തെരുവോരങ്ങളില്‍ അന്തിയുറങ്ങേണ്ട ഗതികേടിലായവരെ കുറിച്ച് ചിന്തിച്ച ഒരു ഭരണാധികാരി അവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയാവിഷ്കരിച്ചിരുന്നു. അവസാന വരിയിലെ അവസാനത്തെ ആളെ പരിഗണിച്ചായിരിക്കണം വികസന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതെന്ന ദീനദയാല്‍ ഉപാധ്യായയുടെ ദര്‍ശനം പിന്തുടര്ന്നായിരുന്നു ആ തീരുമാനം. 2025 ഓടെ ഭവന രഹിതരായ ഒരാളും ഭാരതത്തില്‍ ഉണ്ടാകരുതെന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നഗരങ്ങളില്‍ രാപാര്ക്കേണ്ടിവന്നവരെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പ്രവര്‍ത്തനമാരംഭിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം അത്തരം പദ്ധതികള്‍ എവിടെയെത്തി എന്ന് ആലോചിക്കുമ്പോഴാണ് ഇടതു സര്‍ക്കാറിന്റെ യഥാര്‍ത്ഥ നിറം പുറത്താവുന്നത്.
കേരളത്തിലെ 93 നഗര തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ 2017ലാണ് വിപുലമായ സര്‍വ്വെ നടന്നത്. ജൂലായ് 15 മുതല്‍ ആഗസ്റ്റ് 10 വരെ നടന്ന സര്‍വ്വെയില്‍ കേരളത്തിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ വിശദമായ വിവരം ശേഖരിക്കപ്പെട്ടു. 3195 പേരെയാണ് സര്‍വ്വെ പ്രകാരം കണ്ടെത്തിയത്. 2625 പുരുഷന്മാരും 564 സ്ത്രീകളും 6 ട്രാന്‍സ്ജെന്റര്‍മാരുമായിരുന്നു ഇതിലുള്ളത്. ഏറ്റവും കൂടുതല്‍ പേര് എറണാകുളത്തും കോഴിക്കോട്ടുമായിരുന്നു. എറണാകുളത്ത് 510 പേരും കോഴിക്കോട് 294 പേരും.
ഇതില്‍ 85.1 ശതമാനം ആളുകള്‍ക്കും സ്വന്തമായി ഒരു തിരിച്ചറിയല്‍ കാര്‍ഡുപോലും ഉണ്ടായിരുന്നില്ല. സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളുടെയൊന്നും ഗുണഭോക്താക്കളാകാന്‍ ഇവര്‍ക്ക് അവകാശമില്ലെന്നര്‍ത്ഥം. സര്‍ക്കാറിന്റെ സൗജന്യ റേഷനും ധനസഹായവും ഒന്നും ഇവര്‍ക്ക് ലഭിക്കില്ല. കോവിഡ് കാലത്ത് നഗരങ്ങള്‍ മുഴുവനായി കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ഇവരുടെ ജീവിതമാണ് ഏറ്റവും ദുരിതത്തിലായത്. തുടക്കത്തില്‍ സമൂഹ അടുക്കളവഴി ഭക്ഷണം വിതരണം ചെയ്തെങ്കിലും ഏതാനും ആഴ്ചക്കകള്ക്കകം അത് നിര്‍ത്തിവയ്ക്കപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്കിയ ആനുകൂല്യങ്ങളും സേവനവും ഒന്നും നഗരങ്ങളില്‍ അന്തിയുറങ്ങുന്ന ഇവര്‍ക്ക് ലഭിച്ചില്ല. ഇവരെ പുനരധിവസിപ്പിക്കുമെന്നും ഇവര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുന്‍സിപ്പാലികളുടെയും കോര്‍പ്പറേഷനുകളുടെയും ഭരണത്തലപ്പത്തുള്ളവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ കോവിഡ് ദുരിതകാലത്ത് പോലും ഇവരെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
കേന്ദ്രസര്‍ക്കാറിന്റെ ദേശീയ പാര്‍പ്പിട ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ കീഴില്‍ വിപുലമായ പുനരധിവാസ പദ്ധതിയാണ് തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ദേശീയ നഗരഉപജീവന ദൗത്യത്തിന് കീഴില്‍ ദീനദയാല്‍ അന്ത്യോദയ യോജനയുടെ ഭാഗമായാണ് ഇത്തരക്കാര്‍ക്ക് പുതിയ താമസഇടങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നിലവിലുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിതും താമസസൗകര്യങ്ങള്‍ ഒരുക്കാമെന്ന് പദ്ധതി വിഭാവനം ചെയ്തിരുന്നു. കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സംസ്ഥാന സര്‍ക്കാരുകളോ കണ്ടെത്തണം. 75 ശതമാനം കേന്ദ്രസഹായം ലഭിക്കുന്ന പദ്ധതിയായിരുന്നു വിഭാവനം ചെയ്തത്. രാജ്യത്തെ 790 നഗര പ്രദേശങ്ങള്‍ക്കായി 1078 കോടി രൂപ ഇതിനായി നീക്കിവെക്കുകയും ചെയ്തു.
കോഴിക്കോട് നഗരത്തില്‍ 294 പേര്‍ക്കായി 2 വര്‍ഷത്തിനിടയില്‍ കെട്ടിടം പൂര്‍ത്തിയാകുമെന്നായിരുന്നു കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് 2017 ആഗസ്റ്റ് 2ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. നല്ലളത്ത് 22 സെന്റ് സ്ഥലത്ത് ഇതിനുള്ള സൗകര്യമൊരുക്കുമെന്നും 2.5 കോടി രൂപ ഇതിന് ചെലവാകുമെന്നുമായിരുന്നു മേയറുടെ പ്രഖ്യാപനം. എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞുവെന്നും. ഇതിന്റെ ഡിപിആര്‍, തുടര്‍ നടപടികള്‍ ഉടന്‍ പൂര്ത്തിയാക്കുമെന്നുമൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടായി. 255 പുരുഷന്മാരുടെ 34 സ്ത്രീകളും 5 ട്രാന്സ്ജെന്റര്മാരുമാണ് കോഴിക്കോട് നഗരത്തില്‍ ഗുണഭോക്താക്കളായി കണ്ടെത്തിയത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ ഭൂരിഭാഗവും ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. 1000 രൂപയില്‍ താഴെ വരുമാനം ലഭിക്കുന്നവരായിരുന്നു ഇതില്‍ ഭൂരിഭാഗവും. 34 പേര് ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നതെങ്കിലും കൂലിപ്പണിയെടുക്കുന്ന 165 പേരും തെരുവ് കച്ചവടം നടത്തുന്ന 22 പേരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു വര്‍ഷത്തിലേറെയായി തെരുവില്‍ കഴിയുന്നവരായിരുന്നു 213 പേരും. 141 പേര്‍ക്ക് സ്വന്തമായി വീടോ സ്ഥലമോ ഉണ്ടായിരുന്നില്ല. സമാനമാതൃകയില്‍ കേരളത്തിലെ 93 നഗര പ്രദേശങ്ങളിലും സര്‍വ്വെ പൂര്‍ത്തിയാക്കി. എന്നാല്‍ ഇപ്പോഴും അവര്‍ തെരുവില്‍ തന്നെ കഴിയുന്നു. പുതിയ പ്രകടനപത്രികകളുമായി വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ സമ്മതിദാനാവകാശം പോലുമില്ലാത്ത ഇവരുടെ കാര്യത്തില്‍ എന്താണ് പദ്ധതിയെന്ന് ചോദിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: