വാഷിങ്ടണ്‍: വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലുളുക്കി. പ്രാഥമിക എക്സ് റേ പരിശോധനയില്‍ പൊട്ടലുകളില്ലെന്ന് വ്യക്തമായതായി ബൈഡന്റെ സ്വകാര്യ ഡോക്ടര്‍ കെവിന് ഒ കോണറിനെ ഉദ്ധരിച്ച് പ്രത്യേക പ്രസ്താവന ബൈഡന്റെ ഓഫീസ് പുറത്തിറക്കി.
മേജര്‍ എന്ന വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. 78കാരനായ ബൈഡന് ശനിയാഴ്ചയാണ് പരിക്കേറ്റത്. തുടര്‍ന്ന് ഞായറാഴ്ച അസ്ഥിരോഗ വിദഗ്ധനെ സന്ദര്‍ശിച്ച ബൈഡനെ എക്സ് റേയ്ക്കും സി.ടി. സ്കാനിങ്ങിനും വിധേയനാക്കി. ബൈഡനെ ഒരു സ്കാനിങ്ങിനു കൂടി വിധേയനാക്കുമെന്നും കെവിന് വ്യക്തമാക്കിയിട്ടുണ്ട്.
മേജര്‍, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ബൈഡനുള്ളത്. മേജറിനെ 2018ലാണ് ബൈഡന് ദത്തെടുത്തത്. 2008ലെ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു ചാമ്പിനെ ബൈഡന് സ്വന്തമാക്കിയത്. നായ്ക്കളെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്നും ഒരു പൂച്ചയെ കൂടി വാങ്ങാന്‍ ഉദ്ദേശിക്കുന്നതായും ബൈഡന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: