തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മന്ത്രി തോമസ് ഐസക്കിന്റെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും വിമര്‍ശനങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. റെയ്ഡ് ആര്‍ക്കും തോന്നിയ വട്ടല്ലെന്നും വിജിലന്‍സിന്റെ പതിവു നടപടിക്രമം മാത്രമാണെന്നും തോമസ് ഐസക്കിന് മുഖ്യമന്ത്രിയുടെ മറുപടി. 2019ലും ഈ വര്‍ഷവുമായി വിവിധ വകുപ്പുകളില്‍ ഇരുപത്തിനാലു മിന്നല്‍ പരിശോധനകള്‍ നടത്തിയപ്പോഴൊന്നും തോന്നാത്ത പ്രശ്നം ഇപ്പോള്‍ തോന്നുന്നതെന്തെന്നും തോമസ് ഐസക്കിനോടും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനോടും പരോക്ഷമായി മുഖ്യമന്ത്രി ചോദിച്ചു.
വിജിലന്‍സിനെ പൂര്‍ണമായി ന്യായീകരിച്ചാണ് ഐസക്കിനെയും സിപിഎമ്മിലെ വിമര്‍ശകരെയും മുഖ്യമന്ത്രി തള്ളിയത്. പരാതിയിലെ വിവരങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. വിവരം ശരിയാണെന്നു കണ്ടാല്‍ പരിശോധന നടത്തും. അതിന് വിജിലന്‍സ് ഡയറക്ടറുടെ അനുമതി മതി, വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 2019 ജനുവരി പതിനേഴിന് മോട്ടോര്‍ വാഹന വകുപ്പിലേതു മുതല്‍ കെഎസ്എഫ്ഇ വരെയുള്ള വിജിലന്‍സിന്റെ മിന്നല്‍ പരിശോധനകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
തോമസ് ഐസക്കിനും ആനത്തലവട്ടം ആനന്ദനും സിപിഐക്കും വിജിലന്‍സിന്റെ പരിശോധന മനസ്സിലായില്ലേ എന്ന ചോദ്യത്തിന് പതിവുപോലെ മാധ്യമങ്ങളെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആഭ്യന്തര ഉപദേശകന് രമണ്‍ ശ്രീവാസ്തവയെയും മുഖ്യമന്ത്രി ന്യായീകരിച്ചു.
കുറച്ചു കാലമായി ഇല്ലാതിരുന്ന മാധ്യമ സിന്‍ഡിക്കേറ്റിന്റെ സ്വഭാവം നിങ്ങളില്‍ ചിലരില്‍ വീണ്ടും കണ്ടു തുടങ്ങിയിരിക്കുന്നു. തലസ്ഥാനം കേന്ദ്രീകരിച്ചുള്ള മാധ്യമ പ്രവര്‍ത്തകരില്‍ ഇതു പ്രകടമായിരുന്നു. കുറച്ചു കാലമായി ഇതു കാണാനില്ലായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ട. ഓര്‍ഡിനന്‍സ് പ്രശ്നത്തില്‍ എല്ലാം ഉപദേശകന്റെ കുഴപ്പമാണെന്ന് ഞാന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞുവെന്ന പച്ചക്കള്ളം എഴുതി. ഇപ്പോഴും ശ്രീവാസ്തവയെപ്പറ്റി പറയുന്നു. വിജിലന്‍സ്, പോലീസ്, ജയില്‍ തുടങ്ങിയ വകുപ്പുകളില്‍ ശ്രീവാസ്തവയ്ക്ക് ഒന്നും ചെയ്യാനില്ല, മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: