പത്തനംതിട്ട : ശബരിമലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനും ആദ്യം രോഗബാധ സ്ഥീരികരിച്ചിരുന്നു. അതിനു പിന്നാലെ സന്നിധാനം പോലീസ് കണ്ട്രോള് റൂമിലെ എസ്ഐയ്ക്കും പമ്പ പോലീസ് മെസില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനും കൂടി രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിലെ നടവരുമാനം കുറയുന്നതിനെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ആയിരം തീര്‍ത്ഥാടകര്‍ക്കാണ് ഒരുദിവസം അനുമതി നല്‍കിയിട്ടുള്ളത്. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ആന്റിജന്‍ പരിശോധന കൂട്ടേണ്ടെതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി തീര്‍ത്ഥാടനത്തിന് എത്തിയ പലര്‍ക്കും നിലയ്ക്കലില്‍ വെച്ച് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംഘമായി എത്തുന്നവരിലാണ് രോഗം കൂടുതലായി ഉള്ളത്. അതേസമയം വരുമാനം ഉണ്ടാക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ ലാഭക്കൊതി കാരണമാണ് രോഗ വ്യാപന സാഹചര്യം ഉണ്ടായിരുന്നിട്ടും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: