പത്രങ്ങള്‍ക്കും പത്രാധിപന്മാര്ക്കും എതിരെ മാനനഷ്ടക്കേസുകള്‍ സ്വാഭാവികം. തൊഴില്‍പരമായ ഒരു അനിവാര്യതയാണത്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രാത സ്മരണീയന്‍, പത്രാധിപന്മാരുടെ ഗുരുവായി അറിയപ്പെട്ടിരുന്ന ‘ഫ്രീ പ്രസ്സ് ജേര്‍ണല്‍’ സ്ഥാപക പത്രാധിപര്‍ സ്വാമിനാഥന് സദാനന്ദ് തന്റെ ശമ്പളം മുഴുവന്‍ ചെലവഴിച്ചിരുന്നത് തനിക്കെതിരെയും പത്രത്തിനെതിരെയും ഉള്ള അപകീര്‍ത്തി കേസുകള്‍ നടത്താനായിരുന്നത്രെ. സ്ഥാപിത താല്പര്യങ്ങള് ഉള്ളവരുടെ സമ്മര്‍ദ്ദ തന്ത്രത്തിന്റെയും ഭീഷണിയുടെയും ഭാഗമാണ് ഇത്തരം കേസുകളില്‍ മിക്കവയും. അപൂര്‍വം ചില പത്രാധിപന്മാരും പത്രം ഉടമകളും ഈ ഓലപ്പാമ്പുകള്‍ കണ്ട് ഭയന്നെന്ന് വരും. പ്രതിബദ്ധത ഉള്ളവരാവട്ടെ ‘സാര്‍ത്ഥവാഹക സംഘത്തെ നോക്കി ശുനകന്മാര് കുരയ്ക്കുന്നതായി’ മാത്രമേ അവയെ പരിഗണിക്കാറുള്ളൂ. പക്ഷെ അങ്ങനെ സധൈര്യം ഉറച്ചു നില്‍ക്കുന്നതിന് പത്രാധിപസമിതിയും പത്രം ഉടമയും യോജിച്ചു തീരുമാനിക്കേണ്ടതുണ്ട്. ചില മാധ്യസ്ഥാപനങ്ങളില്‍ അത് എല്ലായ്പ്പോഴും നടന്നെന്ന് വരില്ല. പ്രാത്യേകിച്ച്, പത്രാധിപരുടെ പ്രാധാന്യം അംഗീകരിക്കപ്പെടാതെ പോവുന്ന സമകാലിക മാധ്യമ കാലവസ്ഥയില്‍.
ഇന്നിവിടെ ഈ വിഷയം പരാമര്‍ശിക്കാന്‍ പ്രേരകമായത് ഒരു പത്രത്തിനെതിരെ ഒരു വ്യക്തി നല്കിയ മാനനഷ്ടക്കേസ് തള്ളിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ്. ഒരു പത്രത്തിനെതിരെയുള്ള അപകീര്‍ത്തി അന്യായം കോടതി തള്ളുന്നതിന് മറ്റ് പത്രങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം നല്‍കുക പതിവില്ല. എന്നാല്‍ ‘ജന്മഭൂമി’ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആദം മുല്‍സി നല്കിയ മാനനഷ്ടക്കേസ് തള്ളിക്കൊണ്ടുള്ള കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി.സോമരാജന്റെ വിധി ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്’, ‘ടൈംസ് ഓഫ് ഇന്ത്യ’ തുടങ്ങിയ ദേശീയ പത്രങ്ങള്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതിന് പ്രേരിപ്പിച്ചത് ആ വിധിയുടെ സവിശേഷമായ കാലിക പ്രസക്തിയും പ്രാധാന്യവുമാണ്.
അധികാരത്തില്‍ തുടരാന്‍ ഇനി ആറ് മാസം പോലും അവശേഷിക്കാതിരിക്കെ, മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാന്‍ വേണ്ടി, അടിയന്തര പ്രാധാന്യം നല്കി ധൃതി പിടിച്ച് പിണറായി സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും, പുറപ്പെടുവിച്ചതിന്റെ ഇരട്ടി വേഗത്തില്‍ പിന്‍വലിക്കുകയും ചെയ്ത കേരള പോലീസ്ആക്ട് ‘118 എ’ ഓര്‍ഡിനന്‍സ് ആണ് ജസ്റ്റിസ് സോമരാജന്റെ വിധിയെ സമകാലികമെന്നതിനുപരി സര്വ്വകാലപ്രസക്തമാക്കുന്നത്. മാധ്യമ മാരണ നിയമത്തിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തും വിവാദം കത്തി നില്‍ക്കവേയാണ്, അപകീര്‍ത്തി കേസ് തള്ളിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധി വരുന്നത്. തന്റെ മന്ത്രിസഭയുടെ മാധ്യമ മാരണ നിയമത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും, മാധ്യമ ധര്‍മ്മം ഓര്‍മിപ്പിക്കുന്ന ജസ്റ്റിസ് സോമരാജന്റെ വിധി പ്രഖ്യാപനവും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരേ ദിവസം തന്നെ എന്നത് വിധിവൈപരീത്യമാവാം. മാപ്പിള ലഹളയ്ക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത കൂട്ടക്കൊലയായ മാറാടിന്റെ പിന്നിലെ അജ്ഞാത കാരണങ്ങളിലേക്കും അത് ആസൂത്രണം ചെയ്ത, ഇനിയും അനാവരണം ചെയ്യപ്പെടാത്ത വ്യക്തികളിലേക്കും ശക്തികളിലേക്കും വെളിച്ചം വീശുന്ന സമഗ്രമായ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് ജസ്റ്റിസ് സോമരാജന്റെ വിധി വാക്യങ്ങള്‍ വിരല്‍ ചൂണ്ടുന്നു. മാധ്യമ മാരണ ഓര്‍ഡിനന്‍സിന്റെയും മാറാടിന്റെയും പശ്ചാത്തലത്തില്‍ വേണം ശ്രദ്ധേയമായ ഈ വിധി മാധ്യമങ്ങളും പൊതു സമൂഹവും അതീവ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതും.
ഫലത്തില്‍, കേരള പോലീസ് ആക്ട് 118 എ ക്കെതിരെയുള്ള പരോക്ഷമായ ഹൈക്കോടതിയുടെ അഭിപ്രായ പ്രകടനം കൂടിയാണ് ‘ജന്മഭൂമി’ക്ക് അനുകൂലമായ വിധി. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നിരുന്നുവെങ്കില്‍, കോടതിയെ സമീപിക്കാതെ തന്നെ ‘ജന്മഭൂമി’ പത്രാധിപരേയും പ്രസാധകന്മാരെയും ലേഖകനെയും ജയിലിലടയ്ക്കാനും അവരില്‍ നിന്ന് പിഴ ഈടാക്കാനും ഏതൊരു പോലീസുകാരനും അധികാരം നല്‍കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ഭേദഗതി. ഉത്തരവാദപ്പെട്ട ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന് ഒരു വാര്‍ത്താചാനലില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തനിക്ക് അപകീര്‍ത്തികരമെന്ന് പരാതിപ്പെട്ടത്.
പിന്‍വലിക്കപ്പെട്ട പിണറായിയുടെ ഓര്‍ഡിനന്‍സ് പ്രകാരം, പരാതി കൂടാതെ തന്നെ പോലീസിന് പത്രത്തിന്റെ വാ മൂടിക്കെട്ടാം. ഹൈക്കോടതി വിധിയിലാവട്ടെ അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത് മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്യുക വഴി പത്രം അതിന്റെ മാധ്യമധര്‍മ്മം ഉയര്‍ത്തിപിടിച്ചു എന്നാണ്. മാത്രമല്ല മാറാട് കൂട്ടക്കൊലയുടെ പിന്നിലെ ഗൂഡാലോചനയുമായി ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണിന്റെ ദുരൂഹത നിറഞ്ഞ തിരോധനത്തെ കുറിച്ച് പോലീസ് അന്വേഷിക്കണം എന്നും വിധിയില്‍ അടിവരയിട്ട് പറയുന്നു. ഇക്കാര്യത്തില്‍ ‘പോലീസില്‍ നിന്നുള്ള അനാസ്ഥ രാഷ്ട്ര സുരക്ഷയുടെ പ്രശ്നമാണ്’ എന്നും ഹൈക്കോടതി വ്യക്തവും ശക്തവുമായ ഭാഷയില്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്നു.
മാറാട് സംഭവത്തിന് തൊട്ടു മുമ്പ് കോഴിക്കോട് തങ്ങിയിരുന്ന പാകിസ്ഥാന് പൗരന് മുഹമ്മദ് ഫഹദുമായി ബന്ധപ്പെടാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആദം മുല്‍സി ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന മൊബൈല്‍ ഫോണ്‍ ആണ് കടല്ക്കരയില് കാണാതായത്. മാറാട് കൂട്ടക്കൊലയുടെ ആസൂത്രണവുമായി ബന്ധപ്പെട്ട ഒത്തിരി വസ്തുതകള്‍ പുറത്ത് കൊണ്ട് വരാന്‍ സഹായകമായ ഈ മൊബൈല്‍ ഫോണ്‍, താന്‍ കോഴിക്കോട് കടലില്‍ കുളിച്ചുകൊണ്ടിരിക്കെ കൈമോശം വന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്വേഷണവേളയില്‍ അന്നത്തെ എസ്. പി, സി.എം. പ്രദീപ് കുമാറിനോട് പറഞ്ഞത്. ആ ഫോണ്‍ ഉപയോഗിച്ച് പിന്നീട് മറ്റാരെങ്കിലും പാക് പൗരനുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് മുല്സിയുടെ വിശദീകരണം. പ്രദീപ് കുമാര്‍ മാറാട് കൂട്ടക്കൊല അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആദം മുല്‍സിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ ശ്രമിച്ചിരുന്നു എന്നും പ്രദീപ് കുമാര്‍, ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്ത, ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
ആ വാര്‍ത്ത പ്രസിദ്ധീകരിച്ച മറ്റൊരു പത്രം ‘ദേശാഭിമാനി’യാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി സിപിഎം മുഖപത്രത്തിനെതിരെയും ഉണ്ടായിരുന്നു. പക്ഷെ ‘ദേശാഭിമാനി’ ക്ഷമാപണം പ്രസിദ്ധീകരിച്ച് പിന്‍വാങ്ങി എന്നതും ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. ഒപ്പം രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്ത ‘ജന്മഭൂമി’യെയും മൗലികമായ മാധ്യമധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച ജസ്റ്റിസ് സോമരാജനെയും ഹാര്‍ദ്ദമായി അഭിനന്ദിക്കട്ടെ.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: