നെടുങ്കണ്ടം: തൂവല്‍ വെള്ളച്ചാട്ടം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന് സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന് സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
മുരിക്കാശേരിയില്‍ നിന്നും അയല്‍വാസികളും ബന്ധുക്കളുമായ ഏഴുപേരടങ്ങുന്ന സംഘം തൂവല്‍ വെള്ളച്ചാട്ടം കാണുന്നതിനായി എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന് താഴെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് യുവാക്കള്‍ കുളിക്കാനിറങ്ങുകയും കയത്തിലെ ചുഴിയില്‍ പെടുകയുമായിരുന്നു. മൂന്നുപേരാണ് കുളിക്കാനായി ഇറങ്ങിയത്. വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെയുള്ള സ്ഥലത്തേക്ക് നീന്തുന്നതിനിടെ പാറക്കെട്ടിന് സമീപമുള്ള ചുഴിയില്‍ രണ്ടുപേരും അകപ്പെടുകയായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍തന്നെ നെടുങ്കണ്ടം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് കൊറോണ ടെസ്റ്റിനായി സ്രവം എടുത്തശേഷം മൃതദേഹങ്ങള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. മുരിക്കാശേരി വടക്കേടത്ത് കുടുംബാംഗം സോണിയാണ് സജോമോന്റെ അമ്മ. സജോമി ഏക സഹോദരിയാണ്. ഡിഗ്രി പഠനത്തിന് ശേഷം ഐഇഎല്‍ടിഎസ് കോഴ്സിന് ഈ ആഴ്ച പോകാനിരിക്കെയാണ് അപകടം.
മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സോണി. അച്ഛന് അടിമാലി പോലീസ് കാന്റീന് ജീവനക്കാരനാണ്. ഷാലിയാണ് അമ്മ. ടോം, ടോജി എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: