ദൈവത്തിന്റെ കൈകൊണ്ടാണ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ മറഡോണ ആദ്യ ഗോള്‍ നേടിയതെന്ന് ലോകം കരുതിപ്പോന്നിരുന്നു. എന്നാല്‍ അതേ ക്വാര്‍ട്ടര്‍ ഫൈനലില്‍ അതേ ഇംഗ്ലണ്ടിനെതിരെ ആറുപേരെ വെട്ടിച്ച് നടത്തിയ സ്കോറിങ് ആ സ്ട്രൈക്കറെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളിന്റെ ഉടമയുമാക്കി. 22-ാമത് ലോകകപ്പ് രണ്ട് വര്‍ഷത്തിനകം നടക്കാനിരിക്കുമ്പോള്‍ 90 വര്‍ഷത്തെ ചരിത്രത്തില്‍ സൂപ്പര്‍ താരങ്ങളായി തിളങ്ങിയ ഒട്ടേറെ പേരെ കായികപ്രേമികള്‍ ഓര്‍ക്കുന്നുമുണ്ടാകും. എന്നാല്‍ ഏത് മാനദണ്ഡം വച്ച് നോക്കിയാലും ഇതിഹാസ താരങ്ങള്‍ എന്ന ബഹുമതിയിലേക്കെത്തിയ രണ്ടു പേര് മാത്രമേ ഉള്ളൂ. ഒരാള്‍ ലോകഫുട്ബോള്‍ അംബാസിഡര്‍ പദവി നല്കി ആദരിച്ച ബ്രസീലിന്റെ പെലെ. അപരന് ഇക്കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ അര്‍ജന്റീനയുടെ മറഡോണ.
എഡിസണ് അരാന്റസ് ദൊ നാസിമെന്റോ എന്ന പെലെ ഹൃദ്രോഗ ബാധിതനായി കിടപ്പിലായെങ്കിലും 80-ാം വയസ്സിലും നമ്മോടൊപ്പമുണ്ട്. എന്നാല്‍ കൊറോണയെ അതിജീവിച്ച് കയറിയ ഡീഗോ അര്‍മാന്‍ഡോ മറഡോണ അറുപത് കഴിഞ്ഞതോടെ ഹൃദയസ്തംഭനം വന്ന് വിട പറഞ്ഞിരിക്കുന്നു.
1986ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ ഒരൊറ്റ ഷോട്ട് കൊണ്ട് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളിന്റെ പരിവേഷം ചാര്‍ത്തിയ ഒരു മിഡ്ഫീല്‍ഡറാണ് ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. അന്ന് അവിടെ ഒരു ലക്ഷത്തോളം കാണികളെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ച രണ്ടാം പകുതിയിലെ ഗോള്‍. മധ്യനിരയില്‍ നിന്നു കിട്ടിയ പന്തുമായി എതിര് ഗോള്‍ ഏരിയയെ ലക്ഷ്യമാക്കി കയറുകയായിരുന്നു ആ കുറിയ മനുഷ്യന്. ഒന്നിനു പിറകെ മറ്റൊന്നായി അഞ്ച് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് കയറുന്നു. ഒടുവില്‍ അവസാന കാവല്‍ ഭടനായ ഇംഗ്ലണ്ടിന്റെ ഗോള്‍ വലയം കാക്കുകയായിരുന്ന ആറടി പൊക്കമുള്ള ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷെല്‍ട്ടനെയും കീഴടക്കിക്കൊണ്ട് പന്ത് നെറ്റില്‍. ഗോള്‍!
ഗാലറികള്‍ക്ക് മുമ്പിലെന്ന പോലെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുമ്പിലും ജനം ഇളകി മറിഞ്ഞു. അന്ന് അവിടെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു അര്‍ജന്റീന ക്യാപ്റ്റന്‍ കൂടി ആയിരുന്ന മറഡോണയുടെ ആദ്യ ഗോള്‍. ഉയര്‍ന്നു വന്ന പന്ത് തട്ടിമാറ്റാന്‍ ഗോളി ഷെല്ട്ടന് ചാടി വരുന്നതിനിടയില്‍ മറഡോണ നടത്തിയ സ്കോറിങ് കൈകൊണ്ടായിരുന്നുവെന്നാണ് ആരോപി
ക്കപ്പെട്ടത്. അത് പക്ഷേ ദൈവത്തിന്റെ കൈ ആയിരുന്നുവെന്നാണ് ഫുട്ബോള്‍ ആരാധകര്‍ ദൈവമായി കണ്ടിരുന്ന മറഡോണയുടെ പ്രതികരണം. അത് തെളിയിക്കും വിധമായിരുന്നു മിനുട്ടുകള്‍ക്കകം ആറുപേരെ സ്വന്തമായി കീഴടക്കി മറഡോണ അന്ന് നേടിയ രണ്ടാം ഗോള്‍.
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനരികെ വില്ലാഫിയോ… എന്ന നാമത്തില്‍ ദരിദ്രകുടുംബത്തിലായിരുന്നു 1960ല്‍ മറഡോണയുടെ ജനനം. എട്ട് മക്കളില്‍ അഞ്ചാമനായി പിറന്ന ആ ബാലനേയും കൊണ്ട് പള്ളിയില്‍ മാമോദിസയ്ക്ക് പോയ മാതാവ് ദല്മസാവദോര് അവനെ ഒരു നല്ല കളിക്കാരനായി വളര്‍ത്തണമെന്നു പ്രാര്‍ത്ഥിച്ചു കാണും. വാങ്ങിക്കൊടുത്ത പന്ത് ഉദരത്തോട് അടുപ്പിച്ച് വച്ചായിരുന്നു ആ കൊച്ചു കുട്ടിയുടെ ഉറക്കം തന്നെ.
15 വയസ്സ് തികയും മുമ്പ് ബൊക്കോ ജൂനിയേഴ്സ് ടീമില്‍ സ്ഥാനം നേടി. 16-ാം വയസ്സില്‍ ഹംഗറിക്കെതിരെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം. രണ്ട് വര്‍ഷം കഴിഞ്ഞ് യൂത്ത് ടീമില്‍ അംഗമായതോടെ ജൂനിയര്‍ ലോകകപ്പ് നേടാന്‍ അവരെ അര്‍ഹരാക്കി. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നൂറില്‍പരം മത്സരങ്ങളില്‍ അവരുടെ കളിക്കുപ്പായമണിഞ്ഞ് ഗോളുകള്‍ അടിച്ച ആ ഇടങ്കാലടിക്കാരന്റെ വൈഭവം കണ്ട അര്‍ജന്റീന 1986ലെ ലോകകപ്പില്‍ മെക്സിക്കോയിലേക്ക് ചെന്നത് ഈ സ്ട്രൈക്കറുടെ നായകത്വത്തിലായിരുന്നു.
ഇറ്റലിയില്‍ നെപ്പോളി ക്ലബ്ബിനെ ഒരു ശക്തിയാക്കി മാറ്റിയ മറഡോണയെ സ്പാനിഷ് ക്ലബായ ബാഴ്സലോണ ഏഴര ദശലക്ഷം ഡോളറിന്റെ റെക്കാര്‍ഡ് വില നല്കി ഒപ്പം കൂട്ടി. അവര്‍ക്ക് പല നേട്ടങ്ങളും കരസ്ഥമാക്കി കൊടുക്കുന്നതിനിടയില്‍ നാല് ലോകകപ്പുകളിലടക്കം 91 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 16 തവണ രാജ്യത്തിന്റെ ക്യാപ്റ്റനുമായി. 1986 ല്‍ അര്‍ജന്റീന ലോകകപ്പ് വീണ്ടെടുത്തപ്പോള്‍ അഞ്ചു ഗോളുകളുടെ നേട്ടം മറഡോണയെ സ്വര്‍ണ ബൂട്ടിന് ഉടമയാക്കി.
അതിനിടയില്‍ ഉത്തേജകമരുന്നിന് അടിമയായ ഇദ്ദേഹം പതിനഞ്ച് മാസത്തെ സസ്പെഷന് വിധേയനായി. തിരിച്ചുവന്നെങ്കിലും ഒരിക്കല്‍ കൂടി ആ കെണിയില്‍ പെട്ടു. ഒടുവില്‍ അതില്‍ നിന്നെല്ലാം മോചനം നേടി അര്‍ജന്റീനയുടെ പരിശീലകനായി എത്തി. ലയണല്‍ മെസിയെ പോലുള്ള പ്രശസ്ത താരങ്ങള്‍ ഉള്‍പ്പെട്ട ടീമിന്റെ കോച്ചായി. 24 മത്സരങ്ങളില്‍ അവരുടെ പരിശീലകനായിരുന്നു.
ഇന്ത്യയില്‍ കളിക്കാന്‍ വന്നിരുന്നില്ലെങ്കിലും ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായി മറഡോണ കേരളത്തിലും എത്തിയിരുന്നു. കേരളീയ വേഷം ധരിച്ച് കണ്ണൂരില്‍ സ്റ്റേഡിയം ആകൃതിയില്‍ രൂപപ്പെടുത്തിയ ജന്മദിന കേക്ക് മുറിക്കാനും നമ്മുടെ ഐ.എം. വിജയനോടൊപ്പം പന്ത് ഹെഡ് ചെയ്ത് കളിക്കാനും സമയം കണ്ട മറഡോണ സൗകര്യപ്പെട്ടാല്‍ താന്‍ ഇനിയും ഈ മനോഹര തീരത്തേക്ക് വരുമെന്ന് പറഞ്ഞാണ് തിരിച്ചുപോയത്.
എന്നാല്‍ സസ്പെന്ഷന് കുരുക്കില്‍ പെട്ട് ഒരു വിടവാങ്ങല്‍ മത്സരത്തിന് പോലും അവസരം ലഭിക്കാതെ കളി അവസാനിപ്പിക്കേണ്ടിവന്നു. ഈ ഫുട്ബോള്‍ ഇതിഹാസം 60-ാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്കകം കളികളില്ലാത്ത ലോകത്തേക്ക് പോവുകയായിരുന്നു.
അബു
(പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: