കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പേരില്‍ പലപ്പോഴും വിവാദത്തില്‍ പെട്ട കരാറുകരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.
ഊരാളുങ്കലിന്റെ കോഴിക്കോട് വടകരയിലെ ഹെഡ് ഓഫീസിലാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡെന്നാണണു സൂചന. രവീന്ദ്രന്റെ സ്വത്തുക്കള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി വടകരയിലെ ഊരാളുങ്കല്‍ ഹെഡ് ഓഫീസില്‍ എത്തിയതെന്നാണ് വിവരം.
എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ ഹെഡ് ഓഫീസില്‍ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു. ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയെന്നാണ് അധികൃതരുടെ വാദം.
നേരത്തെ, സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപമെന്ന് കണ്ടെത്തയിരുന്നു. ജില്ലകളിലെ 12 സ്ഥാപനങ്ങളില്‍ രവീന്ദ്രന് ഓഹരി നിക്ഷേപം നടത്തി തെളിവുകള്‍ ഇഡിക്ക് ലഭിച്ചതായാണു റിപ്പോര്‍ട്ട് . രണ്ട് ദിവസങ്ങളിലായി ഇഡി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
വസ്ത്ര വ്യാപാര ശാലകള്‍, മൊബൈല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. 24 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി നിക്ഷേപം സംബന്ധിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് വീണ്ടും നോട്ടീസ് നല്കുന്നതില് ഇന്ന് ഇഡി തീരുമാനമെടുക്കും.
രവീന്ദ്രന് വലിയ രീതിയില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആദ്യ ദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇഡിയുടെ പരിശോധന. രവീന്ദ്രന്റെ കുടുംബം അടുത്തിടെ കോഴിക്കോട് പുതിയ ഫ്ലാറ്റിലേക്ക് മാറിയിരുന്നു. ഈ ഫ്ലാറ്റിന്റെ അറ്റകുറ്റ പണികള്‍ക്കായി ഏകദേശം ഒന്നരക്കോടി രൂപയോളം ചെലവഴിച്ചെന്നാണ് സൂചന.
അതേസമയം, സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കസ്റ്റംസിനും ഇടനില നില്ക്കുന്ന സി എം രവീന്ദ്രന്റെ സഹോദരന് ഗോപിനാഥിനു വലിയ തോതില്‍ സമ്പാദ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോപിനാഥ് വടകരയില്‍ നിന്ന് അടുത്തയിടെ കോഴിക്കോട് കാരപ്പറമ്പിലേക്ക് താമസം മാറ്റിയിരുന്നു. ഫ്ളാറ്റിന്റെ അറ്റകുറ്റപണിക്കുമാത്രം 1.90 കോടി രൂപ ചെലവഴിച്ചതിന്റെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റെ ഡറക്ടറേറ്റിന് കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: