വണ്ണപ്പുറം: തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വണ്ണപ്പുറത്തുകാര്ക്ക് സുപരിചിതയായ സുധാമണിയും ഭര്‍ത്താവ് ഷിബു ടി. രാഘവനും സദാ തിരക്കിലാണ്. എന്‍ഡിഎയുടെ 16-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് സുധാമണി(ഐഷ). 3 പതിറ്റാണ്ടോളമായി ഇരുവരും ഹോട്ടല്‍ മേഖലയില്‍ ജോലി നോക്കി വരികയാണ്.
12-ാം വാര്‍ഡില്‍ താമസിക്കുന്ന കുടുംബത്തിന്റെ തൊട്ടടുത്തുള്ള വാര്‍ഡാണ് 16. രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടുജോലികള്‍ തീര്‍ത്ത ശേഷം ഹോട്ടലിലേക്ക് എത്തും. 11-12 മണി വരെ ഹോട്ടലില്‍ പാചകം അടക്കമുള്ള ജോലികള്‍ നോക്കും.
പിന്നീടാണ് പ്രചാരണത്തിന്റെ ഭാഗമായുള്ള വീട് കയറുന്നതിന് ഇറങ്ങുന്നത്. അമ്പലപ്പടിയിലാണ് ഇരുവരും ചേര്‍ന്ന് ഉസ്താദ് എന്ന പേരിലുള്ള ഹോട്ടല്‍ നടത്തുന്നത്. ഇവിടെ ഭക്ഷണം ഉണ്ടാക്കുന്നതും ചായ അടിക്കുന്നതും പാത്രം കഴുകുന്നതും അടക്കമുള്ള എല്ലാ ജോലികളിലും മുന്നില്‍ സുധാമണിയാണ്. എല്ലാ സഹായവുമായി ഭര്‍ത്താവും ഒപ്പമുണ്ട്.
കടയില്‍ മറ്റ് ജോലിക്കാര്‍ ഇല്ലാത്തതിനാലും തെരഞ്ഞെടുപ്പ് തിരക്കായതിനാലും ആലപ്പുഴയില്‍ ആയിരുന്ന മക്കളെ വിളിച്ച് വരുത്തുകയായിരുന്നു. ഷിബു ബിജെപിയുടെ സജീവ പ്രവര്‍ത്തകനായതിനാലാണ് ഭാര്യക്ക് ഇത്തവണ നറുക്ക് വീണത്.
കന്നിയങ്കത്തില്‍ സ്വന്തം വരുമാനം കൂടി നഷ്ടപ്പെടുത്താതെ ഇരുവരും ജോലിയും ഒപ്പം പ്രചാരണവും മുന്നോട്ട് കൊണ്ടുപോകുകയാണ്. എല്ലാ സഹായവുമായി സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്. യുവമോര്‍ച്ച പഞ്ചായത്ത് മീഡിയ കണ്‍വീനര്‍ അജയ്കുമാര്‍ എസ്, യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അജിന് എസ്. എന്നിവരാണ് മക്കള്‍. നാടിന് സുപരിചിത ആയതിനാല്‍ ഇത്തവണ സുധാമണിയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: