നരേന്ദ്ര മോദി സര്‍ക്കാരിനെ രാഷ്‌ട്രീയമായും ജനാധിപത്യപരമായും നേരിടുന്നതില്‍ പരാജയപ്പെട്ട പ്രതിപക്ഷം കുപ്രചാരണം നടത്തി ജനങ്ങളെ തെരുവിലിറക്കുകയാണ്. പൗരത്വ നിയമഭേദഗതി മുസ്ലിങ്ങള്‍ക്കെതിരാണെന്ന് ചിത്രീകരിച്ച് കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും, കലാപങ്ങള്‍ സൃഷ്ടിക്കാനുമാണല്ലോ പ്രതിപക്ഷം ശ്രമിച്ചത്. ഇതിന്റെ തനിയാവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ ചില സംഘടനകള്‍ ദല്‍ഹിയില്‍ നടത്തുന്ന സമരം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ലുകള്‍ പാസാക്കുന്നതിനു മുന്‍പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും അതിനോട് സഹകരിച്ചില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ലുകള്‍ പാസാക്കുന്നത് തടയാന്‍ അക്രമപ്പേക്കൂത്തുകളാണ് തൃണമൂല്‍ കോണ്‍്രഗസ്സിന്റെയും മറ്റും നേതൃത്വത്തില്‍ നടന്നത്. ബില്ലുകളെക്കുറിച്ച് സ്വതന്ത്രമായ ചര്‍ച്ചകള്‍ നടന്നാല്‍ കുപ്രചാരണം പൊളിയുമെന്നതിനാലായിരുന്നു ഇത്. ബില്ലുകള്‍ നിയമമായപ്പോഴെങ്കിലും അത് അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദ പ്രതിപക്ഷം കാണിച്ചില്ല.
ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട കര്‍ഷകരെ ചൂഷണത്തില്‍നിന്ന് മുക്തമാക്കി അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഈ നിയമനിര്‍മാണം നടത്തിയത്. കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഒരു ആനുകൂല്യവും ഈ നിയമങ്ങള്‍ വഴി ഇല്ലാതാകുന്നില്ല. താങ്ങുവില ഉയര്‍ത്തുകയും, മണ്ഡികള്‍ എന്നറിയപ്പെടുന്ന ചന്തകള്‍ക്ക് പുറത്തും സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരം ഒരുക്കുകയുമാണ് ചെയ്തത്. ഇത് തങ്ങള്‍ക്ക് നഷ്ടക്കച്ചവടമാകുമെന്ന് മനസ്സിലാക്കിയ സമ്പന്ന കര്‍ഷകരും ചില രാഷ്‌ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി രംഗത്തുവരികയായിരുന്നു. ഇതുവരെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ മണ്ഡികളില്‍ കൊണ്ടുപോയി വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരമുണ്ടായിരുന്നെങ്കിലും ഇടനിലക്കാരാണ് അത് ചെയ്തിരുന്നത്. കര്‍ഷകരില്‍നിന്ന് കുറഞ്ഞ വിലയ്‌ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൊള്ളലാഭം കൊയ്യുകയായിരുന്നു. ലോബികള്‍ നിയന്ത്രിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചുപോന്നു. മണ്ഡികളില്‍നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും വലിയ തോതില്‍ വരുമാനം ലഭിച്ചിരുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മണ്ഡിക്കു പുറത്ത് രാജ്യത്ത് എവിടെ വേണമെങ്കിലും വില്‍ക്കാന്‍ കര്‍ഷകരെ അനുവദിക്കുന്ന നിയമനിര്‍മാണത്തെ എതിര്‍ക്കുന്നത് സ്ഥാപിത താല്‍പര്യക്കാരാണ്. അസംഘടിതരായ പാവപ്പെട്ട കര്‍ഷകരെ സമ്പന്ന കര്‍ഷകര്‍ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയായിരുന്നു.
പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും മറ്റുമൊക്കെ പ്രതിഷേധവുമായി ദല്‍ഹിയില്‍ എത്തിയിരിക്കുന്നത് കര്‍ഷകര്‍ മാത്രമല്ല. സമരക്കാരുടെ കൊടികള്‍ നോക്കിയാല്‍തന്നെ ഇത് തിരിച്ചറിയാം. പൗരത്വ നിയമഭേദഗതിക്കെതിരെ കലാപം കുത്തിപ്പൊക്കിയവര്‍ ഈ സമരത്തിലും അണിനിരന്നിരിക്കുന്നു. ഖാലിസ്ഥാന്‍ ഭീകരവാദികളുടെ മുദ്രാവാക്യങ്ങള്‍ വരെ സമരത്തിനിടെ ഉയര്‍ന്നത് സമരത്തിന്റെ വിധ്വം
സക സ്വഭാവത്തിന് തെളിവാണ്. പരാജയത്തില്‍നിന്ന് പരാജയത്തിലേക്ക് സഞ്ചരിക്കുകയും, ജനങ്ങളില്‍നിന്ന് പൂര്‍ണമായി ഒറ്റപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ കറുത്ത കരങ്ങളും ഇതിനുപിന്നിലുണ്ട്. ഭാരതത്തിന്റെ പുരോഗതി ഇഷ്ടപ്പെടാത്ത ചില വിദേശശക്തികളും പല മാര്‍ഗങ്ങളിലൂടെ വന്‍തോതില്‍ പണമെഴുക്കി രാജ്യവിരുദ്ധമായി ചിന്തിക്കുന്നവരെ ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ തിരിക്കുകയാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാത്ത ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഒരു ഭരണകൂടം ഭാരതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടപ്പെടാത്ത ശക്തികളാണിത്. നിയമനിര്‍മാണം മാത്രമാണ് നടന്നിട്ടുള്ളത്. 30 ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയശേഷം മാത്രമേ ചട്ടങ്ങള്‍ തയ്യാറാക്കൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനകം ഏത് വിധത്തിലുള്ള ചര്‍ച്ചകളും സാധ്യമാണ്. കേന്ദ്രസര്‍ക്കാര്‍ അതിനു സന്നദ്ധവുമാണ്. ഇതിനൊന്നും നില്‍ക്കാതെ അക്രമസമരങ്ങള്‍ നടത്തുന്നവരെ തുറന്നുകാട്ടേണ്ടതുണ്ട്. കര്‍ഷകരെ ശാക്തീകരിക്കുന്ന നിയമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: