണ വാക്സിന് പരീക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്നിന് അധികൃതര്‍ അടിയന്തിര അനുമതി നല്‍കിയേക്കും. മൂന്നാംഘട്ട വാക്സിന് പരീക്ഷണത്തിനായി ഇതുവരെ എണ്‍പതിനായിരത്തോളം പേരില്‍ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. ഇവരില്‍ ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
അതേസമയം ഓക്സ്ഫഡ് വാക്സിനെതിരെ ചെന്നൈ സ്വദേശി ഉയര്‍ത്തിയ ആരോപണം വസ്തുതാപരമല്ല. വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇത്. വലിയ തോതില്‍ വാക്സിന് പരീക്ഷണം നടത്തുമ്പോള്‍ അവരില്‍ ചിലര്‍ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. അത് വാക്സിനുമായി ബന്ധപ്പെട്ടതാണെന്ന് പറയാനാവില്ലെന്നും ഗുലേറിയ പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് നല്കിക്കഴിഞ്ഞാല് ശരീരത്തില്‍ ആന്റിബോഡി വലിയതോതില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് ഏതാനും മാസങ്ങളോളം നിലനില്ക്കും.
എന്നാല്‍ വാക്സിന് വിപണിയിലെത്തി ആരംഭത്തില്‍ തന്നെ രാജ്യത്ത് എല്ലാവര്ക്കും നല്‍കുന്നതിനുള്ള വാക്സിന് ലഭ്യമാക്കാന്‍ സാധിക്കില്ല. അതിനാല്‍ ആവശ്യക്കാരുടെ പട്ടിക തയ്യാറാക്കി അതിന് പ്രകാരമായിരിക്കും വാക്സിന് വിതരണം നടത്തുക. ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് ബാധയുടെ കാര്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. ജനങ്ങള്‍ ശരിയായി ജാഗ്രത പുലര്‍ത്തിയാല്‍ രോഗബാധ കുറഞ്ഞുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്ന ഗുലേറിയ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: