പെരുങ്കടവിള: ഗ്രാമപഞ്ചായത്തുകളിലെ ശക്തമായ പോരാട്ടത്തിനു സമാനമായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലും വലിയ മുന്നേറ്റത്തിനുള്ള തയാറെടുപ്പിലാണ് എന്‍ഡിഎ. ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം മുറുകിയതോടെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരം ഉറപ്പായി.
മൂന്നു മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്ത് സജീവമായുണ്ട്. എല്‍ഡിഎഫും യുഡിഎഫും ബലപരീക്ഷണം നടത്തിയിരുന്ന പെരുങ്കടവിള ബ്ലോക്കില്‍ അമ്പൂരി, വെള്ളറട, കിളിയൂര്‍, പനച്ചമൂട്, കുന്നത്തുകാല്‍, പാലിയോട്, ആര്യങ്കോട്, ചെമ്പൂര്, കൊല്ലയില്‍, മഞ്ചവിളാകം, ഒറ്റശേഖരമംഗലം, വാഴിച്ചല്‍, പെരുങ്കടവിള, കള്ളിക്കാട് തുടങ്ങിയ ഡിവിഷനുകളിലാണ് മത്സരം നടക്കുന്നത്. പതിനാലു ഡിവിഷനുകളില്‍ പന്ത്രണ്ടിടത്തും ബിജെപി സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. രണ്ടിടത്ത് എന്‍ഡിഎ ഘടകകക്ഷികളായ കെകെസിയും ബിഡിജെഎസും മത്സരിക്കുന്നു.
പാറശ്ശാല നിയോജക മണ്ഡലം കേന്ദ്രീകരിച്ചുള്ള എട്ട് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പെരുങ്കടവിള ബ്ലോക്ക്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബ്ലോക്കില്‍ ഇരുമുന്നണികള്‍ക്കും സമനിലയായിരുന്നു. 2010ലെ കക്ഷിനില എല്‍ഡിഎഫ് 7, യുഡിഎഫ് 7. 2015 ആയപ്പോഴേക്കും എല്‍ഡിഎഫ് 7, യുഡിഎഫ് 6, യുഡിഎഫ് സ്വതന്ത്രന് 1 എന്നിങ്ങനെയായിരുന്നു. പെരുങ്കടവിള ബ്ലോക്ക് ഭരണം നറുക്കെടുപ്പിലൂടെ രണ്ട് തവണയും എല്‍ഡിഎഫിനു ലഭിച്ചു. പെരുങ്കടവിള ബ്ലോക്കിലെ ഇടതുവലതു കുത്തക തകര്‍ക്കാനുറച്ച് എല്ലാ ഡിവിഷനുകളിലും ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിവരുന്നത്. അമ്പൂരി, വെള്ളറട, കുന്നത്തുകാല്‍, ആര്യങ്കോട്, കൊല്ലയില്‍, ഒറ്റശേഖരമംഗലം, പെരുങ്കടവിള, കള്ളിക്കാട് എന്നീ പെരുങ്കടവിള ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലും ത്രികോണ മത്സരമാണ് നടക്കുന്നത്.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ബിജെപി പാറശ്ശാല നിയോജക മണ്ഡലം കമ്മറ്റി ഉന്നയിക്കുന്നത്. പകല്‍ വീടുകള്‍ നിര്‍മിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആറ് പഞ്ചായത്തുകളില്‍ പകല്‍ വീട് നിര്‍മിച്ചുവെങ്കിലും എത്ര പേര്‍ക്ക് അത് ഉപയോഗപ്രദമായി എന്നു വ്യക്തമാക്കണം. പൂട്ടിക്കിടക്കുന്ന പകല്‍ വീടുകള്‍ നിര്‍മിച്ചതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. ഭവനരഹിതരായവര്ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പ്രധാനമന്ത്രി ആവാസ് യോജന കൃത്യമായി നടപ്പിലാക്കിയിട്ടില്ല.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഭവനരഹിതരായ എത്ര പേര് ഉണ്ടെന്ന കണക്ക് പുറത്തുവിടണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അലംഭാവം. നൂറ് ശതമാനം പദ്ധതി വിഹിതം നടപ്പിലാക്കിയെന്ന് അവകാശപ്പെടുമ്പോഴും പല പദ്ധതികളും ഫണ്ട് വിനിയോഗം മാത്രമായി ഒതുക്കുകയാണ്. സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി നടപ്പിലാക്കാനാകുന്നില്ല. കുടിള്ളെ പദ്ധതികള്‍ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നില്ല. ഗ്രാമീണ റോഡുകളുടെ അവസ്ഥ ശോചനീയമാണ്. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ശോചനീയം. താല്‍ക്കാലിക നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി മാത്രം. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിലും ക്രമക്കേട് നടന്നതായി വ്യാപക ആരോപണമുണ്ടെന്നു ബിജെപി പാറശ്ശാല നിയോജക മണ്ഡലം കമ്മറ്റി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: