ഇറക്കിയ ഓര്‍ഡിനന്‍സ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പുതിയ ഓര്‍ഡിനന്‍സുമായി ഗവര്‍ണറുടെ തിണ്ണ നിരങ്ങിയ മുഖ്യമന്ത്രി കേരളത്തിലേത് ആണെന്ന് പറയാന്‍ മലയാളി ലജ്ജിക്കണം. കന്നംതിരിവ് കാട്ടിയിട്ട് തല്ലുകിട്ടുമെന്നായപ്പോള്‍ ഇളിഭ്യനായി കാര്‍ന്നോരുടെ മടയില്‍ പോയി കതക് പകുതി മറഞ്ഞുനില്‍ക്കുന്ന മുടിയന്റെ മുഖം ഓര്‍മ്മ വരും വിജയന്റെ ഈ ചെയ്തി കണ്ടാല്‍…. എന്നാല്‍ കാര്യം അത്ര നിസ്സാരമല്ല. അധികാരമോഹം കൊണ്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണ് കേരള മുഖ്യന്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേരള മുഖ്യമന്ത്രി പദം എന്നത് സര്‍വാധിപതി ആകാന്‍ കിട്ടിയ അവസരമാണെന്ന് പാവം വല്ലാതെ ധരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിജയന് എന്നും അന്തം വിട്ട അസൂയയാണ്. ലോകത്തെവിടെയുള്ള ഭരണാധികാരിയെ കാണുമ്പോഴും തനിക്കും അതുപോലെയൊക്കെയായാല്‍ കൊള്ളാമെന്നാണ് മോഹം. ചിലപ്പോള്‍ മോദി, ചിലപ്പോള്‍ ജോ ബൈഡന്, മറ്റ് ചിലപ്പോള്‍ ഷിജിന്‍പിങ്….. അങ്ങനെയങ്ങനെ… ഒരുതരം ദിവാസ്വപ്നമാണ് അത്.
ഡിങ്കനെപ്പോലെയോ മായാവിയെപ്പോലെയോ ഒന്നും പറ്റിയില്ലെങ്കില്‍ കപീഷിനെപ്പോലെയോ ഒക്കെ പറക്കാനും വാല് നീട്ടാനും കഴിഞ്ഞെങ്കില്‍ എന്നൊക്കെ സ്വപ്നം കാണുന്ന പരുവം. അതുകൊണ്ടാണ് അധികാരത്തിലേറിയ കാലം മുതല്‍ വിജയന് ചുറ്റുമുള്ളവരുടെ സ്തുതിപാടല്‍ കേട്ട് കോള്മയിര് കൊണ്ടതും ഇല്ലാക്കഥകള്‍ വിളമ്പി പരിഹാസ്യനായതും. പോഷ് വാഹനങ്ങളുടെ അകമ്പടിയോടെ പരിപാടി സ്ഥലത്ത് വന്നിറങ്ങുക, വിദേശരാജ്യങ്ങളിലേക്ക് കുടുംബത്തേയും കൂട്ടി പറക്കുക, അതെല്ലാം പിആര്‍ വര്‍ക്ക് വഴി പൊലിപ്പിച്ച് പ്രചരിപ്പിക്കുക…. അതും പോരാഞ്ഞ് നാട്ടില്‍ വന്ന് തള്ളിമറിക്കുക… ‘എന്നെ ഞാന്‍ തന്നെ വിളിക്കുന്നത് വിമല്‍കുമാര്‍’ എന്നാണെന്ന കുഞ്ഞിക്കൂനന് മോഡല്‍ പൊങ്ങച്ചമാണ് വിജയന്റേത്. കണ്ടാല്‍ ആളൊരു സൂപ്പര്‍മാനാണെന്ന് പാര്‍ട്ടിക്കാര്‍ക്ക് തോന്നുമെങ്കിലും കയ്യിലിരുപ്പ് കൊണ്ട് തനിനിറം ഇതിനകം നാട്ടുകാര്‍ക്ക് മനസ്സിലായിട്ടുണ്ട്.
ഒത്താല്‍ കേരളത്തെ മറ്റൊരു രാജ്യമാക്കിയാലും വേണ്ടില്ല, പ്രധാനമന്ത്രിയുടെ അധികാരം പോലെ ഒന്നു തരപ്പെടുത്തണം എന്ന മട്ടിലാണ് വിജയന്റെ ചെയ്തികളത്രയും. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഫണ്ടത്രയും വാങ്ങി സ്വന്തം പദ്ധതികളാക്കി ജനങ്ങള്‍ക്ക് മുന്നില്‍ മറിക്കുന്നതില്‍ തുടങ്ങി മുഖ്യമന്ത്രിമാര്‍ക്ക് കത്തയയ്ക്കലും വിഭാഗീയപ്രവര്‍ത്തനങ്ങളും വരെയുണ്ടായിട്ടുണ്ട് വിജയന്റെ വകയായി. സുതാര്യത എന്നത് ഏഴയലത്തുകൂടി പോയിട്ടില്ല. നിപയുടെ വകയില്‍ കിട്ടിയ പിഞ്ഞാണം മുതല്‍ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിലെ മണിയടി വരെ എന്താണ് സംഭവമെന്ന് വിജയന് തന്നെ ഇനിയും മനസ്സിലായിട്ടില്ല. ലോകനേതാവാകാന്‍ എന്ത് വഴിയെന്ന് ആരാഞ്ഞുനടന്നപ്പോള് ആരോ ഉപദേശിച്ചുകൊടുത്ത നമ്പരുകളാണിതൊക്കെ….
അമ്മാതിരി രാജാപാര്‍ട്ട് കളിയുടെ മാരക വേര്‍ഷനുകളാണ് കേരളം അടുത്തിടെയായി കാണുന്നത്. സ്വര്‍ണക്കടത്തും മയക്കുമരുന്നും തീവ്രവാദവും എല്ലാം കൂടി വളഞ്ഞിട്ട് പിടിക്കുമ്പോഴും കുന്നിന് മീതേ പറക്കാനുള്ള മോഹത്തിന് മാത്രം അയവില്ല. അടുത്തിടെയാണ് മന്ത്രിസഭയിലെ ഏകാധിപതിയാകാന്‍ പറ്റുമോ എന്ന് വിജയന് ഒരു പരിശ്രമം നടത്തിയത്. കേരളത്തിലെ സിപിഎമ്മും ഇടതുമുന്നണിയിലെ ഘടകകക്ഷികളുമൊക്കെ വിജയനോളം പാകമാകാത്തതിനാല്‍ അത് ചീറ്റി. കേരളം ഒരു ഉത്തരകൊറിയയാക്കാനുള്ള അവസരമാണ് എല്ലാരും കൂടി വട്ടം നിന്ന് തകര്‍ത്തുകളഞ്ഞത്.
സ്വര്‍ണക്കടത്ത്, സ്വപ്ന, ബിനീഷ്, ജലീല്‍, ശിവശങ്കരന് എന്നൊക്കെ വിളിച്ചുകൂവി കൊച്ചുപിള്ളേര് വരെ ട്രോളാനിറങ്ങിയപ്പോഴാണ് വിജയന് പിന്നെ കലി കയറിയത്. ആറ് മണിക്ക് ‘കരുതല്‍ മന്സനാ’യി അവതരിക്കാനിറങ്ങി തള്ളല്‍ രാജാവായി മാറിയതില്‍ പിന്നെ അവിടെയും സ്വസ്ഥതയില്ല. അല്ലെങ്കില്‍ പിന്നെ ദേശാഭിമാനിയിലെയും കൈരളിയിലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം അക്രഡിറ്റേഷന് കൊടുത്ത് പത്രസമ്മേളനത്തിനെത്തിക്കണം.. അങ്ങനാവുമ്പം ഒരു സമാധാനമുണ്ട്. കേരളത്തില്‍ സ്വര്‍ണക്കടത്ത് കത്തിനിന്നപ്പോള്‍ പശുവളര്‍ത്തലിനെയും കോഴിക്കൃഷിയെയും പറ്റിവരെ ക്ലാസെടുത്ത മനുഷ്യനാണ് വിജയന്. ഇമ്മാതിരി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം അറിയാത്തതുകൊണ്ടാണ് ആളുകളിങ്ങനെ കളിയാക്കുന്നത്.
അകത്തും പുറത്തും സ്വസ്ഥത കിട്ടാതായപ്പോഴാണ് വിജയന് തനിക്കെതിരെ ചോദ്യം ചോദിക്കുകയും തന്നെ പരിഹസിക്കുകയും ചെയ്യുന്നവരെ മൊത്തത്തില്‍ അകത്താക്കാന്‍ തീരുമാനിച്ചതും പോലീസ് നിയമം ഭേദഗതി ചെയ്യാന്‍ ഒരുമ്പെട്ടതും. പക്ഷേ പതിവുപോലെ പണി പാളി. അല്ലെങ്കിലും എന്തെങ്കിലും ഒന്ന് നേരാംവണ്ണം പഠിച്ചിട്ട് ചെയ്യുന്ന പണി പണ്ടേ ഇല്ലല്ലോ. ശിവശങ്കരന് പറേന്നതുപോലെ കാട്ടിക്കൊടുക്കുന്നിടത്ത് ഒപ്പിട്ട് മാത്രം ശീലമുള്ള ഒരാള്‍ക്ക് അതിമോഹം കൂടിപ്പോയാല്‍ പിന്നെ തലങ്ങും വിലങ്ങും ഓര്‍ഡിനന്‍സ് ഇറക്കിക്കളയും. ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് പിന്‍വലിച്ചേക്കാന്‍ സീതാറാം യെച്ചൂരി പറഞ്ഞു പോലും. അങ്ങനെയും ഒരു കാലം വന്നിരിക്കുന്നു. യെച്ചൂരി പറഞ്ഞാല്‍ കേള്‍ക്കുന്ന വിജയന് എന്നത് പോയ മാസം വരെ കനവില്‍ പോലും പാര്‍ട്ടിക്കാരുടെ മനസ്സിലേ ഉണ്ടായിരുന്നില്ല. മാനം പോയി, മുഖവും നഷ്ടപ്പെട്ട് ആകെ നാറി മുഷിഞ്ഞ് നില്ക്കുമ്പോള് യെച്ചൂരിയെങ്കില്‍ യെച്ചൂരി…. ഒരു പിടിവള്ളിയെന്ന് പറഞ്ഞാല്‍ മതിയല്ലോ….. അടുത്ത ഓര്‍ഡിനന്‍സിന് അവസരമുണ്ടാകും വരേക്കും ജനവികാരം മാനിക്കുന്നവന് വിജയന് എന്ന മാസ് മുദ്രാവാക്യത്തിന് കീഴില്‍ അണിനിരക്കാം.,,,, അത്ര തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: